ഓര്‍മ്മിക്കാന്‍ ഒത്തിരി അനുഭവങ്ങള്‍ ബാക്കിയാക്കി മാക്സി മാമാ യാത്രയായി.

ഓര്‍മ്മിക്കാന്‍ ഒത്തിരി അനുഭവങ്ങള്‍ ബാക്കിയാക്കി മാക്സി മാമാ യാത്രയായി.

വ്യത്യസ്ത പ്രതിഷേധങ്ങളിലൂടെ ശ്രദ്ധേയനായ കൊല്ലം സ്വദേശി യഹിയയാണ് പ്രതിഷേധങ്ങള്‍ അവസാനിപ്പിച്ച്‌ മരണത്തിന് കീഴടങ്ങിത്. മാക്സി മാമാ എന്നായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്. കടയ്‌ക്കല്‍ കുമ്മിള്‍ മുക്കുന്നം ആര്‍.എം.എസ്‌.തട്ടുകട ഉടമ കൂടി ആയിരുന്നു മാക്സി മാമാ. ജീവിതം സമരമാക്കിയ അപൂര്‍വ്വ വ്യക്തിയാണ് കൊല്ലം കടയ്ക്കലിലെ മുക്കുന്നം സ്വദേശി യഹിയ. ലുങ്കി മടക്കിക്കുത്തിയത് അഴിച്ചിടാത്തതിനെ തുടര്‍ന്ന് പൊലീസ് മുഖത്ത് അടിച്ചതില്‍ നൈറ്റി ധരിച്ച്‌ പ്രതിഷേധിച്ചയാളാണ് യഹിയ. മരണം വരെയും നൈറ്റി മാത്രമാണ് യഹിയ ധരിച്ചത്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയില്‍ ആയിരുന്നു യഹിയ. 70 വയസായിരുന്നു അദ്ദേഹത്തിന്.

നീണ്ടനാളത്തെ പ്രവാസജീവിതത്തിന്‌ ശേഷം നാട്ടില്‍ തിരിച്ചെത്തിയ യഹിയ ചായക്കട നടത്തുന്നതിനിടെയാണ്‌ പോലീസുകാരുമായി തര്‍ക്കമുണ്ടായത്‌. ലുങ്കിയുടെ മടക്കിക്കുത്ത് അഴിച്ച്‌ ബഹുമാനിച്ചില്ല എന്നതിന്റെ പേരില്‍ ദുരഭിമാനിയായ എസ്.ഐ. യഹിയയുടെ മുഖത്ത് ആഞ്ഞടിച്ചു. പിന്നീടങ്ങോട്ട് ഉണ്ടായത് തന്റെ വസ്ത്രത്തിലൂടെയുള്ള പ്രതിഷേധമായിരുന്നു. ഇനി ഒരുത്തനെയും ലുങ്കിയുടെ മടക്കിക്കുത്ത് അഴിച്ച്‌ ബഹുമാനിക്കില്ലെന്ന തീരുമാനത്തിലാണ് യഹിയ നൈറ്റി ധരിക്കാന്‍ തുടങ്ങിയത്. അപമാനിക്കപ്പെട്ട ആ നിമിഷം മുതല്‍ മരണം വരെ യഹിയയുടെ വേഷം നൈറ്റി ആയിരുന്നു. അംഗബലമില്ലാത്ത, പ്രസംഗവും പ്രകടനവും അറിയാത്ത ഒരു സാധാരണക്കാരന്റെ പ്രതിഷേധമായിരുന്നു നൈറ്റി വസ്ത്രമാക്കി യഹിയ നടത്തിയത്. നോട്ട്‌ നിരോധനത്തെത്തുടര്‍ന്ന്‌ ജീവിതം വഴിമുട്ടിയതില്‍ പ്രതിഷേധിച്ചു സമ്പാദ്യമായുണ്ടായിരുന്ന നോട്ടുകള്‍ ചായക്കടയിലെ അടുപ്പിലിട്ട്‌ കത്തിച്ചും പ്രതിഷേധമറിയിച്ചു. 23,000 രൂപയുടെ നോട്ടുകളാണ്‌ കത്തിച്ചത്‌. കൂടാതെ പകുതി മീശയും മുടിയുടെ പകുതിയും വടിച്ചുകളഞ്ഞും യഹിയ പ്രതിഷേധിച്ചു. ഈ പ്രതിഷേധം അന്തര്‍ദേശീയ തലത്തില്‍ ചര്‍ച്ചയാവുകയും ചെയ്‌തിരുന്നു.

യഹിയയുടെ ജീവിതം ആസ്‌പദമാക്കി അധ്യാപകനും മാധ്യമപ്രവര്‍ത്തകനുമായ സനു കുമ്മിള്‍ സംവിധാനം ചെയ്‌ത “ഒരു ചായക്കടക്കാരന്റെ മന്‍കി ബാത്‌” എന്ന ഡോക്യുമെന്ററി കേരള രാജ്യാന്തര ഡോക്യുമെന്ററി ഷോര്‍ട്ട്‌ ഫിലിം ഫെസ്‌റ്റിവലില്‍ മികച്ച ഹ്രസ്വ ഡോക്യുമെന്ററിക്കുള്ള അവാര്‍ഡ്‌ അടക്കം നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്‌. ജീവിതത്തിന് മാത്രമല്ലായിരുന്നു പ്രത്യേക യഹിയയുടെ തട്ടുകടയ്ക്കും പ്രത്യേകത ഉണ്ടായിരുന്നു. ഭക്ഷണം ബാക്കി വെച്ചാല്‍ ഫൈന്‍ ഈടാക്കും. ചിക്കന്‍ കറിയും പൊറോട്ടയും വാങ്ങുന്നവര്‍ക്ക് ദോശയും ചിക്കന്‍ ഫ്രൈയും ഫ്രീയായി നല്‍കും. പൊലീസുകാരന്റെ ധാര്‍ഷ്ട്യത്തിന് മുന്നില്‍ ജീവിതം പ്രതിഷേധമാക്കിയ യഹിയയുടെ അവസാന നാളുകള്‍ വളരെ കഷ്ടത നിറഞ്ഞതായിരുന്നു. മക്കളുടെ സംരക്ഷണം ലഭിക്കാതിരുന്ന ഇദ്ദേഹം കാര്യസ്ഥനായിരുന്ന വീടിന്റെ സിറ്റൗട്ടിലാണ് അവസാന നാളുകളില്‍ വരെ ജീവിച്ചത്. നാട്ടുകാര്‍ എത്തിച്ച്‌ നല്‍കിയിരുന്ന ഭക്ഷണമായിരുന്നു ഏക ആശ്രയം. പ്രതിഷേധത്തിന്റെ വ്യത്യസ്ത മുഖങ്ങള്‍ ആയിരുന്നു മാക്സി മാമായുടേത്. ‘ഇയാള്‍ക്കെന്താ വട്ടുണ്ടോ ?’ എന്ന് നാട്ടുകാരില്‍ പലരും കളിയാക്കിയപ്പോഴും അയാള്‍ സ്വന്തം നിലപാടില്‍ നിന്ന് ഒരു അടി പോലും പിന്നോട്ടു പോയില്ല. ഓര്‍മ്മിക്കാന്‍ ഒത്തിരി അനുഭവങ്ങള്‍ ബാക്കിയാക്കി മാക്സി മാമാ യാത്രയായിരിക്കുന്നു.

Photo Courtesy : Google/ images are subject to copyright 

കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൻറെ കാലത്ത്  എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും  വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona                  

           

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.