2021ലെ വിശ്വസുന്ദരിപട്ടം ഇന്ത്യൻ സുന്ദരി ഹര്‍നാസ് സന്ധുവിന്
പഞ്ചാബി നടിയും ഇന്ത്യൻ മോഡലുമായ ഹര്‍നാസ് സന്ധുവിന് 2021ലെ വിശ്വസുന്ദരിപ്പട്ടം. 21 വര്‍ഷത്തിനു ശേഷമാണ് ഇന്ത്യയ്ക്ക് വിശ്വസുന്ദരിപ്പട്ടം ലഭിക്കുന്നത്. എഴുപതാമത് മിസ് യൂണിവേഴ്സ് മത്സരത്തിലാണ് ഇന്ത്യയെ പ്രതിനിധീകരിച്ചായിരുന്നു ഹര്‍നാസ് സന്ധു മത്സരത്തിനായി ഇസ്രയേലിൽ എത്തിയത്. രണ്ടായിരത്തിൽ ലാറ ദത്ത വിശ്വസുന്ദരിപ്പട്ടം നേടിയതിനു ശേഷം ഇതാദ്യമായാണ് മിസ് യൂണിവേഴ്സ് പട്ടം ഇന്ത്യയ്ക്ക് ലഭിക്കുന്നത്. ദക്ഷിണാഫ്രിക്കയെയും പരാഗ്വേയേയും പിന്തള്ളിയാണ് 21കാരിയായ ഹര്‍നാസ് ഒന്നാം സ്ഥാനം നേടിയത്. പരാഗ്വേ മത്സരാർഥി നാദിയ ഫെറേര, ദക്ഷിണാഫ്രിക്കൻ സുന്ദരി ലലേല മസ്വേൻ എന്നിവർക്കാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍.കഴിഞ്ഞ വര്‍ഷത്തെ മിസ് യൂണിവേഴ്സ് മെക്സിക്കോ സുന്ദരി ആൻഡ്രിയ മെസയാണ് ഹര്‍നാസ് സന്ധുവിനെ കിരീടം അണിയിച്ചത്.
ഇസ്രയേലിലെ ഏലിയറ്റിൽ വെച്ചായിരുന്നു ഇത്തവണത്തെ വിശ്വസുന്ദരി മത്സരം നടത്തിയത്.
ഇന്നത്തെ യുവതികള്‍ നേരിടുന്ന സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാൻ എന്തു സന്ദേശമാണ് നല്‍കുന്നത് എന്നതായിരുന്നു അവസാന റൗണ്ടിൽ ഹര്‍നാസിനോട് ചോദിച്ച ചോദ്യം. “അവനവനെ തന്നെ വിശ്വസിക്കുക എന്നതാണ് ഇന്നത്തെ യുവാക്കള്‍ നേരിടുന്ന ഏറ്റവും വലിയ സമ്മര്‍ദ്ദം. നിങ്ങളെപ്പോലെ നിങ്ങള്‍ മാത്രമേയുള്ളൂ എന്നതാണ് നിങ്ങളുടെ സൗന്ദര്യം. അതുകൊണ്ട് നിങ്ങളെ മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നത് നിര്‍ത്തി ലോകത്തു നടക്കുന്ന മറ്റു പ്രധാനപ്പെട്ട കാര്യങ്ങളെപ്പറ്റി ചിന്തിക്കൂ. നിങ്ങള്‍ക്കു വേണ്ടി സംസാരിക്കൂ, കാരണം നിങ്ങളാണ് നിങ്ങളുടെ ജീവിതത്തിലെ നേതാവ്. നിങ്ങളുടെ ശബ്ദം നിങ്ങള്‍ തന്നെയാണ്. ഞാൻ എന്നിൽ തന്നെയാണ് വിശ്വസിച്ചത്. അതുകൊണ്ടാണ് ഇന്ന് ഞാൻ ഇവിടെ നിൽക്കുന്നത്.” ഹര്‍നാസ് മറുപടി നല്കി. ഈ മറുപടിയോടു കൂടിയാണ് ഹര്‍നാസ് മിസ് യൂണിവേഴ്സ് കിരീടത്തിലേക്ക് എത്തിയത്.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona