പന്നിയുടെ ഹൃദയം സ്വീകരിച്ച രോഗി മരിച്ചു
വൈദ്യശാസ്ത്രരംഗത്ത് ഏറെ പ്രതീക്ഷ പകര്ന്ന ഹൃദയമാറ്റ ശസ്ത്രക്രിയക്ക് വിധേയനായ രോഗി മരിച്ചു. ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയം സ്വീകരിച്ച ഡേവിഡ് ബെന്നറ്റ് (57) ആണ് വിടവാങ്ങിയത്. ഒരു വര്ഷം പ്രായമുള്ള, ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയമാണ് ബെന്നറ്റില് വെച്ചുപിടിപ്പിച്ചത്. ‘അവസാനം വരെ പോരാടിയ ധീരനായ രോഗിയായിരുന്നു അദ്ദേഹം. ധൈര്യവും സന്നദ്ധതയും കൊണ്ട് ബെന്നറ്റ് ലോകമെമ്പടുമുള്ള ദശലക്ഷക്കണക്കിന് ജനങ്ങൾക്കിടയില് പ്രസിദ്ധനായി” -ബെന്നറ്റിന്റെ വിയോഗം ആശുപത്രി ജീവനക്കാര്ക്ക് താങ്ങാവുന്നതിനപ്പുറമാണെന്ന് ശസ്ത്രക്രിയ നടത്തിയ സര്ജന് ഡോ. ബാര്ട്ട്ലി ഗ്രിഫിത്ത് പറഞ്ഞു.
ജനുവരി ആദ്യവാരമായിരുന്നു ശസ്ത്രക്രിയ. പുതിയ ഹൃദയവുമായി ഡേവിഡ് ബെന്നറ്റ് രണ്ട് മാസമാണ് ജീവിച്ചത്.ശസ്ത്രക്രിയ നടന്ന യു.എസിലെ മേരിലാന്ഡ് മെഡിക്കല് സെന്ററിലായിരുന്നു മരണം. ഡേവിഡ് ബെന്നറ്റിന്റെ ആരോഗ്യനില ഏറെ മോശമായതിനാല് മനുഷ്യഹൃദയം മാറ്റിവെക്കാനാവില്ലെന്ന് ഡോക്ടര്മാര് വിധിയെഴുതിയതിനെത്തുടര്ന്നാണ് ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയം വെച്ചുപിടിപ്പിക്കുക എന്ന പരീക്ഷണത്തിന് തയ്യാറായത്.ശസ്ത്രക്രിയക്ക് ശേഷം വെന്റിലേറ്റര് സഹായമില്ലാതെ ബെന്നറ്റ് സ്വന്തമായി ശ്വസിച്ചിരുന്നു. ഹൃദയസംബന്ധമായ ഗുരുതരരോഗങ്ങള് ചികിത്സിക്കുന്നതില് നിര്ണ്ണായകമായാണ് ഈ ശസ്ത്രക്രിയയെ വൈദ്യശാസ്ത്രലോകം നിരീക്ഷിച്ചത്.
‘മരിക്കുക അല്ലെങ്കില് ഈയൊരു അവയവമാറ്റത്തിന് തയാറാവുക, ഈ രണ്ട് സാഹചര്യങ്ങള് മാത്രമേ മുന്നിലുണ്ടായിരുന്നുള്ളു. ഇരുട്ടിലേക്ക് നോക്കിയുള്ള വെടിയാണ് ഇതെന്ന് എനിക്കറിയാം. എന്നാല്, ഇത് മാത്രമാണ് അവസാന പ്രതീക്ഷ’ – ശസ്ത്രക്രിയക്ക് മുൻപായി ഡേവിഡ് ബെന്നറ്റ് പറഞ്ഞിരുന്നു.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona

