വിശാല ഇടതുപക്ഷവിരുദ്ധ മുന്നണിയാണ് കെ.റെയില്‍ സമരത്തിന്റെ മറവില്‍ ലക്ഷ്യം- കോടിയേരി ബാലകൃഷ്ണന്‍
ചങ്ങനാശേരി കേന്ദ്രീകരിച്ച് വിശാല ഇടതുപക്ഷവിരുദ്ധ മുന്നണിയാണ് കെ റെയില്‍ സമരത്തിന്റെ മറവില്‍ ലക്ഷ്യമിടുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മാടപ്പള്ളിയിലെ സമരകേന്ദ്രത്തില്‍ കേന്ദ്രമന്ത്രിയും സാമുദായിക നേതാവും മതമേലധ്യക്ഷനുമൊക്കെ സന്ദര്‍ശിച്ചിട്ടുണ്ട്. വിമോചന സമരത്തിന്റെ കേന്ദ്രമായിരുന്നു ചങ്ങനാശേരി. 57–59 കാലമല്ല ഇതെന്ന് ഈ മുന്നണിക്കാര്‍ ഓര്‍ക്കണമെന്നും കോടിയേരി പറഞ്ഞു. സിപിഐ എം പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായി നായനാര്‍ അക്കാദമിയില്‍ ഓര്‍മമരം നട്ടശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ സമരം ചെയ്യുന്നവര്‍ രാഷ്ട്രീയം പറഞ്ഞാണ് സമരം ചെയ്യേണ്ടത്. അതിന് കെ റെയില്‍ മറയാക്കേണ്ട. ജനങ്ങളെ കൂടെ നിര്‍ത്തിയാണ് സര്‍ക്കാര്‍ പദ്ധതി നടപ്പാക്കുക. എട്ടുസംസ്ഥാനങ്ങളില്‍ റെയില്‍ പദ്ധതികള്‍ നടക്കുന്നുണ്ട്. ഇവിടെ മാത്രമാണ് കോണ്‍ഗ്രസും ബിജെപിയും സമരം നടത്തുന്നത്. മറ്റിടങ്ങളിലെന്താണ് കോണ്‍ഗ്രസ് സമരം നടത്താത്തത്. ഇവിടെ സമരക്കാര്‍ പിഴുതെറിഞ്ഞ കല്ലുകള്‍ ഭൂവുടമസ്ഥര്‍ തിരിച്ചുസ്ഥാപിക്കുന്ന കാഴ്ചയാണ്. അവര്‍ക്ക് നഷ്ടപരിഹാരം കൃത്യമായി കിട്ടുമെന്ന് അറിയുന്നതുകൊണ്ടാണിത്. സമരം സ്ഥലം നഷ്ടപ്പെടുന്നവരുടേതല്ല. കൃത്യമായ രാഷ്ട്രീയ സമരമാണിത്. കല്ലുകള്‍ പിഴുതെറിയുന്നതുകൊണ്ട് പദ്ധതി ഇല്ലാതാക്കാനാകില്ല. അങ്ങനെയെങ്കില്‍ തറക്കല്ല് പൊളിച്ചാല്‍ മതിയാകുമല്ലോ. യുഡിഎഫ് സര്‍ക്കാര്‍ ഇട്ട തറക്കല്ലുകളില്‍ എത്രയെണ്ണമാണ് പൊങ്ങിയത്. സിപിഐ എം 1040 വീടുകളാണ് നിര്‍മിച്ചുനല്‍കിയത്. ഒരു വീടെങ്കിലും നിര്‍മിച്ചുനല്‍കാന്‍ കോണ്‍ഗ്രസിനായോ. നാടുമുഴുവന്‍ കല്ല് പറിക്കുന്നവര്‍ക്ക് ഒരു വീടെങ്കിലും നിര്‍മിച്ചുനല്‍കിക്കൂടേയെന്നും കോടിയേരി ചോദിച്ചു. കൃത്യമായി ആസൂത്രണം ചെയ്താണ് കെ റെയില്‍ വിരുദ്ധ സമരം നടത്തുന്നത്. സമരകേന്ദ്രത്തില്‍ കുട്ടികളെയും സ്ത്രീകളെയും കൊണ്ടുവരുന്നത് എന്തിനാണ്. മണ്ണെണ്ണയൊഴിച്ച് കത്തിക്കാനായിരുന്നു നീക്കം. അവിടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ അതിക്രമം നടന്നുവെന്നാണ് പ്രചരണം. ജീവന്‍ രക്ഷിക്കാനുള്ള ഉത്തരവാദിത്തം പൊലീസിനില്ലേ. അതുകൊണ്ടാണ് അവരെ പൊലീസ് മാറ്റിയത്. കെ റെയിലിനു പകരം വിമാന സര്‍വീസ് തുടങ്ങുന്നതാണ് നല്ലതെന്ന് കെ സുധാകരന്‍ പറഞ്ഞത് ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ ശബരിമല വിമാനത്താവളത്തെ എതിര്‍ക്കുന്നവരല്ലേ ഇവരെന്നും കോടിയേരി ചോദിച്ചു.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona

