കേരളക്കരയിൽ നേപ്പാളി സ്വദേശികൾക്ക് മാംഗല്യം
പേരാവൂരിലാണ് ഈ കൗതുകം നിറഞ്ഞ നേപ്പാളി കല്യാണം നടന്നത്. വ്യാഴാഴ്ച പാതിരാത്രി മുതല്‍ വെള്ളിയാഴ്ച പുലര്‍കാലം വരെ ആരോരും അറിയാതെ ആണ് വിവാഹാഘോഷം നടന്നത്. ടൗണില്‍ ഗൂര്‍ഖയായി ജോലി ചെയ്യുന്ന നേപ്പാള്‍ സ്വദേശി ദേക് ബഹാദുര്‍ നഗറിയുടെയും ലക്ഷ്മി ദേവിയുടെയും മകള്‍ ജാനകിയും തിരുച്ചിയില്‍ താമസിക്കുന്ന നേപ്പാള്‍ സ്വദേശി ഗിരിയുടെയും മാന്‍സരയുടെയും മകന്‍ എഗിന്ദറും തമ്മിലുള്ള വിവാഹമാണ് നാട്ടുകാര്‍ക്ക് കൗതുകമായത്.
വ്യാഴാഴ്ച രാതി 12 മണിയോടെ വരന്റെ സംഘം എത്തിയപ്പോള്‍ ആണ് വിവാഹത്തെ കുറിച്ച് അയല്‍വാസികള്‍ പോലും അറിഞ്ഞത്. ചെന്നൈയില്‍ നിന്ന് ബസില്‍ വന്ന് ഇറങ്ങിയ വരനെ സുഹൃത്തുക്കള്‍ തോളില്‍ ഏറ്റിയാണ് വധൂഗൃഹത്തിലേക്ക് ആനയിച്ചത്. തലപ്പാവ് അണിഞ്ഞെത്തിയ വരനെ വധുവിന്റെ പിതാവ് നോട്ട് മാല അണിയിച്ചാണ് സ്വീകരിച്ചത്. വരന്റെ വീട്ടുകാരെ പൂമാലയും അണിയിച്ചു. മധുരവും സിഗരറ്റും നല്‍കിയായിരുന്നു ആഘോഷങ്ങള്‍ക്ക് തുടക്കം. വരന്റെയും വധുവിന്റെയും കാലുകള്‍ പാല് കൊണ്ട് കഴുകി. മാലകള്‍ പരസ്പരം അണിയിച്ചു. പുടവ കൊണ്ട് പരസ്പരം ബന്ധിച്ച ശേഷം കതിര്‍മണ്ഡപത്തെ 5 തവണ വലം വച്ച് മതാചാര പ്രകാരം ഉള്ള വിവാഹ ചടങ്ങുകള്‍ പൂര്‍ത്തി ആയപ്പോള്‍ വെള്ളിയാഴ്ച പുലര്‍ച്ചെ നാല് മണി കഴിഞ്ഞിരുന്നു. ദക്ഷിണ നല്‍കിയാണ് ബന്ധുക്കള്‍ അനുഗ്രഹിച്ചത്. കുങ്കുമം ചാര്‍ത്തിയും പൂക്കള്‍ വിതറിയും അനുഗ്രഹിച്ചു. ആട്ടവും പാട്ടുമായി വിവാഹം കെങ്കേമമാക്കി ബന്ധുക്കളും സുഹൃത്തുക്കളും. 22 വര്‍ഷമായി ബഹാദുര്‍ പേരാവൂരില്‍ ഗൂര്‍ഖ ആയി ജോലി ചെയ്തു വരുന്നു.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona

