അറഫാ സംഗമം ഇന്ന് നടക്കും, പ്രാര്‍ത്ഥനകളോടെ ഹാജിമാര്‍ പുണ്യനഗരിയില്‍
ഹജ്ജിലെ സുപ്രധാന ചടങ്ങായ അറഫാ സംഗമം ഇന്ന് നടക്കും. മസ്ജിദു നമിറയില്‍ നടക്കുന്ന പ്രഭാഷണത്തോടെയാണ് അറഫാ സംഗമത്തിന് തുടക്കമാവുക. 150ലേറെ രാജ്യങ്ങളെ പ്രതിനിധീകരിച്ച് 20 ലക്ഷത്തിലേറെ ഹാജിമാര്‍ അറഫയില്‍ സംഗമിക്കും. പ്രവാചകന്‍ മുഹമ്മദ് നബിയുടെ വിടവാങ്ങല്‍ പ്രഭാഷണം അനുസ്മരിച്ച് ഡോ. യൂസുഫ് ബിന്‍ മുഹമ്മദ് ബിന്‍ സഈദാണ് അറഫാ പ്രഭാഷണം നടത്തുക.
അറഫയിലെ നമിറാ മസ്ജിദില്‍ വെച്ചാകും ഇത്. നാല് ലക്ഷം ഹാജിമാര്‍ക്ക് പള്ളിയില്‍ സൗകര്യമുണ്ട്. ബാക്കിയുള്ള 16
ലക്ഷം പേര്‍ പള്ളിക്ക് പുറത്തുള്ള അറഫാ മൈതാനിയിലെ
വിവിധ ടെന്റുകളിലും, കാരുണ്യത്തിന്റെ പര്‍വതം എന്നര്‍ത്ഥമുള്ള ജബലു റഹ്‌മ കുന്നിന് താഴെയുമിരുന്ന് കേള്‍ക്കും.
മലയാളമടക്കം 20 ഭാഷകളിലേക്ക് പ്രഭാഷണം തല്‍സമയം വിവര്‍ത്തനം ചെയ്യും. 11,252 മലയാളി ഹാജിമാരടക്കം ഒന്നേമുക്കാല്‍ ലക്ഷം ഇന്ത്യന്‍ ഹാജിമാര്‍ അറഫയിലേക്ക് എത്തിക്കഴിഞ്ഞു.
സൂര്യാസ്തമയത്തിന് പിന്നാലെ ഹാജിമാര്‍ മുസ്ദലിഫയിലേക്ക് നീങ്ങും. ഇവിടെയാണ് ഇന്ന് രാത്രി കഴിയുക. ബാക്കി കര്‍മ്മങ്ങള്‍ നാളെ നടക്കും.
Photo Courtesy : Google/ images are subject to copyright

