ഉമ്മന്‍ചാണ്ടിയുടെ ഭൗതിക ശരീരം പുതുപ്പള്ളിയിലേക്ക് കൊണ്ടുപോകുന്നു, സംസ്‌കാരം രാത്രി ഏഴരയ്ക്ക്
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഭൗതിക ശരീരം കോട്ടയം തിരുനക്കര മൈതാനത്തെ പൊതുദര്‍ശനം അവസാനിപ്പിച്ച് പുതുപ്പള്ളിയിലേയ്ക്ക് കൊണ്ടുപോകുന്നു. വാഹനം കോട്ടയം ടൗണില്‍ നിന്ന് നീങ്ങി തുടങ്ങി. വന്‍ ജനപ്രവാഹമാണ് ഇപ്പോഴും തിരുനക്കര മൈതാനത്ത് അദ്ദേഹത്തെ ഒരു നോക്കുകാണുവാനായി കാത്തു നില്‍ക്കുന്നത്.
എന്നാല്‍ സംസ്‌ക്കാരത്തിന്റെ സമയക്രമീകരണം അനന്തമായി നീളുന്ന സാഹചര്യം ഉണ്ടാകുമോ എന്നുള്ള ആശങ്കയും, മഴ പെയ്യുവാനുള്ള പ്രതികൂല കാലാവസ്ഥ കണക്കിലെടുത്താണ്
വീണ്ടും പൊതുദര്‍ശനം നീട്ടാതെ പുതുപള്ളിയിലേക്ക് കൊണ്ടു പോകാനുള്ള തീരുമാനം. കുടുംബവീട്ടിലെ പൊതുദര്‍ശനവും സ്വന്തം വീടെന്ന സ്വപ്നവുമായി നിര്‍മ്മാണമാരംഭിച്ച വീടിന്റെ മുറ്റത്തെ ശുശ്രൂഷയും കഴിഞ്ഞാണ് പുതുപ്പള്ളി സെന്റ് ജോര്‍ജ് വലിയപള്ളിയില്‍ പ്രത്യേകം തയ്യാറാക്കിയ കല്ലറയില്‍ ഭൗതികദേഹം സംസ്‌കരിക്കുന്നത്.
തിരുവനന്തപുരം ജഗതിയിലുള്ള പുതുപ്പള്ളി ഹൗസില്‍ നിന്ന് ഇന്നലെ രാവിലെ ഏഴ് മണിയോടെ ആരംഭിച്ച വിലാപയാത്ര, ഇരുപത്തിരണ്ടര മണിക്കൂറോളം എടുത്താണ് കോട്ടയം ജില്ലയില്‍ എത്തിയത്. അര്‍ദ്ധരാത്രി കഴിഞ്ഞിട്ടും കത്തിച്ച മെഴുകുതിരിയുമായി വഴിയോരത്ത് ആയിരങ്ങളാണ് ജനനേതാവിനെ അവസാനമായി ഒരുനോക്കുകാണാന്‍ കാത്തുനിന്നത്. പുലര്‍ച്ചെയും ആള്‍ക്കൂട്ടത്തിന് യാതൊരു കുറവും വന്നില്ല.
മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ് തുടങ്ങിയ സിനിമാതാരങ്ങളും, മന്ത്രിമാര്‍, രാഷ്ട്രീയ രംഗത്തെ മറ്റു പ്രമുഖരടക്കം ലക്ഷക്കണക്കിന് ആളുകളാണ് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയത്. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസ് എന്നിവര്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തി.
Photo Courtesy : Google/ images are subject to copyright

