അഷ്ടമിരോഹിണി ദിനത്തിൽ ഗുരുവായൂരപ്പന് പൊന്നിൻകിരീടം സമർപ്പിക്കും
അഷ്ടമിരോഹിണി ദിനത്തില്‍ ഗുരുവായൂരപ്പന് പിറന്നാള്‍ സമ്മാനമായി പൊന്നിൻകിരീടം സമര്‍പ്പിക്കാനൊരുങ്ങി തൃശൂര്‍ സ്വദേശി കെ വി രാജേഷ് ആചാര്യ. കൈനൂര്‍ വേണുഗോപാലിന്റെയും ദേവകിയുടെയും മകനായ രാജേഷ് കോയമ്പത്തൂരിലാണ് താമസിക്കുന്നത്. ഗുരുവായൂരില്‍ അഷ്ടമിരോഹിണി ദിവസം ഭഗവാന് സമര്‍പ്പിക്കാനുള്ള പൊന്നിൻ കിരീടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. പിറന്നാള്‍ ദിവസമാണ് സ്വര്‍ണ്ണക്കിരീടം സമ്മാനിക്കുക. അഷ്ടമിരോഹിണി ദിവസം നിര്‍മ്മാല്യത്തിന് ശേഷം ഭഗവാനെ കിരീടം അണിയിക്കും. എട്ട് ഇഞ്ച് ഉയരവും, 38 പവൻ തൂക്കവുമുള്ള കിരീടമാണിത്. അഞ്ചു മാസം മുൻപാണ് കിരീടത്തിന്റെ പണികള്‍ ആരംഭിച്ചത്. മുത്തുകളോ കല്ലുകളോ കിരീടം നിര്‍മ്മിക്കാൻ ഉപയോഗിച്ചിട്ടില്ലെന്നതും മറ്റൊരു പ്രത്യേകതയാണ്. ചൊവ്വാഴ്ച വൈകിട്ട് ഗുരുവായൂരിലെത്തി തന്ത്രിക്ക് കിരീടം കൈമാറാനാണ് തീരുമാനം. നേരത്തെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ ഭാര്യ ദുര്‍ഗ 32 പവനുള്ള സ്വര്‍ണ്ണക്കിരീടം ഭഗവാന് സമര്‍പ്പിച്ചിരുന്നു. ചതയദിനത്തില്‍ ഭഗവാന് വഴിപാടായി 100 പവനോളം തൂക്കം വരുന്ന സ്വര്‍ണ്ണക്കിണ്ടി ലഭിച്ചിരുന്നു. ടിവിഎസ് ഗ്രൂപ്പിന്റെ വക വഴിപാടായാണ് സ്വര്‍ണ്ണക്കിണ്ടി സമര്‍പ്പിച്ചത്. ഇതിന് ഏകദേശം 49,50000 രൂപയാണ് വില. നാലാം ഓണ ദിനത്തില്‍ ഉച്ചപൂജയ്‌ക്ക് മുൻപായാണ് സമര്‍പ്പണം നടന്നത്.
Photo Courtesy : Google/ images are subject to copyright

