കേരളത്തിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത് നിപയുടെ ബംഗ്ലാദേശ് വകഭേദം; മന്ത്രി വീണാ ജോർജ്ജ്

കേരളത്തിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത് നിപയുടെ ബംഗ്ലാദേശ് വകഭേദം; മന്ത്രി വീണാ ജോർജ്ജ്

പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള സംഘം ഇന്ന് വൈകീട്ടോടെ കോഴിക്കോട് എത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് .നിപ പരിശോധിക്കുന്നതിനായി സംഘം പ്രത്യേക മൊബൈല്‍ ലാബ് സ്ഥാപിക്കും. കൂടാതെ വവ്വാല്‍ സര്‍വ്വേ നടത്തുമെന്നും മന്ത്രി നിയമസഭയില്‍ അറിയിച്ചു.

മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പടരുന്ന ബംഗ്ലാദേശ് വകഭേദമാണ് കേരളത്തില്‍ റിപ്പോർട്ട് ചെയ്തിട്ടുള്ളത് . രോഗത്തിന്റെ പകര്‍ച്ച നിരക്ക് വളരെ കുറവാണെങ്കിലും മരണനിരക്ക് കൂടുതലാണ്. പൂനെയിലെ എൻഐവിയില്‍ നിന്നുള്ള സംഘത്തിന് പുറമെ ചെന്നൈയില്‍ നിന്ന് ഒരു സംഘം എപ്പിഡെമിയോളജിസ്റ്റുകളും കേരളത്തില്‍ എത്തും. ഇവര്‍ വവ്വാല്‍ സര്‍വ്വേ നടത്തുമെന്നും മന്ത്രി അറിയിച്ചു.
നിപയെ തടയാൻ എല്ലാ മുന്നൊരുക്കപ്രവര്‍ത്തനങ്ങളും നടത്തിയിട്ടുണ്ട്. ആൻറി ബോഡി ലഭ്യമാക്കുന്നതിന് ഐസിഎംമാറുമായി ബന്ധപ്പെട്ടു.മരുന്ന് വിമാനമാര്‍ഗ്ഗം എത്തിക്കുമെന്നും മന്ത്രി പറഞ്ഞു.നിലവില്‍ 7 പേരാണ് ചികിത്സയിലുള്ളത്. മരിച്ച രണ്ട് പേരുടെ സമ്പര്‍ക്കപ്പട്ടികയില്‍ 168 പേരുണ്ട്. ആദ്യം മരിച്ചയാളുടെ സമ്പര്‍ക്കപ്പട്ടികയില്‍ 158 പേരാണ് ഉള്ളത്. ഇതില്‍ 127 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. ബാക്കി 31 പേര്‍ വീട്ടിലും പരിസരത്തും ഉള്ളവരാണ്. രണ്ടാമത്തെയാളുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള 10 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റുള്ളവരുടെ വിവരം ലഭ്യമാക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് ആരോഗ്യമന്ത്രി നേരത്തേ അറിയിച്ചിരുന്നു. കോഴിക്കോട് കണ്‍ട്രോള്‍ റൂമുകളുടെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. സമ്പര്‍ക്കപ്പട്ടികയിലുള്ളവരെ ഹൈ റിസ്‌ക്, ലോ റിസ്‌ക് ആയി തരംതിരിക്കും. നിപ സ്ഥിരീകരിച്ചവരുമായി അടുത്തിടപഴകിയിട്ടുള്ളവരെ കണ്ടെത്താന്‍ ഇവര്‍ ചികിത്സ തേടിയ ആശുപത്രികളിലെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കും. പൊലീസിന്റെ കൂടി സഹായം തേടും. നിപ ബാധിതരുടെ റൂട്ട് മാപ്പും പ്രസിദ്ധീകരിക്കും.

വനംവകുപ്പിന്റെയും മൃഗസംരക്ഷണവകുപ്പിന്റെയും നേതൃത്വത്തില്‍ വവ്വാലുകളുടെ ആവാസകേന്ദ്രം സംബന്ധിച്ച്‌ സര്‍വ്വേ നടത്തും. ഇതുസംബന്ധിച്ച വ്യക്തമായ നിര്‍ദേശങ്ങള്‍ ആരോഗ്യവകുപ്പും സര്‍ക്കാരും നല്‍കും. സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ രോഗലക്ഷണമുണ്ടെങ്കില്‍ കോള്‍ സെന്ററില്‍ ബന്ധപ്പെടണമെന്നും ആരും ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി അറിയിച്ചിരുന്നു.

അതേസമയം രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ആയഞ്ചേരി, തിരുവള്ളൂര്‍, കുറ്റ്യാടി, കായക്കൊടി, കാവിലും പാറ, വില്ല്യപ്പള്ളി പഞ്ചായത്തുകളിലെ വാര്‍ഡുകള്‍ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ടയിൻമെൻ്റ് സോണായ പ്രദേശങ്ങളില്‍നിന്ന് അകത്തേക്കോ പുറത്തേക്കോ യാത്ര ചെയ്യാൻ അനുവദിക്കുകയില്ല. പ്രസ്തുത വാര്‍ഡുകളില്‍ കര്‍ശ്ശനമായ ബാരികേഡിംഗ് നടത്തുന്നുണ്ടെന്ന് പോലീസും തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറിമാരും ഉറപ്പുവരുത്തേണ്ടതാണ്. ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങളുടെ വില്‍പ്പന കേന്ദ്രങ്ങള്‍ മാത്രമെ ഈ പ്രദേശങ്ങളില്‍ അനുവദനീയമായിട്ടുള്ളു. ഇവയുടെ പ്രവര്‍ത്തന സമയം രാവിലെ ഏഴ് മണി മുതല്‍ വൈകുന്നേരം 5 മണി വരെ മാത്രമായി പരിമിതപ്പെടുത്തി. മരുന്ന് ഷോപ്പുകള്‍ക്കും മറ്റു ആരോഗ്യ കേന്ദ്രങ്ങള്‍ക്കും സമയപരിധിയില്ല
Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.