ബിജെപിയുടെ കരുത്തറ്റ നേതാവ് പിപി. മുകുന്ദൻ അന്തരിച്ചു

ബിജെപിയുടെ കരുത്തറ്റ നേതാവ്  പിപി. മുകുന്ദൻ അന്തരിച്ചു

ഒരു കാലത്ത് ബിജെപിയുടെ കരുത്തറ്റ മുഖമായിരുന്നു പിപി. മുകുന്ദൻ എന്ന മുകുന്ദേട്ടൻ വിടപറഞ്ഞു. എക്കാലത്തും ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ ഗുരുസ്ഥാനീയൻ. ചിലപ്പോള്‍ വടിയെടുക്കുന്ന കാരണവരുടെയും ശാസിക്കുന്ന രക്ഷകര്‍ത്താവിന്റെയും വേഷപ്പകര്‍ച്ചകളിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നു. കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഈറ്റില്ലമായ കണ്ണൂരില്‍ മണത്തണ നടുവില്‍ വീട്ടില്‍ കൃഷ്ണൻ നായരുടെയും കല്യാണിമ്മയുടെയും മകനായി ജനനം. വിദ്യാര്‍ത്ഥിയായി ഇരിക്കെ രാഷ്‌ട്രീയ സ്വയം സേവകസംഘത്തിന്റെ ഭാഗമായി സമാജപ്രവര്‍ത്തന മേഖലയിലേക്ക് കടന്നുവരവ്. സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ആര്‍എസ്‌എസിന്റെ മുഴുവൻ സമയപ്രവര്‍ത്തകനായ പ്രചാരകനായി മാറി. 1975-ല്‍ തൃശൂര്‍ ജില്ലാ പ്രചാരകനായിരിക്കേ അടിയന്തരാവസ്ഥയ്‌ക്കെതിരെ പ്രവര്‍ത്തിച്ചതിന് സികെ പത്മനാഭനൊപ്പം ജയിലടച്ചു. ആര്‍എസ്‌എസിന്റെ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിച്ച അദ്ദേഹത്തെ 1991-ല്‍ സംസ്ഥാന ബിജെപിയുടെ സംഘടന സെക്രട്ടറി ആയി നിയോഗിച്ചു. 2005 വരെ ആ പദവി അലങ്കരിച്ച അദ്ദേഹം 2007 വരെ ബിജെപിയുടെ ദക്ഷിണക്ഷേത്ര സെക്രട്ടറിയായി ചുമതല വഹിച്ചു. പിന്നീട് ദീര്‍ഘകാലം പൊതുപ്രവര്‍ത്തന രംഗത്ത് നിന്ന് വിശ്രമം.

കെ.കരുണാകരൻ, നായനാര്‍, പിണറായി വിജയൻ തുടങ്ങിയ മറ്റ് രാഷ്‌ട്രീയ പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്നവരുമായി പോലും വളരെ അടുത്ത ഹൃദയബന്ധം സൂക്ഷിച്ച നേതാവ് കൂടിയാണ് പിപി മുകുന്ദൻ. ചലച്ചിത്ര, സാമൂഹിക, വ്യവസായിക മേഖലകളിലെ പ്രമുഖരുമായും എന്നും അടുത്ത സൗഹൃദം. ബിജെപിയുടെ ദേശീയ അദ്ധ്യക്ഷനായിരുന്ന മുരളി മനോഹര്‍ ജോഷി നയിച്ച ഏകതാ യാത്രയുടെ കേരളത്തിലെ സംഘാടകനായിരുന്നു അദ്ദേഹം. യാത്രയുടെ ദേശീയ സംഘാടകനായിരുന്ന നരേന്ദ്രമോദിയുമായി അങ്ങനെ ഒന്നിച്ച്‌ പ്രവര്‍ത്തിച്ചു. വാര്‍ദ്ധക്യ സഹജമായ ആരോഗ്യ പ്രശ്‌നങ്ങളാല്‍ ദീര്‍ഘനാളായി വിശ്രമജീവിതത്തിലായിരുന്നുവെങ്കിലും ബിജെപി നേതൃത്വവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. പിപി മുകുന്ദൻ ഓര്‍മ്മയാകുന്നതോടെ കേരളത്തിലെ ബിജെപിയുടെ ഒരു യുഗമാണ് അവസാനിക്കുന്നത്.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.