സ്തനാർബുദവും ഓങ്കോപ്ലാസ്റ്റിയും; ഒരു വിശകലനം ഡോ. തോമസ് വർഗ്ഗീസ്, സെൻറ് ജോസഫ്സ് ക്യാൻസർ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റർ

സ്തനാർബുദവും ഓങ്കോപ്ലാസ്റ്റിയും; ഒരു വിശകലനം ഡോ. തോമസ് വർഗ്ഗീസ്, സെൻറ് ജോസഫ്സ്  ക്യാൻസർ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റർ

സർജിക്കൽ ഓങ്കോളജി വിദഗ്ദ്ധൻ, മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ എംസിഎച്ച് അധ്യാപകൻ, ഓങ്കോളജിയിൽ MS, FICS (Oncology), FACS യോഗ്യതയുള്ള റീകൺസ്ട്രക്റ്റീവ് സർജൻ, സെൻറ് ജോസഫ്സ് ക്യാൻസർ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിൽ മെഡിക്കൽ ഡയറക്ടറും ക്യാൻസർ വിഭാഗം മേധാവിയുമാണ് ഡോ. തോമസ് വർഗ്ഗീസ്. ഈ ലേഖനത്തിലൂടെ അദ്ദേഹം സ്തനാർബുദം ഉയർത്തുന്ന വെല്ലുവിളികളേയും സാമൂഹിക തെറ്റിദ്ധാരണകളേയും തുറന്നുകാണിക്കുന്നതിനോടൊപ്പം രോഗനിർണ്ണയത്തെത്തുടർന്നുള്ള മാനസികാഘാതത്തെക്കുറിച്ചും വിശദമാക്കുന്നു.
ഈ ലോകത്ത് അഞ്ചു സ്ത്രീകളിൽ ഒരാൾക്ക് സ്തനാർബുദം കാണപ്പെടുന്നുവെന്നതാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ സൂചിപ്പിക്കുന്നത്. പാശ്ചാത്യരാജ്യങ്ങളിലെ രോഗബാധിതരുടെ എണ്ണം ഇത് ശരിയാണെന്ന് തെളിയിക്കുന്നു. പാശ്ചാത്യരുടെ ജീവിതശൈലിയാണ് ഇതിന്റെ പ്രധാനകാരണങ്ങളിലൊന്ന്. ഈ ശൈലി ജീവിതത്തിലേക്ക് പകർത്തുന്നതിലൂടെ മൂന്നാം ലോകരാജ്യങ്ങളിലേക്കും രോഗവ്യാപ്തിയുണ്ടാകുന്നു. പ്രത്യേകിച്ചും യവ്വനപ്രായക്കാരിൽപ്പോലും സ്തനാർബുദത്തിന്റെ വർദ്ധനവ് കാണിക്കുന്നു.
സ്തനാർബുദം പല ഘടകങ്ങളാൽ സങ്കീർണ്ണമാണ്. കഴിഞ്ഞ 30 വർഷങ്ങളായി മറ്റു രോഗങ്ങളെപ്പോലെ ക്യാൻസർ ബാധയും സർവ്വസാധാരണമാകാൻ കാരണം ഭക്ഷണക്രമത്തിലുള്ള മാറ്റങ്ങൾ, ദാരിദ്ര്യാവസ്ഥ , ഇൻഷുറൻസ് കവറേജിന്റെ അഭാവം മൂലം കൃത്യമായ ചികിത്സ ലഭ്യമാകാതിരിക്കുക, ആരംഭഘട്ടത്തിൽ രോഗനിർണ്ണയം നടത്താതിരിക്കുക മൂലം രോഗത്തിന്റെ മൂർദ്ധന്യാവസ്ഥയിലുള്ള തിരിച്ചറിയൽ എന്നിവയാണ്. കൂടാതെ പലതവണ ഓങ്കോളജിസ്റ്റുകളല്ലാത്ത ചികിത്സകരുടെ പ്രാഗൽഭ്യമല്ലാത്ത ചികിത്സയും ക്യാൻസർ രോഗികളെ വിചിത്രമായ അന്തിമഫലങ്ങളിൽ എത്തിക്കുന്നു. ഇക്കാലത്ത് കൃത്യമായ രോഗനിർണ്ണയസൗകര്യങ്ങളും ചികിത്സാരീതികളും, പ്രത്യേകിച്ച് ശസ്ത്രക്രിയ, മെഡിക്കൽ, ഇമ്മ്യൂൺ-ഓങ്കോളജി എന്നിവ വളരെയധികം പുരോഗമിച്ചിട്ടുണ്ട്. എന്നിരുന്നാലും, രോഗശതമാനം കുറയാത്തതും അത് 50% ത്തിൽ കൂടുതൽ തുടരുന്നതും വളരെ സങ്കടകരമാണ്. മാത്രമല്ല മരണനിരക്കും ഏകദേശം 50 ശതമാനത്തോളമാണ്.
മേൽ സൂചിപ്പിച്ച ഘടകങ്ങൾ ഒഴികെ അത്തരം വൈകിയുള്ള ചികിത്സയുടെ പ്രേരകശക്തി എന്താണ് എന്ന ഈ ചോദ്യം സ്തനാർബുദ ബാധിതരോട് ചോദിക്കുമ്പോൾ, ഇന്നത്തെ തലമുറയിലെ 99% സ്ത്രീകൾക്കും ഒരേയൊരു ഉത്തരം മാത്രമേ പറയാനുണ്ടാകുകയുള്ളു. “സ്തനം നഷ്ടപ്പെടുമോ എന്ന ഭയം”. സ്തനാർബുദം ഭേദമാക്കാൻ സ്തനങ്ങൾ മുറിക്കേണ്ടതുണ്ടെന്ന ഈ ഭയം വളരെ വ്യാപകമാണ്. ഈ വിഷയത്തിൽ സാധാരണ സ്ത്രീകളായാലും വിദ്യാസമ്പന്നരായാലും അവരുടെ മനസ്സിൽ തെറ്റായ ധാരണകൾ പതിഞ്ഞിട്ടുണ്ട്. അതിനാൽ പല സ്ത്രീകളും പാശ്ചാത്യരിൽ നിന്ന് വ്യത്യസ്തമായി ക്യാൻസർ ആദ്യഘട്ടത്തിൽ കണ്ടെത്തുന്നതിനുള്ള ഒരു സ്ക്രീനിംഗ് പ്രോഗ്രാമിന് വിധേയരാകുന്നത് പോലും ഒഴിവാക്കുന്നു. പല അവസരങ്ങളിലും, ഓങ്കോളജിസ്റ്റുകൾ അല്ലാത്തവരും, വ്യാജന്മാരും ഈ മാനസീകാവസ്ഥ ചൂഷണം ചെയ്യുകയും അശാസ്ത്രീയമായ ചികിത്സകൾ നൽകി ചികിത്സിച്ച് ഭേദമാക്കാൻ കഴിയാത്ത അവസ്ഥയിലേക്ക് രോഗികളെ തള്ളിവിടുകയും ചെയ്യുന്നു. വിദ്യാസമ്പന്നരായ സ്ത്രീകൾ പോലും ഈ രീതി പിന്തുടരുകയും ഒടുവിൽ ചികിത്സിക്കാവുന്ന അവസ്ഥയിൽ നിന്ന് സങ്കീർണ്ണാവസ്ഥയിലേക്ക് പോകുകയും ചെയ്യും. ആധുനിക അർബുദചികിത്സാ കേന്ദ്രങ്ങളിൽ അതിവിദഗ്ദ്ധരായ ചികിത്സകരുടെ ശ്രമഫലമായി മാസ്റ്റെക്ടമി എന്ന പേടിസ്വപ്നത്തിൽ നിന്ന് ബിസിടി(ബ്രെസ്റ്റ് കൺസർവേഷൻ തെറാപ്പി) എന്ന ആശയം വികസിക്കുകയും പ്രാവർത്തികമാകുകയും ചെയ്തു.
സ്തനാർബുദത്തിന്റെ വിഷയത്തിൽ സൗന്ദര്യസങ്കൽപ്പങ്ങളും ഒരു പ്രധാന ഘടകമാകയാൽ മികച്ചതും പുരോഗമനപരവുമായ ഒരു ചികിത്സാരീതി വികസിപ്പിച്ചെടുക്കുകയും അത് ഓങ്കോപ്ലാസ്റ്റിക് പ്രൊസീജിയറായി മാറുകയും ചെയ്തു. ഓങ്കോ എന്നാൽ ക്യാൻസർ, പ്ലാസ്റ്റി എന്നാൽ രൂപപ്പെടുത്തുക എന്നുമാണ്. ആകാരവടിവ്, ലൈംഗികാകർഷണം, മുലയൂട്ടൽ എന്നിവയ്ക്ക് പുറമേ ഒരു സ്ത്രീക്ക് ആത്മവിശ്വാസം പകരുന്നതുമായ കാരണങ്ങളാൽ സ്തനങ്ങൾ ഒരു പ്രധാന അവയവമായി പരിഗണിക്കപ്പെടുന്നു. ഇതൊക്കെയാണെങ്കിലും പ്രാഥമിക മുൻഗണന ക്യാൻസർ രോഗാവസ്ഥയ്ക്കാണെന്നും അതിന്റെ ചികിത്സയ്ക്കും ശസ്ത്രക്രിയയ്ക്കും ഓങ്കോളജിക്കൽ നടപടിക്രമങ്ങൾ സ്വീകാര്യമായിരിക്കണമെന്നതും പ്രധാനമാണ്.
ഓങ്കോപ്ലാസ്റ്റി ക്യാൻസർ സർജനോടുള്ള അഭ്യർത്ഥന എന്തെന്നാൽ, ഓങ്കോപ്ലാസ്റ്റിയിൽ മുൻകൂർ ആവശ്യമായ ഏതെങ്കിലും കോർണർ കട്ടിംഗ് ഉണ്ടാകരുത്. സ്തനാർബുദചികിത്സാ വിദഗ്ദ്ധനായ അൾട്രാ സോണോളജിസ്റ്റിന്റെ, ബ്രെസ്റ്റ് വോളിയം, ട്യൂമർ വോളിയം അനുപാതത്തിന്റെ പ്രാഥമിക വിലയിരുത്തലിനെ അടിസ്ഥാനമാക്കിയും കോർ ബയോപ്സി പ്രകാരം ട്യൂമർ ആക്രമണാത്മകതയെ അടിസ്ഥാനമാക്കിയും റിസക്ഷനുകൾ ആസൂത്രണം ചെയ്യുക. പത്തോളജിസ്റ്റിന്റെ ഫ്രോസൻ സെക്ഷൻ റിപ്പോർട്ടിൽ മുറിച്ചുമാറ്റപ്പെടുന്ന ഭാഗത്തിന്റെ എല്ലാ അരികുകളും രോഗരഹിതമാണെന്ന് ഉറപ്പിക്കുമ്പോൾ മാത്രമാണ് ഞങ്ങൾ പുനർരൂപീകരണം ആസൂത്രണം ചെയ്യുന്നത്.

Dr. Thomas Varghese St. Joseph's Hospital Manjummel
Dr. Thomas Varghese

ഈ നടപടിക്രമത്തിൽ യഥാർത്ഥ അവയവത്തിൽ നിന്നും പുനർരൂപീകരണം ചെയ്ത അവയവം വളരെയധികം വ്യത്യാസങ്ങളില്ലാതെ നിലനിർത്താനാകും. പ്രധാനപ്പെട്ട ക്യാൻസർ ചികിത്സാകേന്ദ്രങ്ങളിൽ ഓങ്കോപ്ലാസ്റ്റി സർജറി സാധാരണമായി മാറിയിട്ടുണ്ടെങ്കിലും, പ്രൈമറി ഫിസിഷ്യൻമാർ, ഗൈനക്കോളജിസ്റ്റുകൾ, മറ്റ് ശസ്ത്രക്രിയാ വിദഗ്ധർ തുടങ്ങിയ നോൺ-ഓങ്കോളജി വിദഗ്ധർ ചികിൽസിക്കുന്ന ഭൂരിഭാഗം രോഗികൾക്കും ആധുനീക ചികിത്സാരീതികളെക്കുറിച്ചുള്ള ബോധവൽക്കരണം നൽകണമെന്നില്ല. ഇത് രോഗിക്ക് മസ്ടെക്ടോമൈസ് ചെയ്യപ്പെട്ട പരന്ന മാറിടത്തിന് കാരണമാകാം. ആധുനീകപഠനങ്ങളനുസരിച്ച്, മറ്റ് സർജറികളേക്കാൾ ഓങ്കോപ്ലാസ്റ്റി സർജറികൾ എന്തുകൊണ്ടും മികച്ചതാണെന്ന് തെളിയിക്കുന്നു.
സ്തനാർബുദം ശരീരത്തെ മാത്രമല്ല മനസ്സിനെക്കൂടെയാണ് ബാധിക്കുന്നത്. അതുണ്ടാക്കുന്ന മാനസീകാഘാതവും ഉത്കണ്ഠയും വേദനയും സങ്കൽപ്പിക്കാവുന്നതിലും അപ്പുറമാണ്. സ്തനാർബുദ രോഗനിർണ്ണയമുള്ള ഒരു സ്ത്രീ സ്വയം ചോദിക്കുന്ന ആദ്യ ചോദ്യം “എന്തുകൊണ്ടാണ് ദൈവമേ, എനിക്ക് ഈ രോഗം നൽകിയത്? ഇതെന്റെ വിധിയോ അതോ കർമ്മഫലമോ ?” എന്നുള്ളതാണ്. ഇത് നിഷേധം, വിഷാദം, കോപം, അസുഖം വീണ്ടും വരുമോ എന്ന ഭയം എന്നിവയിലേക്കും ഇതിനെല്ലാറ്റിനുമൊടുവിൽ ശസ്ത്രക്രിയയിലൂടെ വികൃതമാക്കപ്പെട്ട ശാരീരികാവസ്ഥയെ നിർബന്ധപൂർവ്വം സ്വീകരിക്കേണ്ടി വരുന്ന അവസ്ഥയിലേക്കും നയിക്കും . ശസ്ത്രക്രിയക്ക് ശേഷം ഓങ്കോപ്ലാപ്ലാസ്റ്റി അല്ലാതെ വൈരൂപ്യം മറയ്ക്കുവാൻ പുറമെ ഉപയോഗിക്കുന്ന പാഡുകൾക്കൊരിക്കലും ബോഡി ഇമേജിനെ ബൂസ്റ്റ് ചെയ്യാൻ സാധിക്കില്ല. നഷ്ടപ്പെട്ട സ്തനത്തെച്ചൊല്ലിയുള്ള വിലാപം ഈ ആഘാതം കൂട്ടുന്നു.
ഇത്തരം ശസ്ത്രക്രിയ ചെയ്തിട്ടുള്ള സ്ത്രീകളിൽ ഭൂരിഭാഗവും പ്രത്യേകിച്ച് ചെറുപ്പക്കാർ, പ്രൊഫഷണൽ കരിയറിലേക്ക് പ്രവേശിച്ചിരിക്കാം, ചിലർ വിവാഹിതരാകാം, മറ്റുചിലർ അവിവാഹിതരായിരിക്കാം, എന്നാൽ ചിലർ തന്റെ കരിയറിനായി ഗർഭധാരണം മാറ്റിവച്ചിരിക്കുന്നവരുമായിരിക്കാം, കൂടാതെ ശരീരം വികലമാക്കുന്ന മാസ്റ്റെക്ടമി ചെയ്യുന്നത് രോഗിയുടെ മനോവീര്യം കൂടുതൽ കെടുത്താനിടയാക്കുന്നു. അതിനാൽ സ്തനങ്ങൾ സൗന്ദര്യത്തിന്റെയും ആകാരവടിവിന്റെയും സ്ത്രീത്വത്തിന്റെയും അടയാളമാണെന്ന വസ്തുത കണക്കിലെടുക്കുമ്പോൾ ഇത്തരക്കാർക്ക് ഓങ്കോപ്ലാസ്റ്റി തീർച്ചയായും ഒരു അനുഗ്രഹമായിരിക്കും. സാധാരണ രൂപത്തിലുള്ളതും സ്പർശനാനുഭവ്യവുമായ സ്തനങ്ങളാണ് ഓങ്കോപ്ലാസ്റ്റി വാഗ്ദാനം ചെയ്യുന്നത്. ഈ രീതി പല അവസരങ്ങളിലും മുലക്കണ്ണും ഏരിയോളയും സംരക്ഷിക്കുന്നത് പോലും സ്ത്രീയെ കൂടുതൽ ആത്മവിശ്വാസത്തോടെ തുടർചികിത്സകളിലേക്ക് പ്രവേശിക്കാൻ സഹായിക്കും.
സ്തനങ്ങളുടെ ഏതു ക്വാഡ്രന്റുകളിലും കാണപ്പെടുന്ന മുഴകൾക്കും ഓങ്കോപ്ലാസ്റ്റിക് ശസ്ത്രക്രിയയുടെ ഏറ്റവും മികച്ച ഓപ്ഷനുകളിലൊന്നായി പെർഫൊറേറ്റർ ആർട്ടറി അധിഷ്ഠിത ഫ്ലാപ്പിന്റെ ആവിർഭാവം ഉയർന്നുവന്നിട്ടുണ്ട്. പ്രത്യേകിച്ച് ലാറ്റിസിമസ് ഡോർസെ ഫ്ലാപ് എടുക്കുന്ന തോൾപ്പലകയുടെ കീഴ്ഭാഗം ട്രാൻസ്വേഴ്‌സസ് റെക്ടർസ് അബ്‌ഡൊമിനിസ് മയോക്യുട്ടെനിയസ് ഫ്ലാപ് എടുക്കുന്ന അടി വയറിന്റെ ഭാഗം, അല്ലെങ്കിൽ മൈക്രോവാസ്കുലർ ഫ്ലാപ്പിലെ ഗ്ലൂറ്റിയൽ പ്രദേശം എന്നിങ്ങനെയുള്ള ശരീരഭാഗങ്ങളിലെ ഫ്ലാപ്പുകൾ എടുത്തുകഴിഞ്ഞിട്ടുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പെർഫൊറേറ്റർ ആർട്ടറി അടിസ്ഥാനമാക്കിയുള്ള ലോക്കൽ ഫ്ലാപ്പിൽ ഒഴിവാക്കപ്പെടുന്നു.

Dr. Thomas Varghese St. Joseph's Hospital Manjummel
St. Joseph’s Hospital Manjummel

ലാറ്ററൽ ഇന്റർകോസ്റ്റൽ പെർഫൊറേറ്റർ ആർട്ടറി ഫ്ലാപ്പ് (LICAP), ആന്റീരിയർ ഇന്റർകോസ്റ്റൽ പെർഫൊറേറ്റർ ആർട്ടറി ഫ്ലാപ്പ് (AICAP), ഇവ രണ്ടിന്റെയും സംയോജനം (LICAP+AICAP), മിഡിൽ ഇന്റർകോസ്റ്റൽ പെർഫൊറേറ്റർ ആർട്ടറി ഫ്ലാപ്പ് (MICAP) , LICAP +AICAP) കോമ്പിനേഷൻ ഉടനടി പ്രശ്നപരിഹാരത്തിനുള്ള (MIBR) മാസ്റ്റെക്ടമിക്ക് പോലും ഉപയോഗിക്കാം. അതേസമയം, ലാറ്ററൽ, ഇൻഫീരിയർ അല്ലെങ്കിൽ സെൻട്രൽ ക്വാഡ്രന്റുകളിൽ സ്ഥിതിചെയ്യുന്ന മുഴകളുടെ ചികിത്സയ്ക്ക് പൊതുവെ ഫലപ്രദമായ ഫ്ലാപ്പാണ് LICAP ഫ്ലാപ്പ്.
ഈ നൂതന ആശയങ്ങൾ സ്തനാർബുദചികിത്സയ്ക്ക് പുതിയ വഴിത്തിരുവുണ്ടാക്കി. കൂടാതെ ഇത് സ്തനാർബുദമുള്ള സ്ത്രീകളിൽ ആത്മവിശ്വാസം വളർത്തുന്നതോടൊപ്പം അവർക്ക് ആശ്വാസം പകരാനും ഇടയാക്കുന്നു. അതുവഴി അവർക്ക് മികച്ച ജീവിത നിലവാരവും പ്രദാനം ചെയ്യുന്നു. കൂടാതെ ശസ്ത്രക്രിയകളുടെ പാടുകളൊന്നും ശരീരത്തിൽ ദൃശ്യമാകില്ലയെന്നതും ഒരു പ്രധാന കാര്യമാണ്.
സാങ്കേതികപുരോഗതിയും ജനിതകശാസ്ത്രത്തെക്കുറിച്ചുള്ള ധാരണയും ഒരു അവിഭാജ്യഘടകമായി മാറിയതിനാൽ സ്തനാർബുദചികിത്സ ഈ കാലഘട്ടത്തിൽ വളരെയധികം പുരോഗമനം നേടിയിട്ടുണ്ട് . 90% കേസുകളിലും സ്തനാർബുദം ഒരു ജീവിതശൈലി രോഗമാണ്. ഏകദേശം 10% ആളുകൾക്ക് ജനിതകവും. BRCA1, BRCA11, HER2, ട്രിപ്പിൾ നെഗറ്റിവിറ്റി മുതലായവയ്ക്ക് ശക്തമായ ജനിതക ബന്ധമുണ്ട്.
അമിതവണ്ണം, വ്യായാമക്കുറവ്, കൊഴുപ്പ് കൂടുതലുള്ള ഭക്ഷണം, ചുവന്ന മാംസത്തിന്റെ ഉപയോഗം, മുലയൂട്ടലിന്റെ അഭാവം, വൈകിയുള്ള ഗർഭധാരണം, ഗർഭനിരോധന ഗുളികകൾ, ഈസ്ട്രജൻ ഉപയോഗിച്ചുള്ള ഫെർട്ടിലിറ്റി ചികിത്സകൾ എന്നിവയെല്ലാം സ്തനാർബുദ ബാധയ്ക് കാരണമാകുമെന്ന് പറയപ്പെടുന്നു. 100% രോഗശമനമാണ് ഒരാൾ ലക്ഷ്യമിടുന്നതെങ്കിൽ, അർബുദം നേരത്തെ കണ്ടെത്തേണ്ടത് അത്യാവശ്യമാണ്. അൾട്രാസൗണ്ട് സ്കാനിങ്ങും മാമോഗ്രാഫിയും ഇല്ലാതെ ബ്രെസ്റ്റ് ക്യാൻസർ കണ്ടെത്താനാകും. ഒരു സെന്റീമീറ്റർ വരെ വലിപ്പമുള്ള മുഴകൾ കണ്ടുപിടിക്കാൻ കഴിയുന്ന ബ്രെസ്റ്റ് സെൽഫ് എക്സാമിനേഷൻ (ബിഎസ്ഇ) ജനകീയമാക്കണം. മറ്റൊരു പ്രധാന വസ്തുത, അത്തരം മാമോഗ്രാഫിയിൽ കണ്ടെത്തിയ മുഴകൾ വയർ ലോക്കലൈസേഷനും സ്കാർലെസ് സർജറികളുമില്ലാതെ കൈകാര്യം ചെയ്യാമെന്നതാണ്.

Dr. Thomas Varghese St. Joseph's Hospital Manjummel
St. Joseph’s Hospital Manjummel

ഓങ്കോപ്ലാസ്റ്റിക് സർജറിക്ക് ശേഷമുള്ള കീമോതെറാപ്പി അല്ലെങ്കിൽ റേഡിയേഷൻ പോലുള്ള പരമ്പരാഗത ചികിത്സകൾക്ക് പുറമേ വ്യക്തിഗത ചികിത്സകൾ, ഇമ്മ്യൂണോതെറാപ്പി, പ്രത്യേകം ടാർഗെറ്റുചെയ്ത ചികിത്സകൾ എന്നിവ മെച്ചപ്പെട്ട രോഗശാന്തി നിരക്കിന് വഴിയൊരുക്കി.
ആരംഭവസ്ഥയിൽ കണ്ടെത്തിയാൽ ഭൂരിഭാഗം കേസുകളിലും ഭേദമാക്കാവുന്ന രോഗമാണ് സ്തനാർബുദം. ലോകത്തിലെ ഒന്നാം നമ്പർ കൊലയാളിയെ കീഴടക്കാൻ നമുക്ക് എന്തുകൊണ്ട് ഒരു കൂട്ടായ ശ്രമം നടത്തിക്കൂടാ? ഉണർന്നു പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്.

Dr. Thomas Varghese St. Joseph's Hospital Manjummel
St. Joseph’s Hospital Manjummel
Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.