സ്മാർട്ട്ഫോണുകളിൽ ‘സഞ്ചാർ സാഥി’ ആപ്പ് ഉപയോക്താവിന് എപ്പോൾ വേണമെങ്കിലും ഡിലീറ്റ് ചെയ്യാം; നിർബന്ധമല്ലെന്ന് കേന്ദ്ര സർക്കാർ
രാജ്യത്ത് പുതിയതായി പുറത്തിറങ്ങുന്ന സ്മാർട്ട്ഫോണുകളിൽ സൈബർ സുരക്ഷയ്ക്കായി കേന്ദ്രസർക്കാരിൻ്റെ ‘സഞ്ചാർ സാഥി’ ആപ്പ് ഇൻബിൽറ്റ് ആയി ഉൾപ്പെടുത്താനുള്ള നീക്കം നടക്കുന്നുവെന്ന വാർത്തയെ തുടർന്ന്, കേന്ദ്ര ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വിശദീകരണവുമായി രംഗത്ത്.
എല്ലാ ഫോണുകളിലും നിർബന്ധമായും മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്യണമെന്ന് സർക്കാർ മൊബൈൽ നിർമാണക്കമ്പനികൾക്ക് നിർദേശം നൽകിയെങ്കിലും സഞ്ചാര്‍ സാഥി ആപ്പ് ഉപയോക്താവിന് എപ്പോൾ വേണമെങ്കിലും ഡിലീറ്റ് ചെയ്യാം.
ഫോണുകളിൽ ‘സഞ്ചാർ സാഥി’ ആപ്പ് നിർബന്ധമല്ലെന്നും ഉപഭോക്താക്കളുടെ സമ്മതമില്ലാതെ ആപ്പ് പ്രീ ഇൻസ്റ്റാൾ ചെയ്യുന്നതല്ലെന്നുമാണ് കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക നിലപാട്. ഉപയോക്താക്കളുടെ ഡാറ്റാ സുരക്ഷയും സ്വകാര്യതയും മുൻനിർത്തിയാണ് സർക്കാർ നടപടി സ്വീകരിക്കുന്നതെന്നും ടെലികോം വകുപ്പ് വ്യക്തമാക്കി.
‘സഞ്ചാർ സാഥി’ ആപ്പ് ഉപഭോക്താക്കളെ തട്ടിപ്പുകളിൽ നിന്ന് സംരക്ഷിക്കുന്നതിനുള്ള ഉപകരണമാണെന്നും ആപ്പ് ഉപയോഗം ഏത് ഉപയോക്താവിനും സ്വൈച്ഛികമാണെന്നും വിശദീകരണത്തിൽ ചൂണ്ടിക്കാട്ടുന്നു.
രാജ്യത്ത് മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള തട്ടിപ്പുകൾ പെരുകിവരുന്ന സാഹചര്യത്തിൽ അവയുടെ ഐഎംഇഐ നമ്പറുമായി ബന്ധിപ്പിച്ച് പ്രവർത്തിക്കുന്ന ആപ്പാണ് സഞ്ചാർ സാഥി. 2024 ജനുവരിയിലാണ് ഇതവതരിപ്പിച്ചത്. ഈ പ്ലാറ്റ്ഫോമുപയോഗിച്ച് ഇതുവരെ നഷ്ടമായ ഏഴുലക്ഷത്തോളം ഫോണുകൾ കണ്ടെത്താൻകഴിഞ്ഞതായാണ് സർക്കാർ കണക്കുകൾ.
Photo Courtesy: Google/ images are subject to copyright

