വിവാദ ചിത്രം ‘ദി കേരള സ്റ്റോറി 2’ തിയേറ്ററുകളിലേക്ക്; സിംഗിൾ ബെഞ്ച് ഉത്തരവിന് സ്റ്റേ
വിവാദ ചിത്രം ‘ദി കേരള സ്റ്റോറി 2 – ഗോസ് ബിയോണ്ട്’ തിയേറ്ററുകളിലേക്ക്. ചിത്രത്തിന്റെ റിലീസ് തടഞ്ഞ സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിര്‍ണായക തീരുമാനം എടുത്തത്.
ജസ്റ്റിസ് ശുശ്രൂദ് ധര്‍മ്മധികാരി അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവ് പ്രസ്താവിച്ചത്. ടീസറും ട്രെയ്‌ലറും ചിത്രത്തിന്റെ ഭാഗമല്ല. സെൻസർ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ ചിത്രം പ്രദർശിപ്പിക്കാമെന്ന് വേണം കരുതാൻ എന്നും കോടതി നിരീക്ഷണം. സിനിമ മതസൗഹാര്‍ദം തകര്‍ക്കുന്നില്ലെന്നും റിലീസ് വൈകുന്നത് നിര്‍മ്മാതാക്കള്‍ക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നും പ്രതിപക്ഷം വാദിച്ചു.
മുന്‍പ് ചിത്രത്തിന്റെ റിലീസിന് 15 ദിവസത്തേക്കുള്ള ഇടക്കാല സ്റ്റേ സിംഗിള്‍ ബെഞ്ച് അനുവദിച്ചിരുന്നു. അതിനെതിരെയാണ് നിര്‍മ്മാതാക്കള്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്. മലയാളികള്‍ക്ക് അപകീര്‍ത്തികരമായ ചിത്രം റിലീസ് ചെയ്യുന്നത് ആഗോള തലത്തില്‍ കേരളത്തെ മോശമായ ചിത്രീകരിക്കുമെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് സിനിമയുടെ പ്രദര്‍ശനാനുമതി തടഞ്ഞത്.
വാദം കേട്ട ശേഷം, സിംഗിള്‍ ബെഞ്ച് ഉത്തരവിന് സ്റ്റേ അനുവദിച്ചതോടെ ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നതിനുള്ള വഴിയൊരുങ്ങി. വിധി പുറത്തുവന്നതോടെ സിനിമാ മേഖലയിലും രാഷ്ട്രീയ വേദികളിലും ചര്‍ച്ചകള്‍ ശക്തമായി.
Photo courtesy : Google /images may be subject to copyright

