പ്രസവാവധി സ്ത്രീയുടെ മൗലികവും നിയമപരവുമായ അവകാശം; മറ്റ് അവധികളുമായി കൂട്ടിചേർക്കരുത് – ഹൈക്കോടതി

പ്രസവാവധി സ്ത്രീയുടെ മൗലികവും നിയമപരവുമായ അവകാശം; മറ്റ് അവധികളുമായി കൂട്ടിചേർക്കരുത് – ഹൈക്കോടതി

പ്രസവാവധി സ്ത്രീകളുടെ നിയമപരമായ അവകാശമാണെന്നും അതിനെ മറ്റ് സാധാരണ അവധികളുമായി കൂട്ടിച്ചേർത്ത് പഠനകാലയളവ് റദ്ദാക്കാൻ ഉപയോഗിക്കാനാകില്ലെന്നും കേരള ഹൈക്കോടതി വ്യക്തമാക്കി. നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് (NBEMS) ട്രെയിനിയായ ഡോ. സൂസൻ കെ. ജോൺ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് ബെച്ചുകുര്യൻ തോമസ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

എം.ബി.ബി.എസും എം.ഡിയും പൂർത്തിയാക്കിയ ശേഷം 2022-ൽ നെഫ്രോളജി വിഭാഗത്തിൽ സൂപ്പർ സ്പെഷ്യാലിറ്റി പരിശീലനത്തിന് ചേർന്നതായിരുന്നു ഹർജിക്കാരി. 2023-ൽ പ്രസവാവശ്യാർത്ഥം 184 ദിവസത്തെ അവധിയെടുത്തു. എന്നാൽ തുടർന്ന് രക്താർബുദം ബാധിച്ചതോടെ 2025 വരെ മെഡിക്കൽ ലീവ് എടുക്കേണ്ടി വന്നു. ഇതോടെ ആകെ അവധി 402 ദിവസമായി. ഒരു വർഷത്തിലധികം അവധി എടുത്തു എന്ന് ചൂണ്ടിക്കാട്ടി മെഡിക്കൽ ബോർഡ് ഡോക്ടറുടെ പരിശീലന കാലാവധി റദ്ദാക്കുകയായിരുന്നു.

ഡോ. സൂസൻ കെ. ജോൺ പ്രസവാവധി ഉൾപ്പെടെ എടുത്ത അവധികൾ ചൂണ്ടിക്കാട്ടി പരിശീലനകാലയളവ് അസാധുവാക്കിയെന്ന NBEMSയുടെ നടപടിക്കെതിരെയാണ് ഹർജി നൽകിയത്. പ്രസവാവധി സ്ത്രീകൾക്ക് നിയമപരമായി അനുവദിച്ചിരിക്കുന്ന അവകാശമാണെന്നും അത് തൊഴിൽ–വിദ്യാഭ്യാസ അവസരങ്ങളെ പ്രതികൂലമായി ബാധിക്കുന്ന രീതിയിൽ പരിഗണിക്കാനാകില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.

ഹർജി പരിഗണിച്ച കോടതി, പ്രസവാവധിയെ മറ്റ് സാധാരണ അവധികളുമായി ഒരുപോലെ കണക്കാക്കുന്നത് ശരിയായ സമീപനമല്ലെന്ന് നിരീക്ഷിച്ചു. നിയമങ്ങൾ യാന്ത്രികമായി പ്രയോഗിക്കാനുള്ളതല്ലെന്നും ഓരോ കേസിലും മാനുഷികപരമായ പരിഗണന അനിവാര്യമാണെന്നും കോടതി വ്യക്തമാക്കി. പ്രസവം പോലുള്ള പ്രത്യേക സാഹചര്യങ്ങളിൽ സ്ത്രീകൾക്ക് ആവശ്യമായ സംരക്ഷണവും സൗകര്യങ്ങളും ഉറപ്പാക്കേണ്ടത് ഭരണഘടനാപരമായ ഉത്തരവാദിത്തമാണെന്നും കോടതി നിരീക്ഷിച്ചു.

കേസിൽ NBEMS സ്വീകരിച്ച നടപടി താൽക്കാലികമായി സ്റ്റേ ചെയ്ത്, ഡോ. സൂസൻ കെ. ജോണിന്റെ പരിശീലനവുമായി ബന്ധപ്പെട്ട അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള ഇടക്കാല ഉത്തരവാണ് കോടതി പുറപ്പെടുവിച്ചത്. കേസിൽ വിശദമായ വാദം പിന്നീട് പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.

സ്ത്രീകളുടെ തൊഴിൽ–വിദ്യാഭ്യാസ അവകാശങ്ങൾക്ക് ശക്തമായ പിന്തുണ നൽകുന്ന നിർണായക നിരീക്ഷണമായി ഹൈക്കോടതിയുടെ ഉത്തരവ് വിലയിരുത്തപ്പെടുന്നു. പ്രസവാവധി എന്നത് അധികൃതർ നൽകുന്ന ഒരു ഔദാര്യമല്ല, മറിച്ച് അത് സ്ത്രീയുടെ ഭരണഘടനാപരമായ അവകാശമാണെന്ന് കോടതി ഓർമ്മിപ്പിച്ചു. ഗുരുതരമായ അസുഖം ബാധിച്ചത് ഹർജിക്കാരിയുടെ കുറ്റമല്ല. ഇത്തരം പ്രത്യേക സാഹചര്യങ്ങളെ യുക്തിസഹമായി വേണം അധികൃതർ സമീപിക്കാൻ.

ഹർജിക്കാരിയുടെ അപേക്ഷയിൽ രണ്ടാഴ്ചയ്ക്കകം അനുകൂലമായ തീരുമാനമെടുക്കാനും പരിശീലനം തുടരാൻ അനുവദിക്കാനും എൻ.ബി.ഇ.എം.എസിന് ഹൈക്കോടതി നിർദ്ദേശം നൽകി.

 

 

 

 

Photo courtesy : Google /images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.