‘സേവ് ബോക്‌സ്’ ആപ്പ് തട്ടിപ്പ്: നടന്‍ ജയസൂര്യയുടെ 39 ലക്ഷം രൂപയുടെ സ്വത്തുകള്‍ ഇഡി കണ്ടുകെട്ടി
ജയസൂര്യക്കെതിരെ ‘സേവ് ബോക്‌സ്’ ആപ്പ് തട്ടിപ്പ് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടപടി സ്വീകരിച്ചു. താരത്തിന്റെ ഏകദേശം 39 ലക്ഷം രൂപ വിലമതിക്കുന്ന സ്വത്തുക്കളാണ് ഇഡി താൽക്കാലികമായി കണ്ടുകെട്ടിയത്. കേസിൽ ജയസൂര്യയെ പ്രതിചേർത്തതിന് പിന്നാലെയാണ് ഈ നടപടി ഉണ്ടായത്.
സാമ്പത്തിക നിക്ഷേപങ്ങളുടെ പേരിൽ നിരവധി പേരിൽ നിന്ന് പണം ശേഖരിച്ചെന്നാരോപിക്കപ്പെടുന്ന ‘സേവ് ബോക്‌സ്’ ആപ്പുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് ഇഡി നടപടി. ആപ്പിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് ജയസൂര്യ സ്ഥാപനത്തിന്റെ ബ്രാൻഡ് അംബാസഡറായി പ്രവർത്തിച്ചിരുന്നുവെന്നാണ് അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ.
കേസില്‍ രണ്ട് തവണ ജയസൂര്യയെ ഇ ഡി ചോദ്യം ചെയ്തിരുന്നു. സേവ് ബോക്സ് ആപ്പിനെ സാധാരണക്കാര്‍ക്കിടയില്‍ പ്രമോട്ട് ചെയ്യുന്ന തരത്തില്‍ അഭിനയിച്ചെന്ന ആരോപണത്തെ തുടര്‍ന്നാണ് ജയസൂര്യയെ ഇ ഡി ചോദ്യം ചെയ്തത്. തട്ടിപ്പിലൂടെ സേവ് ബോക്സ് നേടിയ കള്ളപ്പണം കൈമാറിയവരുടെ പട്ടികയില്‍ ജയസൂര്യയും ഉള്‍പ്പെട്ടതാണ് അന്വേഷണത്തിന് വഴിയൊരുക്കിയത്.
കേസിൽ സാമ്പത്തിക ഇടപാടുകൾ, നിക്ഷേപകരുടെ പണം തിരിമറി ചെയ്തതെന്നാരോപണം, അനധികൃത സമ്പാദ്യം എന്നിവ സംബന്ധിച്ച വിവരങ്ങളാണ് ഇഡി പരിശോധിക്കുന്നത്. പ്രിവൻഷൻ ഓഫ് മണി ലോണ്ടറിംഗ് ആക്ട് (PMLA) പ്രകാരമാണ് സ്വത്തുക്കൾ കണ്ടുകെട്ടിയതെന്ന് സൂചന.
നിക്ഷേപമെന്ന പേരില്‍ നിരവധിപേരില്‍ നിന്ന് കോടികള്‍ തട്ടിയതിന് ആപ്പ് ഉടമ തൃശൂര്‍ സ്വദേശി സാത്വിക് റഹീമിനെ 2023ല്‍ തൃശൂര്‍ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളുമായുള്ള ബന്ധവും സാമ്പത്തിക ഇടപാടുമാണ് ഇ ഡി അന്വേഷിക്കുന്നത്. അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിൽ കൂടുതൽ വ്യക്തതകൾ വരാനിരിക്കുന്ന ദിവസങ്ങളിൽ ലഭിക്കുമെന്ന് ഇഡി വൃത്തങ്ങൾ അറിയിച്ചു.
‘സേവ് ബോക്‌സ്’ ആപ്പ് തട്ടിപ്പുമായി ബന്ധപ്പെട്ട് മുമ്പ് നിരവധി പരാതികൾ ഉയർന്നിരുന്നു. കേസിന്റെ വ്യാപ്തി കണക്കിലെടുത്ത് മറ്റ് പ്രതികളിലേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് നീക്കം.
Photo courtesy : Google /images may be subject to copyright

