നിയമസഭാ തിരഞ്ഞെടുപ്പ്: നാമനിർദ്ദേശ സമർപ്പണം പൂർത്തിയായി; 1269 പത്രികകൾ

നിയമസഭാ തിരഞ്ഞെടുപ്പ്: നാമനിർദ്ദേശ സമർപ്പണം പൂർത്തിയായി; 1269 പത്രികകൾ

കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയം ഇന്ന് വൈകിട്ട് 3 മണിക്ക് അവസാനിച്ചു. ഇതുവരെ ലഭ്യമായ കണക്കുകൾ പ്രകാരം സംസ്ഥാനത്താകെ 1269 നാമനിർദ്ദേശ പത്രികകളാണ് സമർപ്പിക്കപ്പെട്ടത്. അന്തിമ കണക്കുകൾ ലഭ്യമാകുന്നതോടെ ഇതിൽ ചെറിയ മാറ്റങ്ങൾ ഉണ്ടാകാനിടയുണ്ട്.

വിവിധ മണ്ഡലങ്ങളിൽ പ്രമുഖ മുന്നണികളുടെ സ്ഥാനാർഥികൾ ഇന്ന് പത്രിക നൽകി. പറവൂരിൽ യു ഡി എഫ് സ്ഥാനാർഥിയായ പ്രതിപക്ഷ നേതാവ് വി . ഡി . സതീശൻ, പാലയിൽ എൽ ഡി എഫ് സ്ഥാനാർഥി ജോസ് കെ മാണി, ഒറ്റപ്പാലത്ത് ബി ജെ പി സ്ഥാനാർഥി മേജർ രവി, തൊടുപുഴയിൽ യു ഡി എഫ് സ്ഥാനാർഥി അപ്പു ജോൺ ജോസഫ് എന്നിവരും പത്രിക സമർപ്പിച്ചു.

അതേസമയം സുൽത്താൻ ബത്തേരിയിൽ യു ഡി എഫ് സ്ഥാനാർഥി ഐ. സി. ബാലകൃഷ്ണൻ, നേമത്ത് യു ഡി എഫ് സ്ഥാനാർഥി കെ. എസ് . ശബരീനാഥൻ, ഗുരുവായൂരിൽ എൻ ഡി എ സ്ഥാനാർഥി ബി. ഗോപാലകൃഷ്ണൻ, കൊടുവള്ളിയിൽ യു ഡി എഫ് സ്ഥാനാർഥി പി. കെ. ഫിറോസ് എന്നിവരും പത്രിക നൽകി.

തൃക്കാക്കരയിൽ എൻ ഡി എ സ്ഥാനാർഥിയായി അഖിൽ മാരാർ, മാനന്തവാടിയിൽ എൻ ഡി എ സ്ഥാനാർഥി ശ്യാംരാജ്, കോഴിക്കോട് എലത്തൂരിൽ എൽ ഡി എഫ് സ്ഥാനാർഥി എ. കെ. ശശീന്ദ്രൻ, ബേപ്പൂരിൽ യു ഡി എഫ് സ്ഥാനാർഥി പി. വി. അൻവർ എന്നിവരും നാമനിർദ്ദേശം സമർപ്പിച്ചു.

അരുവിക്കരയിൽ യു ഡി എഫ് സ്ഥാനാർഥി വി. എസ്. ശിവകുമാർ, തിരുവനന്തപുരം മണ്ഡലത്തിൽ എൽ ഡി എഫ് സ്ഥാനാർഥി സുധീർ കരമന, എൻ ഡി എ സ്ഥാനാർഥി കരമന ജയൻ എന്നിവരും പത്രിക നൽകി. പയ്യന്നൂരിൽ യു ഡി എഫ് സ്വതന്ത്ര സ്ഥാനാർഥിയായി വി. കുഞ്ഞികൃഷ്ണൻ നാമനിർദ്ദേശം സമർപ്പിച്ചു.

സമർപ്പിക്കപ്പെട്ട പത്രികകളുടെ സൂക്ഷ്മപരിശോധന നാളെ നടക്കും. സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി മാർച്ച് 26 ആണ്. നിരവധി മണ്ഡലങ്ങളിൽ വിമത സ്ഥാനാർഥികൾ രംഗത്തുള്ളതിനാൽ ഇവരെ അനുനയിപ്പിക്കാൻ വിവിധ മുന്നണികളുടെ നേതാക്കൾ ശ്രമം ആരംഭിച്ചിട്ടുണ്ട്.

അതേസമയം സംസ്ഥാനത്തെ അന്തിമ വോട്ടർ പട്ടിക നാളെ പ്രസിദ്ധീകരിക്കും. ഇത്തവണ 2.72 കോടി വോട്ടർമാരാണ് കേരളത്തിന്റെ രാഷ്ട്രീയ ഭാവി നിർണ്ണയിക്കാൻ വോട്ടവകാശം വിനിയോഗിക്കുക.

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.