ബിഹാറിൽ രാഷ്ട്രീയ നീക്കം: നിതീഷ് കുമാർ എം.എൽ.സി സ്ഥാനം രാജിവച്ചു; ആരായിരിക്കും അടുത്ത ബീഹാർ മുഖ്യമന്ത്രി?

ബിഹാറിൽ രാഷ്ട്രീയ നീക്കം: നിതീഷ് കുമാർ എം.എൽ.സി സ്ഥാനം രാജിവച്ചു; ആരായിരിക്കും അടുത്ത ബീഹാർ മുഖ്യമന്ത്രി?

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ സംസ്ഥാന നിയമസഭാ കൗൺസിൽ (MLC) അംഗത്വം രാജിവച്ചു. രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ ഈ നീക്കം. ജെ.ഡി.യു എം.എൽ.സി സഞ്ജയ് ഗാന്ധി മുഖേനയാണ് നിതീഷ് കുമാർ രാജി കത്ത് കൗൺസിൽ ചെയർമാൻ അവധേഷ് നാരായൺ സിംഗിന് കൈമാറിയത്.

രണ്ട് പതിറ്റാണ്ടിലേറെയായി ബിഹാർ രാഷ്ട്രീയത്തിന്റെ അമരത്തുണ്ടായിരുന്ന നിതീഷ് കുമാർ ദേശീയ രാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റുന്നതിന്റെ ഭാഗമായാണ് ഈ രാജിയെന്ന് വിലയിരുത്തപ്പെടുന്നു. 75-കാരനായ അദ്ദേഹം മാർച്ചിൽ നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയിരുന്നു. ഇതോടെ ബിഹാറിന്റെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും അദ്ദേഹം ഉടൻ രാജിവയ്ക്കുമെന്ന് ജെ.ഡി.യു വൃത്തങ്ങൾ സൂചിപ്പിച്ചു.

നിതീഷ് കുമാർ ഒഴിഞ്ഞാൽ ബിഹാറിൽ പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള ചർച്ചകൾ എൻ.ഡി.എ (NDA) ക്യാമ്പിൽ സജീവമായിക്കഴിഞ്ഞു. ബിഹാർ ചരിത്രത്തിൽ ആദ്യമായി ഒരു ബിജെപി മുഖ്യമന്ത്രി വരാനുള്ള സാധ്യതകളാണ് ഇപ്പോൾ തെളിയുന്നത്. ഉപമുഖ്യമന്ത്രി സമ്രാട്ട് ചൗധരി, നിത്യാനന്ദ് റായ് എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രധാനമായും ഉയർന്നു കേൾക്കുന്നത്.

രാജ്യസഭയിലേക്ക് എത്തുന്നതോടെ ഇന്ത്യൻ പാർലമെന്ററി ചരിത്രത്തിലെ ഒരു അപൂർവ്വ റെക്കോർഡും നിതീഷ് കുമാറിനെ തേടിയെത്തും. നിയമസഭ (MLA), നിയമസഭാ കൗൺസിൽ (MLC), ലോക്സഭ (MP), രാജ്യസഭ (MP) എന്നീ നാല് സഭകളിലും അംഗമായിരുന്ന ചുരുക്കം ചില നേതാക്കളിൽ ഒരാളായി അദ്ദേഹം മാറും. ലാലു പ്രസാദ് യാദവ്, സുശീൽ കുമാർ മോദി എന്നിവരാണ് മുൻപ് ഈ നേട്ടം കൈവരിച്ച ബിഹാർ നേതാക്കൾ.

പത്താംതവണ മുഖ്യമന്ത്രി കസേരയിലെത്തി നാലുമാസത്തിന് ശേഷമാണ് നിതീഷ് കുമാറിന്റെ രാജി. 2005ലാണ് അദേഹം ആദ്യമായി മുഖ്യമന്ത്രിയായത്. നിതീഷ് കുമാറിന് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടാന്‍ ആഗ്രഹമില്ല എന്നും എന്നാല്‍ സഖ്യകക്ഷിയായ ഭാരതീയ ബിജെപിയുടെ നിര്‍ബന്ധപ്രകാരമാണ് രാജ്യസഭയിലേക്ക് പോകുന്നതെന്നാണ് ആര്‍ജെഡി വര്‍ക്കിംഗ് പ്രസിഡന്റ് തേജസ്വി യാദവ് അവകാശപ്പെട്ടത്.

ദേശീയ രാഷ്ട്രീയത്തിൽ കൂടുതൽ സജീവമാകുന്നതിനും ജെ.ഡി.യുവിന്റെ ദേശീയ അധ്യക്ഷൻ എന്ന നിലയിൽ പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനുമാണ് നിതീഷ് കുമാറിന്റെ ഈ പുതിയ നീക്കം ലക്ഷ്യമിടുന്നത്.

 

 

 

 

Photo Courtesy: Google/ images are subject to copyright

 
Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.