സംസ്ഥാനത്ത് കാലവർഷം കനക്കുന്നു; വ്യാഴാഴ്ച വരെ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ഇന്ന് എല്ലാ ജില്ലകളിലും അലർട്ട്
സംസ്ഥാനത്ത് വരും ദിവസങ്ങളിൽ കാലവർഷം കൂടുതൽ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. വ്യാഴാഴ്ച വരെ ഇടിമിന്നലോട് കൂടിയ വ്യാപകമായ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇന്ന് സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. വടക്കൻ കേരളത്തിൽ മഴ അതിശക്തമാകാൻ സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ മറ്റ് 12 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
വരും ദിവസങ്ങളിൽ മധ്യ-വടക്കൻ ജില്ലകളിൽ മഴ കൂടുതൽ കടുക്കുമെന്നാണ് പ്രവചനം. ഇതിന്റെ ഭാഗമായി നാളെ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കാലവർഷം രൂക്ഷമായതോടെ വിവിധ ജില്ലകളിൽ ഇതിനകം തന്നെ വ്യാപകമായ മഴക്കെടുതികൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ജൂലൈ രണ്ട് വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ദുരന്തനിവാരണ അതോറിറ്റിയുടെ നിർദ്ദേശങ്ങൾ പാലിച്ച് പൊതുജനങ്ങൾ ജാഗ്രത പുലർത്തേണ്ടതാണ്.
Photo Courtesy: Google/ images are subject to copyright

