വഖഫ് ബോർഡ് കേസ്: ഹൈക്കോടതി നിർദേശം നീക്കി സുപ്രീം കോടതി
വഖഫ് ബോർഡ് ജോയിന്റ് സെക്രട്ടറിയുടെ മേൽനോട്ടത്തിലായിരിക്കണം ബോർഡ് പ്രവർത്തിക്കേണ്ടതെന്ന കേരള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിലെ നിർദേശം സുപ്രീം കോടതി നീക്കം ചെയ്തു.ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. വഖഫുമായി ബന്ധപ്പെട്ട വിഷയത്തിൽ എല്ലാ കക്ഷികളുടെയും വിശദമായ വാദം കേട്ട ശേഷം അന്തിമ തീർപ്പ് ഉടൻ പുറപ്പെടുവിക്കണമെന്നും സുപ്രീം കോടതി ഹൈക്കോടതിയോട് നിർദേശിച്ചു.
കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിൽ ബോർഡിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് രണ്ട് പ്രധാനപ്പെട്ട കാര്യങ്ങളാണ് വ്യക്തമാക്കിയിരുന്നത്.വഖഫ് ബോർഡുമായി ബന്ധപ്പെട്ട നയപരമായ തീരുമാനങ്ങളെടുക്കുമ്പോഴും മൂലധന ചെലവുകൾ നടത്തുമ്പോഴും ഹൈക്കോടതിയുടെ മുൻകൂർ അനുമതി വാങ്ങണമെന്നതായിരുന്നു ആദ്യ നിബന്ധന.ബോർഡിന്റെ ദൈനംദിന പ്രവർത്തനങ്ങൾ ജോയിന്റ് സെക്രട്ടറിയുടെ മേൽനോട്ടത്തിലായിരിക്കണം എന്നതായിരുന്നു രണ്ടാമത്തെ നിർദേശം.ഇതിൽ മേൽനോട്ടം വഹിക്കണമെന്ന രണ്ടാമത്തെ നിർദേശമാണ് സുപ്രീം കോടതി ഒഴിവാക്കിയിരിക്കുന്നത്. ഇതോടെ ജോയിന്റ് സെക്രട്ടറി ബോർഡിലെ വെറുമൊരു അംഗമായി തുടരുമെന്നും കോടതി വ്യക്തമാക്കി.
ഹൈക്കോടതി ഉത്തരവിനെതിരെ വഖഫ് ബോർഡും സമസ്ത സെക്രട്ടറി ഉമർ ഫൈസിയും സമർപ്പിച്ച ഹർജി ഭാഗികമായി അംഗീകരിച്ചുകൊണ്ടാണ് സുപ്രീം കോടതിയുടെ ഉത്തരവ്.എന്നാൽ നയപരമായ തീരുമാനങ്ങൾക്കും സാമ്പത്തിക ചെലവഴീകരണങ്ങൾക്കും ഹൈക്കോടതിയുടെ അനുമതി വേണമെന്ന നിബന്ധന തൽക്കാലം തുടരും.

