സംസ്ഥാനത്ത് അവയവക്കച്ചവടവും വ്യാജരേഖാ നിർമ്മാണവും: ഉന്നതതല അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു

സംസ്ഥാനത്ത് അവയവക്കച്ചവടവും വ്യാജരേഖാ നിർമ്മാണവും: ഉന്നതതല അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു

സംസ്ഥാനത്ത് വ്യാപകമായി നടക്കുന്ന അവയവക്കച്ചവടത്തെയും ഇതിനായി വ്യാജരേഖകൾ ചമയ്ക്കുന്നതിനെയും കുറിച്ച് വിശദമായ അന്വേഷണം നടത്താൻ പ്രത്യേക അന്വേഷണ സംഘത്തെ (SIT) നിയോഗിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് ഉന്നതതല സംഘം രൂപീകരിച്ചത്. എറണാകുളം റൂറൽ എസ്.പി. കെ.എസ്. സുദർശൻ ആയിരിക്കും ഈ പ്രത്യേക അന്വേഷണസംഘത്തിന്റെ തലവൻ.

സംസ്ഥാനത്തുടനീളം പോലീസ് നടത്തിയ വ്യാപകമായ റെയ്ഡുകൾക്ക് പിന്നാലെയാണ്, വിഷയം അതീവ ഗൗരവമുള്ളതാണെന്ന് വിലയിരുത്തി അന്വേഷണം പ്രത്യേക സംഘത്തിന് കൈമാറാൻ സർക്കാർ തീരുമാനിച്ചത്. അവയവക്കച്ചവടവുമായി ബന്ധപ്പെട്ട് ഇതിനോടകം തന്നെ മൂന്ന് കേസുകൾ പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ അവയവക്കച്ചവട റാക്കറ്റിന്റെ മുഖ്യ ഇടനിലക്കാരനായ മുഹമ്മദ് നജീബ്, ഭാര്യ റഷീദ, ഇവരുടെ സഹായികളായ സിനോജ്, ആസിഫ് എന്നിവരെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

എം.എൽ.എമാർ അടക്കമുള്ള പ്രമുഖ ജനപ്രതിനിധികളുടെ വ്യാജ ലെറ്റർഹെഡുകളും ഔദ്യോഗിക സീലുകളും പ്രതികളിൽ നിന്ന് നടത്തിയ റെയ്ഡിൽ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. അവയവമാറ്റത്തിന് ആവശ്യമായ അനുമതികൾ സംഘടിപ്പിക്കുന്നതിനായി ഈ വ്യാജരേഖകൾ ഉപയോഗിച്ചതായാണ് വിവരം. പ്രതികളെ വ്യാജരേഖകൾ നിർമ്മിക്കാൻ സഹായിച്ച കമ്പ്യൂട്ടർ സെന്ററുകളിലും മറ്റ് സ്ഥാപനങ്ങളിലും പോലീസ് വിശദമായ പരിശോധന നടത്തി.

എറണാകുളത്തെ ചില പ്രമുഖ സ്വകാര്യ ആശുപത്രികളിൽ ഇത്തരത്തിൽ അനധികൃതമായി അവയവമാറ്റ ശസ്ത്രക്രിയകൾ നടന്നിട്ടുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. റാക്കറ്റിന്റെ വേരുകൾ കൂടുതൽ ശക്തമാണെന്ന സൂചനകളെ തുടർന്നാണ്, എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ വിപുലമായ അന്വേഷണത്തിന് ആഭ്യന്തരമന്ത്രി ഉത്തരവിട്ടത്. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്നാണ് സൂചന.

 

 

 

 

Photo Courtesy: Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.