രണ്ടാമത്തെ കുട്ടിയും പെണ്കുഞ്ഞാണെങ്കില് മാതൃവന്ദന യോജനയിലൂടെ അമ്മമാര്‍ക്ക് ധനസഹായം
രണ്ടാമത്തെ കുഞ്ഞും പെണ്‍കുട്ടിയാണെങ്കില്‍ പ്രധാനമന്ത്രി മാതൃവന്ദന യോജനയിലൂടെ അമ്മമാര്‍ക്ക് ധനസഹായം ലഭിക്കും. മുമ്പ് ആദ്യ പ്രസവത്തിന് മാത്രമാണ് ധനസഹായം ലഭിച്ചിരുന്നത്. 2022 ഏപ്രില്‍ ഒന്നിന് ശേഷം ജനിച്ച പെണ്‍കുട്ടികളുടെ അമ്മമാര്‍ക്ക് മുന്‍കാല പ്രാബല്യത്തോടെയായിരിക്കും ധനസഹായം ലഭിക്കുക. സ്ത്രീകള്‍ക്ക് ഗര്‍ഭകാലത്തുള്ള വേതന നഷ്ടം പരിഹരിക്കുന്നതിനും മെച്ചപ്പെട്ട ആരോഗ്യം ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്.
ഇതിന്റെ ഭാഗമായി എത്ര രൂപയാണ് ഫണ്ട് ഇനത്തില്‍ മാറ്റിവെയ്ക്കേണ്ടതെന്ന് നിശ്ചയിക്കുന്നതിനുള്ള കണക്കെടുപ്പുകള്‍ കേന്ദ്ര സര്‍ക്കാരിന്റെ നേതൃത്വത്തില്‍ തുടങ്ങിയിട്ടുണ്ട്.
ഇതുവരെ ആദ്യ പ്രസവത്തിന് മാതാവിന് 5,000 രൂപയാണ് ധനസഹായമായി നല്‍കിയിരുന്നത്. ഇനി മുതല്‍ 5,000 രൂപ രണ്ടാമത്തെ പ്രസവത്തിനും ലഭ്യമാകും. മൂന്ന് ഗഡുക്കളായി അമ്മയുടെ ആധാറുമായി ബന്ധിപ്പിച്ച അക്കൗണ്ടിലൂടെയാണ് പണം ലഭിക്കുന്നത്. ബിപിഎല്‍, എപില്‍ എന്നിങ്ങനെ വ്യത്യാസമില്ലാതെ എല്ലാ അമ്മമാര്‍ക്കും ലഭിക്കും. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍, പൊതുമേഖല ജീവനക്കാര്‍ എന്നിവര്‍ക്ക് സഹായം ലഭിക്കില്ല. അങ്കണവാടികള്‍ വഴിയായിരുന്നു മുമ്പ് അപേക്ഷകള്‍ സ്വീകരിച്ചിരുന്നത്. എന്നാല്‍ ഇതിനായി ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ്.
Photo Courtesy : Google/ images are subject to copyright