വന്ദേ ഭാരത് സർവ്വീസ് നീട്ടുന്നു; തെളിയുന്നത് പുതിയ സാധ്യതകൾ
കേരളത്തിന്റെ വന്ദേ ഭാരത് എക്സ്പ്രസ് മംഗലാപുരത്തേക്ക് നീട്ടുന്നതോടെ മലബാർ മേഖലയിൽ തെളിയുന്നത് വൻ സാധ്യതകൾ. സ്പെയർ റേക്ക് ഉപയോഗിച്ച് പുതിയ സർവ്വീസിന് അവസരമൊരുങ്ങും എന്നതിന് പുറമെ കാസർകോട് സ്റ്റേഷനിൽ ഒഴിയുന്ന മൂന്നാം പ്ലാറ്റ്ഫോം ഉപയോഗിച്ച് പുതിയ ട്രെയിനുകൾ ഇവിടേക്ക് എത്തിക്കാൻ കഴിയും. ഇതോടെ മലബാറിലെ ട്രെയിൻ യാത്രാദുരിതത്തിന് പരിഹാരമാകുമെന്നാണ് സൂചന. നിലവിൽ ആലപ്പുഴ വഴി സർവ്വീസ് നടത്തുന്ന വന്ദേ ഭാരത് കാസർകോട്ടെ മൂന്നാം പ്ലാറ്റ്ഫോമിലാണ് നിർത്തുന്നത്. ഇത് മംഗളൂരുവിലേക്ക് നീട്ടുമ്പോൾ കണ്ണൂരിൽ യാത്ര അവസാനിപ്പിക്കുന്ന ട്രെയിനുകൾ കാസർകോട്ടേക്ക് നീട്ടാൻ കഴിയും. കണ്ണൂർ എക്സിക്യൂട്ടീവ്, കോയമ്പത്തൂർ എക്സ്പ്രസ് എന്നിവ കാസർകോട്ടേക്ക് നീട്ടുകയാണെങ്കിൽ കാഞ്ഞങ്ങാട്, കാസർകോട് ഭാഗങ്ങളിലുള്ള യാത്രക്കാർക്ക് ഇത് ഉപകാരപ്പെടും. രാത്രി എട്ടരയോടെ കണ്ണൂരിലെത്തുന്ന കോയമ്പത്തൂർ – കണ്ണൂർ എക്സ്പ്രസ് നിലവിലെ സാഹചര്യത്തിൽ കാസർകോട്ടേക്ക് നീട്ടാൻ കഴിയും. രാവിലെ ആറിന് കണ്ണൂരിൽനിന്നാണ് രാവിലെ ട്രെയിൻ യാത്ര ആരംഭിക്കുന്നത്. ഇത് കാസർകോട് നിന്ന് 4:30ന് പുറപ്പെടാനും കഴിയും. ഇതേപോലെ രാത്രി 12:30 ഓടെ കണ്ണൂരിലെത്തുന്ന ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവും കാസർകോട്ടേക്ക് നീട്ടാൻ കഴിയും.
Photo Courtesy: Google/ images are subject to copyright