രോഹിത് ജയിനിനെ റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണറായി നിയമിച്ചു
കേന്ദ്ര സർക്കാരിന്റെ പുതിയ ഉത്തരവ് പ്രകാരം റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (RBI) ഡെപ്യൂട്ടി ഗവർണറായി രോഹിത് ജയിനിനെ നിയമിച്ചു. നിലവിൽ റിസർവ് ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു അദ്ദേഹം. കഴിഞ്ഞ മാസം ഡെപ്യൂട്ടി ഗവർണർ ടി. രബി ശങ്കർ വിരമിച്ചതിനെ തുടർന്നാണ് ഈ സ്ഥാനത്തേക്ക് പുതിയ നിയമനം നടന്നിരിക്കുന്നത്. മൂന്ന് വർഷത്തേക്കാണ് രോഹിത് ജയിന്റെ നിയമനമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.
മെയ് മൂന്നാം തീയതി അദ്ദേഹം പുതിയ പദവിയുടെ ചുമതലയേൽക്കും. വരുന്ന മൂന്ന് വർഷത്തേക്ക് അല്ലെങ്കിൽ അടുത്ത ഉത്തരവ് ഉണ്ടാകുന്നത് വരെ അദ്ദേഹം ഈ സ്ഥാനത്ത് തുടരും. പ്രധാനമന്ത്രി അധ്യക്ഷനായ കാബിനറ്റ് നിയമന സമിതിയാണ് ഈ സുപ്രധാന നിയമനത്തിന് അംഗീകാരം നൽകിയത്. റിസർവ് ബാങ്കിലെ ദീർഘകാല പ്രവൃത്തിപരിചയമുള്ള ഉദ്യോഗസ്ഥൻ എന്ന നിലയിൽ സാമ്പത്തിക നയരൂപീകരണത്തിൽ രോഹിത് ജയിന്റെ സാന്നിധ്യം നിർണ്ണായകമാകും.
Photo Courtesy: Google/ images are subject to copyright

