സുനന്ദ കേസ്: തരൂരിന്റെ സഹായികള്‍ക്ക് നുണപരിശോധന നടത്തി
ന്യൂഡല്‍ഹി: സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ മൂന്ന് പേരെക്കൂടി നുണപരിശോധനക്ക് വിധേയമാക്കിയെന്ന് ഡല്‍ഹി പൊലീസ്. ശശി തരൂരിന്റെ സഹായി നാരായണ്‍ സിംഗ്, ഡ്രൈവര്‍ ബജ്റംഗി, സുഹൃത്ത് സഞ്ജയ് ധവാന് എന്നിവരെയാണ് പ്രത്യേകന്വേഷണ സംഘം നുണപരിശോധനക്ക് വിധേയരാക്കിയത്.
ദില്ലിയിലെ ഫൊറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ വെച്ചായിരുന്നു ഇവര്‍ക്ക് നുണപരിശോധന നടത്തിയത്. കേസുമായി ബന്ധപ്പെട്ട് സാക്ഷികളായ വികാസ് അഹ്ലാവത്, സഞ്ജയ് തക്രു, ആര് കെ ശര്‍മ്മ എന്നിവരെ നേരത്തെ നുണപരിശോധനക്ക് വിധേയരാക്കിയിരുന്നു. ഇതോടെ സുനന്ദ കേസില്‍ നുണപരിശോധന നടത്തിയവരുടെ എണ്ണം ആറായി.
സുനന്ദ കേസില്‍ അന്വേഷണം തുടരുകയാണ്. പരിശോധനാ ഫലം പുറത്തുവന്നിട്ടില്ലെന്നും നുണപരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണെന്നും ഡല്‍ഹി പൊലീസ് കമീഷണര്‍ ബി.എസ്. ബസ്സി മാധ്യമങ്ങളെ അറിയിച്ചു. കേസ് തെളിയിക്കാനായി ഇനിയും ഇത്തരം പരിശോധനകള്‍ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2014 മെയ് 17നാണ് ഡല്‍ഹിയിലെ ലീലാ പാലസ് ഹോട്ടലില്‍ സുനന്ദയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടത്തെിയത്. ശശി തരൂരും പാക്ക് പത്രപ്രവര്‍ത്തക മെഹര്‍ തരാറുമായുള്ള ബന്ധമാണ് സുനന്ദയുടെ മരണത്തിനു പിന്നിലെന്നും ഐ.പി.എല്ലുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണെന്നും വാര്‍ത്തകള്‍ വന്നിരുന്നു.
സുനന്ദയുടെ മരണം അസ്വാഭാവികമാണെന്ന നിഗമനത്തിലെത്തിയിരുന്ന പൊലീസ് കേസുമായി ബന്ധപ്പെട്ട് ശശി തരൂരിനെ ഇതുവരെ മൂന്ന് തവണ ചോദ്യം ചെയ്തിട്ടുണ്ട്.
Photo courtesy : Google /images may be subject to copyright

