ഗോപു നന്തിലത്ത്: ഗൃഹോപകരണ വിപണിയിൽ ദക്ഷിണേന്ത്യയിലെ ചക്രവർത്തി
ഒരു ഗൃഹോപകരണം വാങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കുമ്പോൾ ഏതൊരു മലയാളിയുടെയും മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്ന പേരാണ് ഗോപു നന്തിലത്ത് ജി – മാർട്ട്. മൂന്ന് പതിറ്റാണ്ടിനോടടുത്ത് നിൽക്കുന്ന പ്രവർത്തന പരിചയവും ജനമനസ്സുകളിൽ കൊയ്‌തെടുത്ത അപരിമേയമായ വിശ്വാസവുമാണ് ഈ പ്രതിഭാസത്തിന് നിദാനം.
കേരളത്തിന്റെ സാംസ്‌ക്കാരിക തലസ്ഥാനമായ തൃശ്ശൂരിലെ ‘കുറുപ്പം റോഡിൽ’ ഗൃഹോപകരണങ്ങളുടെ വിൽപ്പനയ്ക്കായ് ശ്രീ. ഗോപു നന്തിലത്ത് നാന്ദി കുറിച്ച ഒരു ചെറിയ സ്ഥാപനം; ഇന്നത് വളർന്ന് പന്തലിച്ച് കേരളത്തിലുടനീളമായ് അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഇരുപതോളം ഷോറൂമുകളുള്ള വലിയ സാമ്രാജ്യമായ് കീർത്തിമുദ്ര പതിപ്പിച്ചിരിക്കുന്നു. ഇത് ഉപഭോക്താക്കളുടെ മനസ്സും, വിശ്വാസവും കവരുന്ന അതുല്യ സേവനം പ്രദാനം ചെയ്ത് വിജയത്തിന്റെ ഗിരിശൃംഗങ്ങൾ ഓരോന്നായ് കീഴടക്കികൊണ്ടിരിക്കുന്ന യുഗപ്രഭാവമായ ഗോപു നന്തിലത്ത് ഗ്രൂപ്പിന്റെ വീരഗാഥയാണ്.
പരശുരാമന്റെ മണ്ണിൽ ഒരു ‘ഡിജിറ്റൽ യുഗത്തിന്’ തിരിതെളിയിച്ചത് ശ്രീ. ഗോപു നന്തിലത്താണ് . തൃശ്ശൂരിൽ ആരംഭിച്ച പുതിയ നന്തിലത്ത് ജി – മാർട്ട് ഇദ്ദേഹത്തിന്റെ വളർച്ചയുടെ സോപാനത്തിൽ പുതിയൊരു ചുവട്‌വെയ്പ്പായിരുന്നു. രാജ്യ-രാജ്യാന്തര തലങ്ങളിലെ ഇരുന്നൂറിൽപ്പരം ബ്രാൻഡുകളുമായ് ഇന്ത്യയിലെ ഏറ്റവും മികച്ച ഗൃഹോപകരണ വ്യാപാര ശൃംഖലയായ് മാറുവാൻ ജി-മാർട്ടിനു കഴിഞ്ഞു. കേരളത്തിലുടനീളമുളള നന്തിലത്ത് ജി – മാർട്ടിന്റെ ഷോറൂമുകൾ വഴി ഉപഭോക്താക്കൾക്ക് രാജ്യാന്തര പ്രശസ്തമായ ബ്രാൻഡുകളുടെ അതിനൂതനവും അത്യപൂർവ്വ വുമായ ഗൃഹോപകരണങ്ങൾ ലഭ്യമാകുന്നുണ്ട്. മറ്റാർക്കും അവകാശപ്പെടാനാവാത്ത അനുഭവ സമ്പത്തും, വില്പനയ്ക്ക് മുമ്പും, വില്പനാനന്തരവും ഉപഭോക്താക്കൾക്ക് നൽകി വരുന്ന ആത്മാർത്ഥ സേവനവും കൈമുതലാക്കി ഈ മേഖലയിൽ അജയ്യനായ് ഗോപു നന്തിലത്ത് ഗ്രൂപ്പ് നിലകൊളളുന്നു. ഞങ്ങളുടെ അസ്സോസിയേറ്റ് എഡിറ്റർ ബിജോയ് ജോർജ്ജ് ശ്രീ.ഗോപു നന്തിലത്തുമായ് സംസാരിക്കുന്നു.
താങ്കൾ ഈ വ്യാപാരമേഖലയിലേക്ക് കടന്നുവന്ന സാഹചര്യം ഞങ്ങളുടെ വായനക്കാരുമായ് പങ്ക് വയ്ക്കാമോ?
തീർച്ചയായും; 1984 ൽ ആണ് തൃശ്ശൂരിലെ കുറുപ്പം റോഡിൽ നന്തിലത്തിന്റെ ആദ്യ ഷോറൂം തുടങ്ങിയത്. അന്താരാഷ്ട്ര നിലവാരവും അക്കാലത്തെ നൂതന സാങ്കേതികവിദ്യയും ഒത്തിണ ങ്ങിയ ഗൃഹോപകരണങ്ങൾ കേരളത്തിലെ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുകയായിരുന്നു എന്റെ ലക്ഷ്യം. അന്നത്തെ പല പ്രമുഖ ബ്രാൻഡുകളും ഇന്ന് ഇല്ല, ഇന്ന് വിരലിലെണ്ണാവുന്ന ഇന്ത്യൻ ബ്രാന്റുകൾ മാത്രമേ വിപണിയിലുള്ളു. ബാക്കിയെല്ലാം ലോകം മുഴുവൻ ലഭ്യമാകുന്ന ഇന്റർനാഷണൽ ബ്രാന്റുകളാണ്. കേരളത്തിൽ ടെലിവിഷന്റെ പ്രചാരം വളർന്നതും ഏതാണ്ട് ഈ കാലത്തു തന്നെയാണ്. അന്ന് ആളുകൾ ഉൽപ്പന്നങ്ങൾ വാങ്ങിയിരുന്നത് ആയുഷ്‌ക്കാലത്തേക്ക് എന്ന രീതിയിൽ അല്ലെങ്കിൽ അത്തരമൊരു കാഴ്ചപ്പാടിലായിരുന്നു. എന്നാലും ഈ മേഖലയിൽ പുരോഗതി കൈവരിക്കാനാവുമെന്ന വിശ്വാസം ഞങ്ങൾക്കുണ്ടായിരുന്നു. ആ വിശ്വാസവും ഞങ്ങൾ ഉയർത്തിപ്പിടിച്ച ആദർശങ്ങളും മൂല്യങ്ങളുമാണ് ഇന്നും ഞങ്ങളെ നയിക്കുന്നത്.
വളർച്ചയ്ക്ക് കാരണമായ് എന്തെങ്കിലും വഴിത്തിരിവുകൾ? അല്ലെങ്കിൽ ഇത് സ്വാഭാവികമോ, യാദൃശ്ചികമോ ആയി കരുതിയാൽ മതിയോ……….?
യാദൃശ്ചികം എന്ന് ഒരിക്കലും കരുതാനാവില്ല. കാരണം, വ്യാപാരരംഗത്ത് അനുസ്യൂതം പുരോഗതി കൈവരിക്കുവാനുളള ദീർഘവീക്ഷണവും, പ്രവർത്തനവും ഞങ്ങൾക്ക് ഉറച്ച അടിത്തറ നൽകിയിരുന്നു. തന്മൂലം വളർച്ച എന്നത് നിസ്സംശയമായ കാര്യമായിരുന്നു. മാത്രമല്ല ഒരു സ്ഥാപനം വളരണമെങ്കിൽ ഉപഭോക്താക്കളുടെ സംതൃപ്തി പരമപ്രധാനമാണ്. ഉപഭോക്താക്കളുടെ പിന്തുണയില്ലാതെ ഒരു സ്ഥാപനത്തിനും വളരുവാൻ കഴിയുകയില്ല. കഴിഞ്ഞ 30 വർഷങ്ങളായി ഞങ്ങൾ ജനങ്ങൾക്ക് നൽകി വരുന്ന ഉന്നത ഗുണനിലവാരമുളള ഉല്പന്നങ്ങളും, വിൽപ്പനാനന്തര സേവനങ്ങളുമാണ് ഞങ്ങളുടെ വളർച്ചയെ ത്വരിതപ്പെടുത്തിയത്. എന്നിരുന്നാലും 2004ൽ തൃശ്ശൂരിൽ നന്തിലത്ത് ജി – മാർട്ട് ആരംഭിച്ചത് വലിയൊരു വഴിത്തിരിവാണെന്നും ഞാൻ കരുതുന്നു. ഇത് കേരളത്തിലെ തന്നെ ഏറ്റവും വിശാലമായ ഗൃഹോപകരണ ഷോറൂമുകളിൽ ഒന്നാണ്.
എന്തുകൊണ്ട് ഗൃഹോപകരണങ്ങൾ ?
സൗകര്യമാർന്ന ജീവിതാന്തരീക്ഷമാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. വാഷിംഗ് മെഷീനും, എയർ കണ്ടീഷനും ഒരു സമയത്ത് ആഡംബരമായിട്ടായിരുന്നു കണ്ടിരുന്നത്. എന്നാൽ ഇന്ന് ഇവയൊക്കെ വീടുകളിൽ സർവ്വസാധാരണമായിരിക്കുന്നു. മാത്രമല്ല കാലത്തിനനുസരിച്ച് ഗൃഹോപകരണങ്ങൾ നവീകരിക്കുവാനും ആളുകൾ ആഗ്രഹിക്കുന്നു. തൊണ്ണൂറുകളിൽ 165 ലിറ്റർ റെഫ്രിജറേറ്ററായിരുന്നുവെങ്കിൽ ഇന്ന് ഉപഭോക്താക്കൾ ആഗ്രഹിക്കുന്നത് ഡബിൾ ഡോർ ഉള്ള റെഫ്രിജറേറ്ററുകളാണ്. അതുപോലെ തന്നെ ഇരുപതും, ഇരുപത്തൊന്നും ഇഞ്ച് CRT ടെലിവിഷനുപകരം ഇന്ന് വിപണിയിലുളളത് 3D LED ടെലിവിഷനുകളാണ്. ആധുനിക സൗകര്യങ്ങൾ ജനങ്ങൾ ആഗ്രഹിക്കുന്നതിന്റെ തെളിവാണിത്. അതുകൊണ്ടു തന്നെ ഈ വ്യാപാര മേഖലയിലെ വളർച്ചയ്ക്കുളള സാധ്യത ഏറെയാണ്. എന്നാൽ അതിനെക്കാൾ ഉപരി ജനങ്ങൾ ആഗ്രഹിക്കുന്ന സൗകര്യങ്ങൾ നൽകി അവരെ സംതൃപ്തരാക്കാൻ കഴിയുന്നുവെന്നതാണ് പ്രധാനം.
താങ്കൾ ആദർശങ്ങളെക്കുറിച്ചും, മൂല്യങ്ങളെക്കുറിച്ചും സൂചിപ്പിച്ചിരുന്നല്ലോ…, ഒന്ന് വിശദീകരി ക്കാമോ?
ഉപഭോക്താക്കൾക്ക്, ലഭിക്കാവുന്നതിൽ ഏറ്റവും മികച്ച സൗകര്യങ്ങൾ നൽകുവാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. അതു തന്നെയാണ് കൂടുതൽ ഉപഭോക്താക്കളെ ഞങ്ങളിലേക്കാകർഷി ക്കുന്നതെന്നും ഞങ്ങൾ വിശ്വസിക്കുന്നു. സേവകർക്ക് രാജാവെന്നപോലെയാണ് ഞങ്ങൾക്ക് ഉപഭോക്താക്കളും. അതുകൊണ്ടു തന്നെ അവരുടെ ആവശ്യങ്ങൾ മനസ്സിലാക്കി വേണ്ടതു ചെയ്തു കൊടുക്കുവാനും പ്രത്യേകിച്ച് ‘അംഗീകൃത സർവ്വീസുകൾ’ സാധ്യമായ രീതിയിൽ അവർക്ക് നൽകുവാനും ഞങ്ങൾ ശ്രദ്ധിക്കുന്നു. അങ്ങനെ ഒരിക്കൽ നന്തിലത്ത് ജി – മാർട്ടിൽ നിന്നും ഉപകരണങ്ങൾ വാങ്ങുന്ന ഒരു വ്യക്തി തുടർന്നും ഉൽപ്പന്നങ്ങൾ വാങ്ങുമ്പോൾ ഞങ്ങളുടെ സേവനങ്ങൾ തന്നെ തിരഞ്ഞെടുക്കുമെന്ന് ഞങ്ങൾ ഉറപ്പുവരുത്തുന്നു. കഠിനാദ്ധ്വാനത്തിന് പകരം വയ്ക്കാൻ മറ്റൊന്നിനുമാവില്ലെന്ന് ഞാൻ വിശ്വസിക്കുന്നു.
കഴിഞ്ഞ 30 വർഷങ്ങളായി താങ്കൾ ഈ മേഖലയിൽ; ഉപഭോക്താക്കളുടെ പ്രതികരണം….?
ഈ യാത്രയിലുടനീളം ആത്മാർത്ഥമായ് ഞങ്ങളോട് സഹകരിക്കുകയും പിന്തുണ യ്ക്കുകയും ചെയ്ത ഉപഭോക്താക്കളുടെ നീണ്ട ഒരു ശ്രേണി തന്നെയുണ്ട്. അത് വെളിവാക്കുന്ന ഒരുപാട് സന്ദർഭങ്ങളും ഉണ്ടായിട്ടുണ്ട്. അവർ തന്നുകൊണ്ടിരിക്കുന്ന നല്ല നിർദ്ദേശങ്ങൾ ഞങ്ങ ളുടെ പുരോഗതിക്ക് വലിയ സഹായം ചെയ്യുന്നുണ്ട്. ചില ഉപഭോക്താക്കൾ നൽകിയ നവീന ചിന്തകളും ആശയങ്ങളും പകരം വയ്ക്കാനാവാത്തതാണ്. ഞങ്ങളുടെ NRI ഉപഭോക്താക്കളും എന്നും ഞങ്ങളെ തുണച്ചിട്ടുണ്ട്. അവരിൽ പലരും ഷോറൂമിലേക്ക് വിദേശത്തു നിന്നും ഫോൺ ചെയ്ത് തങ്ങളുടെ പ്രിയപ്പെട്ടവർക്കായ് ഗൃഹോപകരണങ്ങൾ ആവശ്യപ്പെടാറുണ്ട്. അതനുസരിച്ച് തന്നെ ഏറ്റവും മികച്ച ഗൃഹോപകരണങ്ങളും, സേവനങ്ങളും നൽകിക്കൊണ്ട് അവർ ഞങ്ങളിലർ പ്പിക്കുന്ന വിശ്വാസം തെല്ലും കോട്ടം തട്ടാതെ ഞങ്ങൾ കാക്കുന്നുണ്ട്.
ഉപഭോക്താക്കൾ സംതൃപ്തരാണ്; താങ്കളുടെ ജീവനക്കാരോ?
(ചിരിച്ചുകൊണ്ട്) വിശന്നിരിക്കുന്ന ഒരാൾക്ക് മറ്റൊരാളെ ഊട്ടാനാവില്ലെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. ഉപഭോക്താക്കളുമായി നേരിട്ട് കൂടുതലും ഇടപഴകുന്നത് ജീവനക്കാരാണ്. അവരുടെ ആത്മാർത്ഥ സഹകരണത്തിലൂടെയാണ് വ്യാപാരം വികസിക്കുന്നത്. അതുകൊണ്ട് തന്നെ ഉപഭോക്താക്കളുടെ സംതൃപ്തി പോലെ തന്നെ പ്രസക്തമാണ് ജീവനക്കാരുടെയും. എന്നോടൊപ്പം ആരംഭം മുതൽ തന്നെ പ്രവർത്തിച്ച നല്ലൊരു ശതമാനം ജീവനക്കാരും ഇന്നുമുണ്ട്. മാത്രമല്ല അർഹമായ വേതനവും, ഇൻസെന്റീവുകളും കൃത്യമായ സ്ഥാനക്കയറ്റുകളും നൽകിയാൽ ഒരു സ്ഥാപന ത്തിലേയും ജീവനക്കാർ വ്യക്തിപരമായ മറ്റു കാരണങ്ങളില്ലാതെ വിട്ടുപോവില്ലെന്നും ഞാൻ വിശ്വസിക്കുന്നു.
വളർച്ചയെ സ്വയം വിലയിരുത്തുകയാണെങ്കിൽ ഇന്ന് താങ്കളുടെ സ്ഥാപനം എവിടെയെത്തി നിൽക്കുന്നു?
ഗൃഹോപകരണങ്ങൾ പ്രദാനം ചെയ്യുന്നതിൽ ഞങ്ങളിന്ന് ദക്ഷിണേന്ത്യയിൽ ഒന്നാമതാണ്. ഇന്ന് കോഴിക്കോട് മാവൂർ റോഡിലും, കണ്ണൂരിൽ താഴെ ചൊവ്വയിലും, തിരുവനന്തപുരത്ത് കരമനയിലും, പട്ടത്തും, കൊച്ചിയിൽ ഇടപ്പള്ളിയിലും, പെരിന്തൽ മണ്ണയിൽ കാലിക്കറ്റ് റോഡിലും, ഇരിങ്ങാലക്കുടയിൽ താനയിലും, കൊല്ലത്ത് കടപ്പാക്കടയിലും, കൊയിലാണ്ടിയിൽ മെയിൻ റോഡിലും, വടകരയിൽ ബൈപ്പാസ് റോഡിലും, വാടാനപ്പള്ളി, മേലേ പട്ടാമ്പി, മണ്ണാർക്കാട്, ആലപ്പുഴ, തൊടുപുഴ തുടങ്ങിയ സ്ഥലങ്ങളിലായി ഇരുപതോളം ഷോറൂമുകൾ ഞങ്ങൾക്കിന്നുണ്ട്. ഇപ്പോൾ ഇടപ്പള്ളിയിൽ പുതിയൊരു ഷോറൂം ഉത്ഘാടനത്തിനൊരുങ്ങുകയാണ്. പ്രാദേശികവും രാജ്യാന്തരവും ഉൾപ്പെടെ ഇരുന്നൂറിലധികം ബ്രാൻഡുകളും രണ്ടായിരത്തിൽപരം ഉൽപ്പന്നങ്ങളും ഞങ്ങളിൽ വിശ്വാസമർപ്പിച്ച 2 കോടിയിലധികം ഉപഭോക്താക്കളും ഞങ്ങൾക്കുണ്ടെന്ന് അഭിമാനത്തോടുകൂടി പറയുവാൻ സാധിക്കും. എല്ലാ പ്രധാന ബ്രാൻഡുകളുടെയും വില്പനയിൽ ദക്ഷിണേന്ത്യയിൽ തുടർച്ചയായി ഒന്നാം സ്ഥാനത്തു നിൽക്കുന്നത് നന്തിലത്ത് ജി മാർട്ടാണ്. വ്യാപാര സേവന രംഗത്തെ ഞങ്ങളുടെ മികച്ച പ്രവർത്തനത്തിന് 2012 ൽ മുഖ്യമന്ത്രി ശ്രീ. ഉമ്മൻചാണ്ടിയിൽ നിന്നും ഞാൻ സ്വീകരിച്ച ടൈംസ് ഓഫ് ഇന്ത്യയുടെ ബിസിനസ്സ് എംപറർ അവാർഡ് ഉൾപ്പെടെ ആയിരത്തിലധികം അവാർഡുകളും ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരത്തും, കൊച്ചിയിലും, തിരുവല്ലയിലും പുതിയ ഷോറൂമുകൾ തുടങ്ങുവാനുളള ഒരുക്കത്തിലാണ് ഇപ്പോൾ. ഉപഭോക്താക്കൾ നൽകിവരുന്ന പിന്തുണയാണ് ഈ പുതിയ സംരംഭങ്ങൾക്കെല്ലാം പ്രചോദനം.
അടുത്ത ചുവടു വയ്പ്പ്, അല്ലെങ്കിൽ ലക്ഷ്യം?
30 വർഷത്തെ അനുഭവസമ്പത്തും ഗൃഹോപകരണ വിപണിയെക്കുറിച്ചുളള അറിവിന്റെയും ഫലമായാണ് ഗോപു നന്തിലത്തിന്റെ ഒരു ശൃംഖല ഇവിടെ രൂപമെടുത്തത്. അന്താരാഷ്ട്ര ബ്രാൻഡുകളെ ഒരു കുടക്കീഴിൽ അണിനിരത്തിക്കൊണ്ട് ഉപഭോക്താക്കൾക്ക് ഒരു ‘ഇന്റർനാഷണൽ ഷോപ്പിംഗ്’ അനുഭവമാണ് ഞങ്ങൾ നൽകുന്നത്. ഇത് ഞങ്ങളുടെ എല്ലാ നല്ല ഉപഭോക്താക്കളുടെയും അഭ്യുദയകാംക്ഷികളുടെയും പിന്തുണയോടും, അനുഗ്രഹത്തോടും കൂടെയാണ് സാധ്യമായത്. മാത്രമല്ല കേരളത്തിന്റെ മറ്റു നഗരങ്ങളിലേക്ക് കൂടി ഞങ്ങളുടെ സാന്നിദ്ധ്യം വ്യാപിപ്പിച്ചുകൊണ്ട് ഷോറൂമുകളുടെ എണ്ണം 50 ആയി ഉയർത്തുവാനും ഞങ്ങൾ ലക്ഷ്യമിടുന്നു.
മറ്റ് വാണിജ്യ മേഖലകളിലേക്ക് കൂടി കടന്ന് ചെല്ലാൻ പദ്ധതികളുണ്ടോ?
ഓരോരുത്തർക്കും അവരവരുടേതായ പ്രവർത്തനമണ്ഡലങ്ങളുണ്ട്. ഗൃഹോപകരണ വ്യാപാരമാണ് എന്റെ മേഖല. ഇതിൽ ഏറ്റവും മികച്ചതായിരിക്കുക എന്നതിലാണ് എന്റെ ശ്രദ്ധ. മറ്റൊരു മേഖലയിലേക്ക് കടക്കുക എന്നു പറഞ്ഞാൽ ഞങ്ങളുടെ ശക്തികേന്ദ്രത്തിൽ നിന്നും ശ്രദ്ധ തിരിക്കുക എന്നാണ്. ഈ മേഖലയിൽത്തന്നെ പുതിയ മാനങ്ങൾ കൈവരിക്കുവാനുളള അവസരം എന്റെ മുന്നിലുണ്ട്. എന്റെ മുഴുവൻ ശ്രദ്ധയും ഇപ്പോൾ ഇതിൽ മാത്രമാണ്.
പല വ്യവസായ സംരംഭകരും കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങൾ തങ്ങൾക്ക് പറ്റിയതല്ലെന്ന് പറഞ്ഞ് അന്യ സംസ്ഥാനങ്ങളിലേക്കും, വിദേശ രാജ്യങ്ങളിലേക്കും കുടിയേറാറുണ്ട്. താങ്കളുടെ അഭിപ്രായം എന്താണ്?
രാഷ്ട്രീയ സാഹചര്യങ്ങൾ എന്തു തന്നെയായാലും ഉപഭോക്താക്കൾക്ക് അവർ ആഗ്രഹിക്കുന്ന സേവനങ്ങൾ സത്യസന്ധമായി നൽകുവാൻ കഴിയുന്നിടത്തോളം കാലം ഇത്തരമൊരു ചിന്തയ്ക്ക് യാതൊരു പ്രസക്തിയും ഞാൻ കാണുന്നില്ല. പ്രതിസന്ധികളുണ്ടായാൽ അതിൽ നിന്നും ഒളിച്ചോടുന്ന ഒരു വ്യക്തിയല്ല ഞാൻ, അതിനെ ഒരു വെല്ലുവിളിയായി സ്വീകരിച്ച് വിജയിപ്പിക്കുന്ന തിലാണ് എനിക്ക് താല്പര്യം. പിന്നെ കേരളത്തിന് വെളിയിലേക്ക് ബിസിനസ്സ് വ്യാപിപ്പിക്കുന്നതി നോട് എതിർപ്പും എനിക്കില്ല. കേരളത്തിൽ പരമാവധി വളർച്ച കൈവരിച്ചതിനു ശേഷം മറ്റ് സംസ്ഥാനങ്ങളിലേക്ക് കൂടി നന്തിലത്ത് ഗ്രൂപ്പിനെ വ്യാപിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഇതിൽ തമിഴ്‌നാടാണ് ആദ്യം ഞാൻ ലക്ഷ്യം വഹിക്കുന്നത്. അതുപോലെ തന്നെ ദുബായിയിലെ വേൾഡ് എക്‌സ്‌പോ 2020യെ ഞാൻ ആകാംഷയോടെയാണ് നോക്കി കാണുന്നത്. പഠനങ്ങളും, തയ്യാറെടു പ്പുകളും ആവശ്യമാണ്; അനുകൂലമായ സാഹചര്യങ്ങൾ ഒത്തുവന്നാൽ നന്തിലത്ത് ഗ്രൂപ്പിനെ വിദേശങ്ങളിലും നിങ്ങൾക്ക് പ്രതീക്ഷിക്കാം.
ഓൺലൈൻ ഷോപ്പിംഗുകൾ പ്രചാരത്തിലാവുന്ന കാലമാണല്ലോ. പാരമ്പര്യ രീതിയിലുളള വ്യാപാരത്തെ ഏതെങ്കിലും രീതിയിൽ ഇത് ബാധിക്കുന്നുണ്ടോ?
ഒരു കാര്യം ശരിയാണ്. ഇന്ന് ഓൺലൈൻ ഷോപ്പിംഗ് ഒരു ഫാഷനായിരിക്കുന്നു. എന്നാൽ നിലവിൽ പല ഓൺലൈൻ സ്ഥാപനങ്ങളും ഗൃഹോപകരണ രംഗത്ത് അത്ര വിജയമാണെന്ന് ഞാൻ കരുതുന്നില്ല. അതിനു പ്രധാന കാരണം മിക്ക ഗൃഹോപകരണങ്ങൾക്കും ‘ഇൻസ്റ്റാളേഷന്റെ’ ആവശ്യമുണ്ട്. ഇത്തരം സേവനങ്ങൾ ഈ സ്ഥാപനങ്ങൾ ഓൺലൈനിലൂടെ ലഭ്യമാക്കുന്നില്ല. അവർക്ക് ചെയ്യാവുന്നത് ഉപകരണങ്ങൾ കൊറിയർ ചെയ്ത് അയച്ചുകൊടുക്കുക എന്നതാണ്. കൊറിയർ വീടുകളിൽ എത്തിക്കുന്നവർക്ക് ഉപകരണങ്ങൾ ഇൻസ്റ്റാൾ ചെയ്യാനാ വുമോ? മാത്രമല്ല അവർ ഒരു പക്ഷെ ഉല്പന്നങ്ങൾ വീടിനുള്ളിലേക്ക് ചിലപ്പോൾ വച്ചു തന്നില്ലെന്ന് വരും. ഇങ്ങനെയുളള അനുഭവം ഞങ്ങളുടെ ഉപഭോക്താക്കൾക്ക് ഉണ്ടാവില്ലെന്ന് ഞാൻ ഉറപ്പുവരു ത്തുന്നു. സുരക്ഷിതമായ് ഉപകരണങ്ങൾ വീടുകളിൽ എത്തിച്ച് ‘ബേസിക് ഇൻസ്റ്റാളേഷൻ’ നടത്തുകയും പിന്നീടുളള എന്ത് സേവനങ്ങൾക്കും ഞങ്ങൾ വീഴ്ച വരുത്താതെ ഉപഭോക്താ ക്കൾക്ക് സംതൃപ്തി നൽകുകയും ചെയ്യുന്നു. മറ്റൊരു പ്രധാനകാര്യം, മിക്ക ഉപഭോക്താക്കളും ഉല്പന്നങ്ങൾ നേരിട്ടു കണ്ട് മറ്റു ലഭ്യമായ ഉൽപ്പന്നങ്ങളുമായ് താരതമ്യം ചെയ്യുവാൻ ആഗ്രഹിക്കുന്നവരാണ്. ഇവിടെ സേൽസ് അഡൈ്വസേഴ്‌സിന് പ്രസക്തിയുണ്ട്. എന്നാൽ ഇത്തരം സൗകര്യങ്ങൾ നൽകാൻ ഓൺലൈൻ ഷോപ്പിംഗിനു കഴിയുകയില്ല. അതുകൊണ്ട് തന്നെ പാരമ്പര്യ രീതിയിലുളള വ്യാപാരത്തിന് പ്രസക്തിയും നല്ല ഭാവിയുമുണ്ട്.
ഇത്തരം ഒരു വിലയിരുത്തലോടുകൂടിത്തന്നെ, ഓൺലൈൻ ഷോപ്പിംഗിന് അതിന്റേതായ ചില നല്ല വശങ്ങളുമുണ്ടെന്ന് ഞാൻ പറയട്ടെ. ഇന്നത്തെ തിരക്കേറിയ ജീവിത സാഹചര്യത്തിൽ പലർക്കും നേരിട്ട് ഷോറൂമുകളിൽ പോകുവാൻ സാധിച്ചെന്ന് വരില്ല. അങ്ങനെയുളളവർക്ക് ഓൺലൈൻ ഒരു എളുപ്പമാർഗ്ഗമാണ്. മാത്രമല്ല ചിലവുകൾ കുറയ്ക്കുവാനും സാധിക്കും. സാധാരണ ഗതിയിൽ ഒരു ഷോറൂം നടത്തുമ്പോൾ വരുന്ന കെട്ടിട വാടക, നികുതി, വൈദ്യുതി, വെള്ളം, സെക്യൂരിറ്റി, ജീവനക്കാർ തുടങ്ങി നിരവധി കാര്യങ്ങൾക്കായി വിനിയോഗിക്കുന്ന തുക ഓൺലൈൻ ബിസിനസ്സിൽ ലാഭിക്കുവാൻ സാധിക്കും. ഈ സാഹചര്യം മനസ്സിലാക്കി ഞാനും ഒരു ഓൺലൈൻ സംവിധാനം ഒരുക്കിയിട്ടുണ്ട്. ഞങ്ങളുടെ സൈറ്റ് www.nandilathgmart.com. ഓൺലൈനിലൂടെ ഉപകരണങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഈ സൈറ്റിലൂടെ അത് സാധിക്കും. മാത്രമല്ല ഞങ്ങളുടെ ഷോറൂമിൽ നിന്നും ലഭിക്കുന്ന എല്ലാ സൗകര്യങ്ങളും യാതൊരു വീഴ്ചയും കൂടാതെ തന്നെ നിങ്ങൾക്ക് ലഭിക്കുന്നതുമാണ്.
ഫെസ്റ്റിവൽ സീസൺ വരികയാണ്. എന്തൊക്കെയാണ് പുതിയ ഓഫറുകൾ?
നന്തിലത്ത് ഗ്രൂപ്പിനെ സംബന്ധിച്ച് ഫെസ്റ്റിവൽ സീസൺ കഴിഞ്ഞ ഓണം മുതൽ തുടരുകയാണ്. ഓണത്തിന് ആരംഭിച്ച ‘ജി മാർട്ട് ഉത്സവ്’ 2014 ജനുവരി 31 വരെയുണ്ട്. രണ്ട് സ്റ്റുഡിയോ അപ്പാർട്ട്‌മെന്റുകളും, 25 നാനോ കാറുകളും ഞങ്ങൾ സമ്മാനങ്ങളായി നൽകുന്നുണ്ട്. ഇതിൽ ആദ്യത്തെ 16 വിജയികളെ നറുക്കെടുപ്പിലുടെ പ്രഖ്യാപിക്കുകയും 15 വിജയികൾക്ക് ടാറ്റ നാനോ കാർ സമ്മാനമായി നൽകുകയും ചെയ്തു. ബാക്കി 9 നാനോ കാറുകളും 2 അപ്പാർട്ട്‌മെന്റുകളും ജനുവരി 31നു ശേഷം നറുക്കെടുത്ത് വിജയികൾക്ക് നൽകും. ഇത് കൂടാതെ സ്‌പെഷ്യൽ ഡിസ്‌ക്കൗണ്ടുകളും ക്രിസ്തുമസ്സ്-ന്യൂഇയറിനോടനുബന്ധിച്ച് നൽകുന്നുണ്ട്.
താങ്കളുടെ ജോലി വളരെ സമയം ആവശ്യപ്പെടുന്ന ഒന്നാണ്. ഇതിനിടയിൽ വിശ്രമ വേളകൾ കിട്ടാറുണ്ടോ? താങ്കളുടെ ഇഷ്ടവിനോദങ്ങൾ?
യാത്രകൾ ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ് ഞാൻ. ലോകത്തെ മിക്ക രാജ്യങ്ങളിലും ഞാൻ സഞ്ചരിച്ചിട്ടുണ്ട്. ഇതെന്നെ ഒരു ‘വേൾഡ് സിറ്റിസൺ’ ആക്കി മാറ്റിയെന്നു തന്നെ പറയാം. ഈ യാത്രകളിലൂടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ വാണിജ്യ – വ്യാപാര മേഖലകളെക്കുറിച്ച് പഠിക്കുവാനും നല്ല ആശയങ്ങൾ എന്റെ സ്ഥാപനങ്ങളിൽ പ്രാവർത്തികമാക്കുവാനും ഉപകരി ച്ചിട്ടുണ്ട്. ഞാൻ ക്രിക്കറ്റിന്റെ ഒരു ആരാധകനാണ്. ക്രിക്കറ്റ് മാത്രമല്ല മറ്റെല്ലാ കായിക ഇനങ്ങളും എനിക്ക് ഒരുപോലെ ഇഷ്ടമാണ്. പല ഫുട്‌ബോൾ ലോകകപ്പ് ഫൈനലുകളും ഞാൻ കണ്ടിട്ടുണ്ട്. അടുത്ത ബ്രസ്സീൽ വേൾഡ് കപ്പിനായി ഞാൻ കാത്തിരിക്കുകയാണ്. പാക്കിസ്ഥാനിലേക്ക് ഒരു സ്‌പെഷ്യൽ വിസയുമായ് ക്രിക്കറ്റ് കാണുവാൻ ഞാൻ യാത്ര ചെയ്തിട്ടുണ്ട്. അതുപോലെ ഒളിമ്പിക്‌സും മറ്റു പ്രധാന കായിക മത്സരങ്ങളും കാണുവാൻ സാധിച്ചിട്ടുണ്ട്. അതുപോലെ തന്നെ ഒരിക്കൽ ശ്രീലങ്കയിൽ വച്ച് ക്രിക്കറ്റ് ഇതിഹാസമായ സച്ചിൻ ടെണ്ടുൽക്കർക്ക് ‘മാൻ ഓഫ് ദ മാച്ച്’ അവാർഡ് നൽകുവാനുളള അവസരം ലഭിച്ചത് എനിക്ക് ലഭിച്ച ഒരു ബഹുമതിയായ് ഞാൻ കാണുന്നു.
ലോകം മുഴുവൻ ചുറ്റുന്നതിനിടയിൽ തൃശ്ശൂർപൂരത്തെ മറന്നുപോകാറുണ്ടോ?
ഏതൊരു തൃശ്ശൂർകാരന്റെയും സ്വകാര്യ അഹങ്കാരമാണ് പൂരം. ഓർമ്മ വെച്ച നാൾ മുതലേ ഞാൻ പൂരം കാണാറുണ്ട്. എന്റെ 3 ആനകൾ പൂരത്തിന് അണിനിരക്കുന്നുണ്ട്. പൂരത്തിന്റെ ലഹരിയിൽ ആബാലവൃദ്ധം ജനങ്ങളും സ്വയം മറന്ന് ആസ്വദിക്കുമ്പോൾ അക്കൂട്ടത്തിലൊരാളായ് ഞാനും മുടങ്ങാതെ പൂരം ആസ്വദിക്കുന്നു.
ഒരുപാട് രാജ്യങ്ങൾ താങ്കൾ സന്ദർശിച്ചിട്ടുണ്ടല്ലോ, ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം?
എല്ലാ സ്ഥലങ്ങൾക്കും അതിന്റേതായ ചാരുതയും ആകർഷകത്വവുമുണ്ട്. ഒരു സഞ്ചാ രിയെന്ന നിലയിൽ എല്ലാ യാത്രകളും ഞാൻ ആസ്വദിച്ചിട്ടുണ്ട്. ഇതിൽ നിന്നും പ്രത്യേകിച്ച് ഒരു സ്ഥലം ചോദിക്കുകയാണെങ്കിൽ… ന്യൂസിലന്റ്, അതിമനോഹരമായ ദ്വീപുകളും, സ്ഥലങ്ങളും. അവിടത്തെ ജനങ്ങളുടെ സൗഹൃദപരമായ പെരുമാറ്റവും എടുത്തുപറയേണ്ടതാണ്. ന്യൂസിലന്റിനെ പ്പോലെ തന്നെ സുന്ദരമായ ഒരു സ്ഥലമാണ് ഓസ്‌ട്രേലിയയും.
താങ്കളുടെ കുടുംബത്തെക്കുറിച്ച്…
ഞാൻ തൃശ്ശൂരിൽ സ്ഥിരതാമസക്കാരാണ്. എന്റെ ഭാര്യ ഷൈനി എന്നും എന്റെയും, സ്ഥാപനത്തിന്റെയും ഉയർച്ചയ്ക്ക് പിന്നിൽ പ്രധാന പങ്ക് വഹിക്കുന്നു. എന്റെ മകൾ ഐശ്വര്യ സുജിത്ത് നന്തിലത്തും, മകൻ അർജ്ജുൻ നന്തിലത്തും എന്നോടൊപ്പമുണ്ട്. അർജ്ജുൻ ഉപരിപഠനത്തിനായി ലണ്ടനിലേക്ക് പോകുവാൻ ഒരുങ്ങുകയാണ്. ഇപ്പോഴത്തെ ‘ന്യൂ ജനറേഷന്റെ’ ഇഷ്ടാനിഷ്ടങ്ങൾ മനസ്സിലാക്കുവാൻ അവർ എന്നെ തീർച്ചയായും സഹായിക്കുന്നുണ്ട്.
അവസാനമായി താങ്കളുടെ ഓഫീസിൽ സകല ദൈവങ്ങളുടെയും ചിത്രങ്ങൾ വച്ചിരിക്കുന്നതി നെക്കറിച്ച്……
താൻ പാതി ദൈവം പാതി എന്നാണല്ലോ…പിന്നെ എല്ലാ മതവിശ്വാസങ്ങളും, എല്ലാ ദൈവങ്ങളും ഒന്നാണെന്നാണ് ഗുരുകാരണവന്മാർ എന്നെ പഠിപ്പിച്ചിട്ടുളളത്. ആ വിശ്വാസം എന്നിൽ ഇന്നുമുണ്ട്. അതെന്നും എനിക്കൊരു ശക്തി സ്രോതസ്സാണ്.