ഒറ്റയടിയ്ക്ക് 2000 യാത്രക്കാർ ; സൗകര്യമൊരുക്കി സിയാൽ

ഒരു മണിക്കൂർ കൊണ്ട് രണ്ടായിരം രാജ്യാന്തര യാത്രക്കാർക്ക് സൗകര്യമൊരുക്കി കൊച്ചി അന്താരാഷ്ട്ര വിമാനത്താവള ലിമറ്റഡ് (സിയാൽ) മികവ് കാണിച്ചു.
ലോകപ്രശസ്ത ക്രൂസ് കമ്പനിയായ ‘ എയ്ഡ ‘യുടെ ഏകോപനത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരത്തോളം പേരെ കൊച്ചിയിലെത്തിയ്ക്കാനും ആയിരത്തോളം പേരടങ്ങുന്ന മറ്റൊരു സംഘത്തെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേയ്ക്ക് കയറ്റിവിടാനുമുള്ള ടേൺ എറൗണ്ട് ടൂറിസം പദ്ധതിയാണ് സിയാലിന്റെ സഹകരണത്തോടെ എയ്ഡ നടപ്പിലാക്കിയത്.
കോണ്ടോർ, എമിറേറ്റ്സ് എയർലൈൻ കമ്പനികളുടെ മൂന്ന് കൂറ്റൻ ചാർട്ടേഡ് വിമാനങ്ങളാണ് ഇതിനായി വിനിയോഗിച്ചത്. കോണ്ടോർ വിമാനങ്ങൾ ജർമനയിലെ ഫ്രാങ്ക്ഫർട്ടിൽ നിന്നും എമിറേറ്റ്സ് വിമാനം ദുബായിൽ നിന്നുമാണ് എത്തിയത്. 956 യാത്രക്കാർ രാവിലെ ഒമ്പതുമണിയോടെ കൊച്ചി വിമാനത്താവളത്തിലെത്തി. ഇവരെ സ്വീകരിക്കാൻ കഥകളി വേഷവും പഞ്ചവാദ്യവുമുണ്ടായിരുന്നു. നേരത്തെ കൊച്ചി കാണാനെത്തിയ ആയിരത്തോളം വരുന്ന മറ്റൊരു സംഘത്തെ പത്തുമണിയോടെ വിമാനത്തിലെത്തിയ്ക്കാനും കഴിഞ്ഞു. എമിഗ്രേഷൻ, കസ്റ്റംസ്, സി.ഐ.എസ്.എഫ്,
ഗ്രൗണ്ട് ഹാൻഡ്ലിങ് ഏജൻസികൾ എന്നിവയുടെ ഏകോപനം സിയാലാണ് നിർവഹിച്ചത്. തിരക്കേറിയ സമയമായിട്ടും മറ്റ് യാത്രക്കാർക്ക് പ്രശ്നമുണ്ടാകാതെ നോക്കാനും സിയാലിന് കഴിഞ്ഞു. ഈ വർഷം ഇത് രണ്ടാം വട്ടമാണ് കടൽ-ആകാശ യാത്രാ സംവിധാനങ്ങൾ ഏകോപിപ്പിച്ചുകൊണ്ട് സിയാലിന്റെ സഹകരണത്തോടെ എയ്ഡ ടേൺ എറൗണ്ട് ടൂറിസം പദ്ധതി നടപ്പിലാക്കുന്നത്.

