മുല്ലപ്പെരിയാറിനു പിന്നാലെ മംഗളാദേവിയിലും തമിഴ്‌നാട് പിടിമുറുക്കുന്നു

ചരിത്രപ്രസിദ്ധമായതും കേരളവും തമിഴ്‌നാടുമായി തര്‍ക്കത്തിലുള്ളതുമായ മംഗളാദേവിയിലെ കണ്ണകി ക്ഷേത്രത്തിലേക്ക് വര്‍ഷംമുഴുവന്‍ പ്രവേശം വേണമെന്ന വാദവുമായി തമിഴ്‌നാട്ടിലെ കണ്ണകി ട്രസ്റ്റ് കേരള ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. പൂര്‍ണമായും കേരളത്തിനുള്ളിലുള്ളതും പെരിയാര്‍ കടുവാസങ്കേതത്തിനുള്ളിലുള്ളതും പെരിയാര്‍ കടുവാസങ്കേതത്തിന്റെ ഭാഗവുമായ മംഗളാദേവി ക്ഷേത്രം ഉള്‍പ്പെടുന്ന പ്രദേശം തമിഴ്‌നാടിന്റേതാണെന്ന് അവകാശം ഉന്നയിച്ചത് മുമ്പ് വലിയ തര്‍ക്കങ്ങള്‍ക്കിടയാക്കിയിരുന്നു.
തര്‍ക്കം രൂക്ഷമായതോടെ കേരളം ശക്തമായ നിലപാടെടുക്കുകയും മംഗളാദേവി ക്ഷേത്രം ഉള്‍പ്പെടുന്ന പ്രദേശം കേരളത്തിനുള്ളില്‍തന്നെയാണെന്നും ഇവിടേക്ക് ചിത്രാപൗര്‍ണമി ഉത്സവത്തിനു മാത്രം ഭക്തരെ സന്ദര്‍ശനത്തിന് അനുവദിച്ചാല്‍ മതിയെന്ന് തീരുമാനിക്കുകയും ചെയ്തു.
ഇപ്പോള്‍ എല്ലാ ചൈത്രമാസത്തിലെയും(മേടം) പൗര്‍ണമി നാളില്‍ കേരളത്തിലെയും തമിഴ്‌നാട്ടിലെയും വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ ഉത്സവം നടന്നുവരികയാണ്. ഇതിന് ഇടുക്കി-തേനി ജില്ലാ കളക്ടര്‍മാരാണ് നേതൃത്വം നല്‍കുന്നത്.
പെരിയാര്‍ കടുവാസങ്കേതത്തിലെ മംഗളാദേവി ഭാഗം മുല്ലപ്പെരിയാറിന്റെ വൃഷ്ടിപ്രദേശത്ത് ഉള്‍പ്പെടുന്ന സ്ഥലമാണ്. ഇവിടം തങ്ങളുടേതാക്കിയാല്‍ പെരിയാര്‍ അന്തസ്സംസ്ഥാന നദിയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ തമിഴ്‌നാടിന് സാധിക്കും. എന്നാല്‍, തമിഴ്‌നാടിന്റെ നീക്കത്തെ ചെറുക്കുന്നതില്‍ കേരളത്തിലെ വകുപ്പുകള്‍ നിസ്സംഗത പാലിക്കുകയാണ്. കേരളത്തിനുവേണ്ടി കോടതിയില്‍ ഹാജരാകുന്ന ഗവണ്‍മെന്റ് പ്ലീഡര്‍ കഴിഞ്ഞ ദിവസം മംഗളാദേവിയും തമിഴ്‌നാടും സന്ദര്‍ശിച്ചിരുന്നു.
മംഗളാദേവിയിലേക്ക് വര്‍ഷംമുഴുവനുള്ള പ്രവേശം ആവശ്യപ്പെടുന്ന തമിഴ്‌നാടിന് അനുകൂലമായ നീക്കമാണ് കേരളത്തിന്റെ ചില ഉദ്യോഗസ്ഥര്‍ സ്വീകരിച്ചുവരുന്നതെന്ന് ആക്ഷേപമുയരുന്നുണ്ട്. മുമ്പ് മുല്ലപ്പെരിയാര്‍ വിഷയം കോടതിയിലെത്തിയപ്പോള്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കാതിരുന്നതിന്റെ ആവര്‍ത്തനമാണ് ഈ വിഷയത്തിലെന്നും ഇതുമായി ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നു.

