പ്രധാനമന്ത്രി കോര്‍പറേറ്റുകളുടെ വിടുപണിക്കാരനായി മാറിയെന്ന് രാഹുല്‍ഗാന്ധി

പ്രധാനമന്ത്രി കോര്‍പറേറ്റുകളുടെ വിടുപണിക്കാരനായി മാറിയെന്ന് രാഹുല്‍ഗാന്ധി

rahul

കോഴിക്കോട്: കര്‍ഷകരെയും തൊഴിലാളികളെയും പാവപ്പെട്ടവരെയും മറന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കോര്‍പറേറ്റുകളുടെ വിടുപണിക്കാരനായി മാറിയെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. തിരഞ്ഞെടുപ്പ് കാലത്ത് നല്‍കിയ എല്ലാ വാഗ്ദാനങ്ങളും ലംഘിച്ച് ഭൂമി ഏറ്റെടുക്കല്‍ നിയമം പോലും അട്ടിമറിക്കാനാണ് മോദി ശ്രമിക്കുന്നതെന്നും രാഹുല്‍ ആരോപിച്ചു.
കോര്‍പറേറ്റുകള്‍ക്ക് ഭൂമി ലഭ്യമാക്കാന്‍ മാത്രമാണ് പ്രധാനമന്ത്രി ശ്രമിക്കുന്നത്. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയാണ് ഭൂമി ഏറ്റെടുക്കലിലൂടെ സംഭവിക്കാന്‍ പോവുന്നതെന്നും പാവപ്പെട്ട കര്‍ഷകന്റെ ഭൂമിയും മത്സ്യത്തൊഴിലാളിയുടെ കടലും തട്ടിയെടുത്ത് കോര്‍പറേറ്റുകള്‍ക്ക് കാണിക്ക വെക്കുന്ന മോദി സര്‍ക്കാര്‍ ഇതേ നിലപാട് തുടര്‍ന്നാല്‍ അഞ്ചാം വര്‍ഷികം ആഘോഷിക്കില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

കര്‍ഷക ആത്മഹത്യ, തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങിയ ദുരിതങ്ങളില്‍ ഇന്ത്യ വലയുമ്പോള്‍ 10 ലക്ഷം രൂപ വിലവരുന്ന കോട്ട് ധരിച്ച് ഫാഷന്‍ ഐക്കണ്‍ ആവുന്ന മോദി പാവങ്ങളോടുള്ള സമീപനമെന്താണെന്ന് വ്യക്തമാക്കണം. എപ്പോഴും ലോകരാഷ്ട്രങ്ങളിലേക്ക് യാത്ര ചെയ്യുന്ന പ്രധാനമന്ത്രി ഒരു കര്‍ഷകന്റെയെങ്കിലും കണ്ണീര്‍ കാണാന്‍ ഇതുവരെ ഗ്രാമങ്ങളില്‍ പോയിട്ടില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുമ്പോളും വില കുറയുകയാണെന്നാണ് പ്രധാനമന്ത്രി അവകാശപ്പെടുന്നത്. ഇന്ത്യയില്‍ ജീവിക്കുന്നതിനെക്കാള്‍ ഏറെദിവസം വിദേശങ്ങളില്‍ കഴിയുന്നതിനാല്‍ മോദിക്ക് സാധനങ്ങളുടെ വില അറിയില്ലെന്നും വാര്‍ത്താ തലക്കെട്ടില്‍ മാത്രമായി മോദി സര്‍ക്കാറിന്റെ പ്രവര്‍ത്തനം ഒതുങ്ങുകയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

യുവാക്കള്‍ക്ക് പ്രതീക്ഷകള്‍ മാത്രം നല്‍കിയ മോദി ഒരാള്‍ക്ക് പോലും തൊഴില്‍ നല്‍കിയില്ലെന്നും ഒരു വര്‍ഷം കൊണ്ട് ജോലിലഭ്യത മുന്‍കാലത്തേക്കാള്‍ മൂന്നുശതമാനം താഴോട്ട് പോയി എന്നാണ് സര്‍ക്കാറിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. നാവടക്കൂ പണിയെടുക്കൂ എന്നാണ് അവസാനമായി മോദി സര്‍ക്കാറിനോട് പറയാനുള്ളത് എന്ന് പറഞ്ഞാണ് രാഹുല്‍ പ്രസംഗം അവസാനിപ്പിച്ചത്.

യൂത്ത്‌കോണ്‍ഗ്രസ് സംസ്ഥാനസമ്മേളനം കോഴിക്കോട് കടപ്പുറത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ.കെ. ആന്റണി, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, വയലാര്‍ രവി എം.പി, കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്‍, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു.

 

ചിത്രങ്ങള്‍ക്ക് കടപ്പാട്: ഗൂഗിള്‍

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.