പാര്‍ലമെന്റില്‍ പ്രതിഷേധം: 25 കോണ്‍ഗ്രസ് എം.പിമാര്‍ക്ക് സസ്പെന്ഷന്
ന്യൂഡല്‍ഹി: പാര്‍ലമെന്റ് തടസ്സപ്പെടുത്തിയതിനെത്തുടര്‍ന്ന് 25 കോണ്‍ഗ്രസ് എം.പിമാരെ സ്പീക്കര്‍ സുമിത്ര മഹാജന് സസ്പെന്‍ഡ് ചെയ്തു.അഞ്ച് ദിവസത്തേക്കാണ് എം.പിമാരെ സസ്പെന്‍ഡ് ചെയ്തത്.
കെ.സി വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, എം.കെ രാഘവന്, മുല്ലപ്പള്ളി രാമചന്ദ്രന് എന്നിവരാണ് സസ്പെന്‍ഡ് ചെയ്യപ്പെട്ട കേരളത്തില്‍ നിന്നുള്ള എം.പിമാര്‍. സഭയില്‍ പ്ലക്കാര്‍ഡ് ഉയര്‍ത്തിയെന്നാരോപിച്ചാണ് എം.പിമാരെ സസ്പെന്‍ഡ് ചെയ്തത്.
ലലിത് മോദി വിവാദം, വ്യാപം അഴിമതി എന്നിവയില്‍ ഉള്‍പ്പെട്ട ബി.ജെ.പി നേതാക്കള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് പ്രതിപക്ഷം സഭയില്‍ പ്രതിഷേധിച്ചത്. ഇതിനെതിരെ സര്‍ക്കാര്‍ നടപടി ആവസ്യപ്പെട്ടതോടെയാണ് സ്പീക്കര്‍ എം.പിമാരെ സസ്പെന്‍ഡ് ചെയ്തത്.
പാര്‍ലമെന്റിന്റെ ചട്ടം 374(എ) പ്രകാരം എം.പിമാര്‍ മനപൂര്‍വം സഭ തടസപ്പെടുത്താനാണ് ശ്രമിച്ചതെന്ന് സ്പീക്കര്‍ പറഞ്ഞു. നടപടി എടുക്കുന്നതായി പ്രഖ്യാപിച്ച ഉടന്‍ തന്നെ സുമിത്ര മഹാജന് സഭ ഇന്നത്തേക്ക് പിരിച്ചു വിട്ടു.
എം.പിമാര്‍ മനപൂര്‍വം സഭ തടസപ്പെടുത്താന്‍ ശ്രമിച്ചുവെന്നാരോപിച്ച് പാര്‍ലമെന്റ് ചട്ടം 374(എ) പ്രകാരമാണ് എം.പിമാര്‍ക്കെതിരെ നടപടിയെടുത്തത്. തുടര്‍ന്ന് സഭ പിരിച്ചുവിട്ടെങ്കിലും കോണ്‍ഗ്രസ് എം.പിമാര്‍ പാര്‍ലമെന്റ് കവാടത്തിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
ആരോപണവിധേയരായ മന്ത്രിമാരെ നീക്കാതെ യാതൊരു ഒത്തുതീര്‍പ്പിനും ഇല്ലെന്നും സ്പീക്കറുടെ നടപടി ജനാധിപത്യത്തിലെ കറുത്ത അദ്ധ്യായമാണെന്നും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പ്രതികരിച്ചു. അതേസമയം, കോണ്‍ഗ്രസിന് പിന്തുണയുമായി തൃണമൂല്‍ കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും രംഗത്തെത്തി.
Photo courtesy : Google /images may be subject to copyright