ഫുട്ബോള്‍ മാന്ത്രികന് റൊണാള്‍ഡീന്യോ കോഴിക്കോട് എത്തുന്നു
കോഴിക്കോട്: ബ്രസീല്‍ താരം റൊണാള്‍ഡീന്യോ ഞായറാഴ്ച കോഴിക്കോടിന്റെ മണ്ണിലെത്തുന്നു. നാഗ്ജി ഇന്റര്‍നാഷനല്‍ ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പിന്റെ മുഖ്യാതിഥിയായാണ് കാല്‍പ്പന്തുകളിയുടെ മാന്ത്രികന് കോഴിക്കോട്ടെത്തുന്നത്.
ബീച്ചിലൊരുക്കിയ പ്രത്യേക വേദിയില്‍ വൈകുന്നേരം അഞ്ചരക്കാണ് ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം. ഫെബ്രുവരി അഞ്ചിന് കോര്പറേഷന് സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ ആരംഭിക്കുന്നത്. യൂറോപ്യന്‍ ലാറ്റിനമേരിക്കന്‍ ടീമുകളടക്കം ഏഴ് വിദേശ ടീമുകളും ഒരു ഐ ലീഗ് ക്ലബ്ബും ഉള്‍പ്പെടെ എട്ടു ടീമുകളാണ് നാഗ്ജി ഇന്റര്‍നാഷനല്‍ ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ മാറ്റുരക്കുന്നത്.
സൗദിയിലെ ഇന്ത്യന്‍ ഫുട്ബാള്‍ ലീഗ് സംഘാടകരായ മൊണ്ട്യാല്‍ സ്പോര്‍ട്സ് മാനേജ്മെന്റിന്റെ സഹകരണത്തോടെ കോഴിക്കോട് ജില്ലാ ഫുട്ബാള്‍ അസോസിയേഷനാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. 2004, 2005 വര്‍ഷങ്ങളില്‍ ഫിഫയുടെ ലോക ഫുട്ബോളര് പുരസ്കാരം നേടിയ റൊണാള്‍ഡീന്യോയുടെ മികവിലാണ് 2002ല്‍ ബ്രസീല്‍ ലോകകപ്പില്‍ മുത്തമിട്ടത്.
Photo Courtesy : google/images may subject to copyright