മലയാളത്തിന്റെ മണിനാദത്തിന് കണ്ണീരില് കുതിര്ന്ന അന്ത്യാഞ്ജലി
തൃശൂര്: ഞായറാഴ്ച അന്തരിച്ച നടന് കലാഭവന് മണിയുടെ സംസ്കാരം ഇന്ന് വൈകിട്ട് അഞ്ചിന് ചാലക്കുടിയിലെ വീട്ടുവളപ്പില് നടക്കും. ഭൗതികശരീരം സംഗീതനാടക അക്കാദമിയിലും 12.30 മുതല് മൂന്നുവരെ ചാലക്കുടി മുനിസിപ്പാലിറ്റി ഓഫിസിലും ബോയ്സ് സ്കൂളിലും പൊതുദര്ശനത്തിനുവയ്ക്കും.
11.30ഓടെയാണ് മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കല് കോളജില് പോസ്റ്റ്മോര്ട്ടം പൂര്ത്തിയായത്. കലാഭവന് മണിയോടുള്ള ആദരസൂചകമായി ഇന്നു രാവിലെ ആറുമുതല് വൈകിട്ട് ആറുവരെ ചാലക്കുടിയില് ഹര്ത്താല് ആചരിക്കുകയാണ്.
അതേസമയം മണിയുടെ ശരീരത്തില് വിഷാംശം കണ്ടെത്തിയതിനെത്തുടര്ന്ന് തൃശൂര് ഡി.വൈ.എസ്.പി കെ.എസ്. സുദര്ശനന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു. മണിയെ അവശനിലയില് കണ്ടെത്തിയ പാഡിയിലെ ഔട്ട് ഹൗസില് ഫോറന്സിക് വിദഗ്ദരും ഡോഗ് സ്ക്വാഡും പരിശോധന നടത്തിയിരുന്നു. പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ടും ഫോറന്സിക് പരിശോധനാ റിപ്പോര്ട്ടും ലഭിച്ച ശേഷമായിരിക്കും കേസില് അന്തിമ നിഗമനം ഉണ്ടാവുക.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില് ഞായറാഴ്ച രാത്രി 7.10നായിരുന്നു മലയാളത്തിന്റെ പ്രിയനടന്റെ അന്ത്യം. കരള് രോഗത്തെ തുടര്ന്നാണ് മരണം സംഭവിച്ചതെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. പിന്നീട് മണിയുടെ ശരീരത്തില് മെഥനോളിന്റെ സാന്നിധ്യം ഉണ്ടായിരുന്നുവെന്ന് കണ്ടെത്തുകയായിരുന്നു.
മലയാളത്തിന്റെ ഈ മണിമുഴക്കത്തിന് യുണീക് ടൈംസിന്റെ ആദരാഞ്ജലികള്.
Photo Courtesy : Google/ images may be subject to copyright

