കണ്ണുകള്‍ക്ക് നല്‍കാം ഏഴഴക്

കണ്ണുകള്‍ക്ക് നല്‍കാം ഏഴഴക്

03-beautiful-eyes-030912ശരീരത്തിലെ ഏറ്റവും സങ്കീര്‍ണ്ണവും സുപ്രധാനവുമായ അവയവമാണ് കണ്ണ്. നിങ്ങളുടെ ചര്‍മ്മത്തിനേക്കാള്‍ കണ്ണ് പരിചരണം അര്‍ഹിക്കുന്നു. എന്നാല്‍ അമിതജോലിഭാരം മൂലം സ്ത്രീകളില്‍ പലരും കണ്ണുകളുടെ പരിചരണത്തിനായി സമയം കണ്ടെത്താറില്ല. മേക്കപ്പ് ചെയ്യുന്ന സമയത്ത് മാത്രമാണ് പലരും കണ്ണുകള്‍ക്ക് പ്രാധാന്യം നല്‍കുന്നത്. എന്നാല്‍ ദിവസം മുഴുവനും ശ്രദ്ധ നല്‍കേണ്ട അവയവമാണ് കണ്ണ്.

ഭംഗിയുള്ള കണ്ണുകള്‍ കൂടുതല്‍ ശ്രദ്ധ കവരുന്നു. മാത്രമല്ല, നമുക്ക് കൂടുതല്‍ അഴകുണ്ടെന്ന് തോന്നാനും കണ്ണിന്റെ സൗന്ദര്യം സഹായിക്കും. കണ്ണിനെ ആരോഗ്യപൂര്‍ണ്ണവും സുന്ദരവുമാക്കി നിലനിര്‍ത്താനുള്ള ചില വഴികള്‍ അറിയേണ്ടേ?
കണ്ണുകളിലെ ഈറന്‍ നിലനിര്‍ത്തുകയാണ് നേത്രസൗന്ദര്യം കൂട്ടാനുള്ള ഒരു മാര്‍ഗ്ഗം. അത് നിങ്ങളുടെ ചര്‍മ്മത്തെയും സുന്ദരമാക്കാന്‍ സഹായിക്കും. കണ്ണുകളിലെ ജലാംശം നിലനിര്‍ത്താന്‍ ദിവസേന എട്ടുഗ്ലാസ് വെള്ളം കുടിച്ചതുകൊണ്ടുമാത്രം ആയില്ല. ആവശ്യത്തിന് വെള്ളം കുടിക്കണം. പക്ഷെ അതിനപ്പുറം കണ്ണുകളുടെ ആരോഗ്യവും അഴകും നിലനിര്‍ത്താന്‍ പോഷകങ്ങളും നല്‍കണം. കണ്ണുകള്‍ക്ക് അടിയിലെ കറുത്ത വലയങ്ങള്‍ ഇല്ലാതാക്കാന്‍ ഗ്രീന്‍ ടീയോ ഹെര്‍ബല്‍ ടീയോ കുടിക്കുന്നത് അത്യുത്തമമാണ്.

കനം കുറച്ച് അരിഞ്ഞെടുത്ത കുക്കുമ്പര്‍ കണ്ണുകളില്‍ വെക്കുന്നത് കണ്‍തടങ്ങളിലെ ഇരുണ്ട വലയങ്ങള്‍ അപ്രത്യക്ഷമാക്കാന്‍ ഫലപ്രദമാണ്. കണ്‍തടങ്ങളിലെ ചര്‍മ്മത്തിനെ ജലമയമാക്കാനും ഇത് സഹായിക്കും. തുടര്‍ച്ചയായി കുക്കുമ്പര്‍ ഉപയോഗിക്കുന്നത് മുഖത്തിന് ഫ്രഷ് ലുക്ക് നല്‍കാന്‍ സഹായിക്കും. കുക്കുമ്പര്‍ ട്രീറ്റ്‌മെന്റ് എളുപ്പമാണ്. തൊലികളഞ്ഞ ശേഷം കുക്കുമ്പറിന്റെ നനുത്ത പാളി അരിഞ്ഞെടുത്ത് കണ്ണുകളില്‍ 20 മിനിറ്റ് നേരം വെക്കണം. കണ്ണുകള്‍ക്ക് ചുറ്റുമുള്ള വീക്കം ഇല്ലാതാക്കാന്‍ തണുപ്പിച്ച ടീ ബാഗ് അല്‍പനേരം വെക്കുന്നതും ഉത്തമമാണ്. കണ്ണുകളിലെ ക്ഷീണമാണ് കണ്‍തടങ്ങളിലെ വീക്കമായി പ്രത്യക്ഷപ്പെടുന്നത്. ഇത് ഇല്ലാതാകുന്നതോടെ കണ്ണുകള്‍ക്ക് പഴയ പ്രസരിപ്പ് തിരിച്ചുകിട്ടും. കുക്കുമ്പറിന്റെ ജ്യൂസെടുത്ത് അതില്‍ റോസ് വാട്ടര്‍ ചേര്‍ത്ത ശേഷം കണ്‍തടങ്ങളിലും കണ്ണുകള്‍ക്ക് ചുറ്റും പുരട്ടുന്നതും നല്ലതാണ്. 20 മിനിറ്റിന് ശേഷം കഴുകിക്കളയാം. റോസ് വാട്ടര്‍ കണ്ണുകള്‍ക്ക് ഊര്‍ജ്ജം തിരിച്ച് നല്‍കും.

ബീറ്റ കരോട്ടിന്‍ ധാരാളമുള്ള പച്ചക്കറികള്‍ കഴിക്കുന്നതും കണ്ണുകളുടെ ആരോഗ്യം നിലനിര്‍ത്തുന്നു. പപ്പായ, മാങ്ങ, കാരറ്റ്, മുരിങ്ങക്കാ, ചീര എന്നിവയും പഴങ്ങളും ബീറ്റ കരോട്ടീന്‍ സമ്പന്നമായി അടങ്ങിയിട്ടുള്ള പച്ചക്കറികളാണ്. കണ്ണുകളിലെ രക്തയോട്ടം മെച്ചപ്പെടുത്താനുള്ള വ്യായാമമുറകളും പരിശീലിക്കുന്നത് നല്ലതാണ്. ഇത് കണ്ണുകള്‍ക്ക് ആവശ്യമായ ഓക്‌സിജന്‍ പ്രദാനം ചെയ്യും. ഹാനികരമായ അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നും രക്ഷനേടാന്‍ സണ്‍ ഗ്ലാസുകള്‍ ഉപയോഗിക്കുന്നത് നല്ലതാണ്. ഇതിനെല്ലാം പുറമെ കണ്ണുകള്‍ക്ക് ആവശ്യമായ വിശ്രമവും നല്‍കാന്‍ മറക്കരുത്.

 

Photo Courtesy : Google/ images may be subject to copyright

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.