സാന്ദ്ര തോമസിന്റെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് വിജയ് ബാബു
കൊച്ചി: നടിയും നിര്‍മ്മാതാവുമായ സാന്ദ്ര തോമസ് തനിക്കെതിരെ ഉന്നയിച്ച പരാതികള്‍ അടിസ്ഥാന രഹിതമാണെന്ന് വിജയ് ബാബു. ബിസിനസ്സ് സംബന്ധമായ തര്‍ക്കങ്ങളാണ് തന്റെ വിശ്വസ്തയായ സുഹൃത്തിനെയും ഭര്‍ത്താവിനെയും പരാതി നല്കാന് പ്രേരിപ്പിച്ചതെന്നും വിഷയത്തില്‍ തന്റെ നിരപരാധിത്വം തെളിയിക്കുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ചൊവ്വാഴ്ചയാണ് വിജയ് ബാബു മര്‍ദ്ദിച്ചുവെന്നാരോപിച്ച് സാന്ദ്ര തോമസ് പരാതി നല്‍കിയത്. കൊച്ചിയിലെ ഓഫീസില്‍ വെച്ചുള്ള വാക്കുതര്‍ക്കത്തിനിടെ വിജയ് ബാബുവും കൂട്ടാളികളും ചേര്‍ന്ന് മര്‍ദ്ദിച്ചുവെന്നും ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു സാന്ദ്രയുടെ പരാതി.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായ സാന്ദ്രയുടെ പരാതിയില്‍ എളമക്കര പോലീസ് വിജയ് ബാബുവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ഫ്രൈഡേ, സക്കറിയയുടെ ഗര്‍ഭിണികള്‍, ഫിലിപ്സ് ആന്റ് ദി മങ്കി പെന്‍, പെരുച്ചാഴി, ആട് ഒരു ഭീകര ജീവിയാണ്, അടി കപ്യാരെ കൂട്ടമണി, മുദ്ദുഗൗ തുടങ്ങി നിരവധി ചിത്രങ്ങളാണ് ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ ഇരുവരും ചേര്‍ന്ന് നിര്‍മ്മിച്ചത്.
Photo Courtesy : Google/images may be subjected to copyright