ജനകീയ മെട്രോ യാത്ര: ചെന്നിത്തല ഖേദം പ്രകടിപ്പിച്ചു
തിരുവനന്തപുരം: കൊച്ചി മെട്രോയില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നടത്തിയ ജനകീയ യാത്രയില്‍ ഉണ്ടായ ബുദ്ധിമുട്ടുകളില്‍ ഖേദം പ്രകടിപ്പിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. യു.ഡി.എഫ് നേതാക്കളെ ഉദ്ഘാടന ചടങ്ങില്‍ അവഗണിച്ചതിലുള്ള പ്രതിഷേധമാണ് പ്രകടിപ്പിച്ചതെന്നും ആ യാത്രയില്‍ കണ്ടത് പ്രവര്‍ത്തകരുടെ വികാരമാണെന്നും അദ്ദേഹം വ്യക്തമാക്കി. യാത്ര മൂലം ഏതെങ്കിലും തരത്തിലുള്ള നാശനഷ്ടമോ ബുദ്ധിമുട്ടോ ഉണ്ടാകുമെന്ന് കരുതിയില്ലെന്നും ചെന്നിത്തല പറഞ്ഞു. മെട്രോയില്‍ ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള ജനകീയ യാത്ര സംബന്ധിച്ച് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ റിപ്പോര്‍ട്ട് തേടിയ സാഹചര്യത്തിലാണ് ചെന്നിത്തല ഖേദം പ്രകടിപ്പിച്ചത്. ആലുവയില്‍ നിന്ന് പാലാരിവട്ടം വരെ നടത്തിയ ജനകീയ യാത്രയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എം.എല്‍.എമാരായ വി.കെ ഇബ്രാഹിം കുഞ്ഞ്, അനൂപ് ജേക്കബ്, അന്‍വര്‍ സാദത്ത്, പി.ടി തോമസ്, ഹൈബി ഈഡന്, മേയര്‍ സൌമിനി ജെയിന്, കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന് എന്നിവരും പങ്കെടുത്തിരുന്നു.
Photo courtesy : Google /images may be subject to copyright