ചിത്രക്ക് എല്ലാവിധ പിന്തുണയും നല്‍കുമെന്ന് കായികമന്ത്രി
തിരുവനന്തപുരം: പി.ടി ഉഷയും അഞ്ജു ബോബി ജോര്‍ജും മലയാളി കായികതാരം പി.യു ചിത്രയോട് നീതി പുലര്‍ത്തിയില്ലെന്ന് കായികമന്ത്രി എ.സി മൊയ്തീന്. ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ചിത്ര മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവരുടെയും നിലപാടുകള്‍ സംശയകരമാണെന്നും ബോധപൂര്‍വ്വമാണ് ചിത്രയെ ഒഴിവാക്കിയതെന്നും മന്ത്രി പറഞ്ഞു. അഖിലേന്ത്യ ഫെഡറേഷന്റെ നിലപാട് അപലപനീയമാണെന്നും കായികമേഖലയില്‍ ചിത്രക്ക് ആവശ്യമായ എല്ലാ സഹായവും സര്‍ക്കാര്‍ ചെയ്തുകൊടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ലോക ചാമ്പ്യന്‍ഷിപ്പിനുള്ള ടീമില്‍ ചിത്രയെ ഉള്‍പ്പെടുത്താനാവില്ലെന്ന് അത്ലറ്റിക് ഫെഡറേഷന് വ്യക്തമാക്കിയ സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. സമയപരിധി കഴിഞ്ഞതിനാല്‍ ഇനി ആരെയും ടീമില്‍ ഉള്‍പ്പെടുത്താനാവില്ലെന്നും തങ്ങളുടെ വാദം കേള്‍ക്കാതെയാണ് ഹൈക്കോടതി ഉത്തരവിട്ടതെന്നും അത്ലറ്റിക് ഫെഡറേഷന് അറിയിച്ചിരുന്നു. അതേസമയം ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ കഴിയുമെന്ന് പ്രതീക്ഷയുണ്ടായിരുന്നുവെന്നും അത്ലറ്റിക് ഫെഡറേഷന്റെ തീരുമാനത്തില്‍ ദു:ഖമുണ്ടെന്നും പി.യു ചിത്ര പ്രതികരിച്ചു.
Photo Courtesy : Google/images may subject to copyright