നോട്ട് അസാധുവാക്കലിനെ പിന്തുണച്ചതില്‍ ഖേദിക്കുന്നു – കമല്‍ഹാസന്‍
ചെന്നൈ: ഒരു തികഞ്ഞ രാഷ്ട്രീയക്കാരനാണ് താനെന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ് ഉലകനായകന്‍ കമല്‍ഹാസന്‍. നിലപാടുകള്‍ മാറ്റിയാണ് കമല്‍ ഇപ്പോള്‍ വാര്‍ത്തയില്‍ നിറഞ്ഞു നില്‍ക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ട് നിരോധനത്തെ അനുകൂലിച്ചതില്‍ ഖേദിക്കുന്നു എന്നാണ് തമിഴ് മാസികയായ വിക്ടനില്‍ എഴുതിയ കോളത്തില്‍ കമല്‍ പറഞ്ഞത്. ലേഖനത്തിന്റെ തലക്കെട്ടുതന്നെ ഒരു വലിയ ക്ഷമാപണം എന്നായിരുന്നു.
കഴിഞ്ഞ നവംബറില്‍ നോട്ടു നിരോധനത്തെ പിന്തുണച്ച ചലച്ചിത്ര പ്രവര്‍ത്തകരില്‍ കമല്‍ഹാസനുണ്ടായിരുന്നു. മോദിക്ക് സല്യൂട്ട്. നികുതി ദായകരും പാര്‍ട്ടി ഭേദമന്യേ എല്ലാവരും അംഗീകരിക്കുന്ന ഒരു തീരുമാനമാണിതെന്നായിരുന്നു കമലിന്റെ ട്വീറ്റ്. ഈ നിലപാടാണ് ഇപ്പോള്‍ കമല്‍ മാറ്റിയിരിക്കുന്നനത്. നോട്ടു നിരോധനം മൂലം കള്ളപ്പണം ഇല്ലാതാകും എന്നതിനാല്‍ ജനങ്ങള്‍ ചെറിയ തോതിലുള്ള ബുദ്ധിമുട്ടുകള്‍ സഹിക്കേണ്ടി വരുമെന്നാണ് അന്നു ഞാന്‍ പറഞ്ഞത്. ഈ നിലപാടിന് സാമ്പത്തിക ശാസ്ത്രത്തെക്കുറിച്ച് ധാരണയുള്ള എന്റെ സുഹൃത്തുക്കള്‍ എന്നെ വിമര്‍ശിച്ചിരുന്നു. കൂടുതല്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നപ്പോള്‍ അത് പ്രായോഗികമല്ലെങ്കിലും ആശയം നല്ലതാണെന്ന് ഞാന്‍ എന്നോട് തന്നെ പറഞ്ഞു. ഈ വിമര്‍ശനങ്ങളോട് സര്‍ക്കാര്‍ ക്രിയാത്മകമായല്ല പ്രതികരിക്കുന്നത്. തെറ്റ് സമ്മതിക്കുകയും അതു തിരുത്തുകയും ചെയ്യുന്നയാളാണ് നേതാവ്. പ്രധാനമന്ത്രി തന്റെ പിടിവാശി ഉപേക്ഷിച്ച് ക്ഷമാപണം നടത്താന്‍ തയ്യാറാണെങ്കില്‍ അദ്ദേഹത്തെ ഒരു സല്യൂട്ട് കൂടി കാത്തിരിക്കുന്നുണ്ട്. – കമല്‍ പറയുന്നു.
Photo courtesy : Google /images may be subject to copyright

