ഇന്ത്യയുടെ ഇന്‍ഷുറന്‍സ് മേഖല കുതിപ്പിനൊരുങ്ങുമ്പോള്‍…

ഇന്ത്യയുടെ ഇന്‍ഷുറന്‍സ് മേഖല കുതിപ്പിനൊരുങ്ങുമ്പോള്‍…

insuranc
മണപ്പുറത്തിന്റെ പുതിയ സംരംഭങ്ങളായ മൈക്രോഫിനാന്‍സ്, ഹോം-വെഹിക്കിള്‍ ലോണ്‍, എസ്എംഇ ലോണ്‍ തുടങ്ങിയവയുടെ പ്രകടനത്തെക്കുറിച്ച് ഒരു പാട് ചോദ്യങ്ങള്‍ ഞാന്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി എന്നോട് തന്നെ ചോദിച്ച് കൊണ്ടിരിക്കുകയാണ്.

ഒരു ഗോള്‍ഡ് ലോണ്‍ കമ്പനിയായാണ് മണപ്പുറം അറിയപ്പെട്ടിരുന്നത്. 2014 മുതലാണ് വളര്‍ച്ചയുടെ മറ്റ് മേഖലകളില്‍ ഞങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. എങ്ങനെയാണ് ഞങ്ങളുടെ പുതിയ ബിസിനസ് പോകുന്നത് എന്നറിയാന്‍ എല്ലാവര്‍ക്കും താല്‍പര്യമുണ്ട്.

അതേ സമയം, ഒന്ന് രണ്ട് ബിസിനസ് മേഖലകളില്‍ കഴിഞ്ഞ കുറെക്കാലമായി ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിച്ച് വരുന്നുണ്ട്. ആര്‍ബിഐയില്‍ നിന്നും വിദേശകറന്‍സികളില്‍ ഇടപാട് നടത്തുന്നതിനുള്ള ലൈസന്‍സ് നേടിയ ശേഷം 2002 മുതല്‍ വിദേശകറന്‍സി റെമിറ്റന്‍സ് ബിസിനസ് ആരംഭിച്ചിരുന്നു. മറ്റൊന്ന് 2002 ഒക്ടോബറില്‍ ആരംഭിച്ച ജനറല്‍ ഇന്‍ഷുറന്‍സ് ബിസിനസാണ്. അതാണ് ഈ ലേഖനത്തിന്റെ വിഷയം. ഇന്‍ഷുറന്‍സിനെപ്പറ്റി പറയാന്‍ രണ്ട് കാര്യമുണ്ട്. ഒന്ന് ഈ ബിസിനസില്‍ പ്രവേശിച്ചശേഷം ഞങ്ങള്‍ക്ക് ലഭിക്കുന്ന മികച്ച പ്രതികരണം. വരും വര്‍ഷങ്ങളില്‍ ഇന്ത്യയില്‍ ഇന്‍ഷുറന്‍സ് മേഖല കുതിച്ചുചാട്ടത്തിന് ഒരുങ്ങുകയാണെന്ന യാഥാര്‍ത്ഥ്യം. വാസ്തവത്തില്‍ ബാങ്കിംഗ് മേഖലയെ വെല്ലുന്ന വലുപ്പം ഇന്‍ഷുറന്‍സ് മേഖല ആര്‍ജ്ജിക്കാന്‍ പോകുന്നതേയുള്ളൂ.

സമീപകാല പ്രവണതകള്‍
15 മുതല്‍ 20 ശതമാനം വരെ വേഗതയിലാണ് ഇന്‍ഷുറന്‍സ് മേഖല വളരുന്നത്. 2020 ആകുമ്പോള്‍ ഇന്‍ഷുറന്‍സ് മേഖല 280 ബില്ല്യണ്‍ ഡോളറിന്റേതായി മാറും. ലോകത്തില്‍ ജനസംഖ്യയില്‍ രണ്ടാമത് നില്‍ക്കുന്നുവെങ്കിലും 1.5 ശതമാനം പേര്‍ക്ക് മാത്രമേ ഇവിടെ ഇന്‍ഷുറന്‍സുള്ളൂ. പ്രീമിയം ശേഖരിക്കുന്നതിന്റെ കണക്കെടുത്താല്‍ ഇന്‍ഷുറന്‍സ് സാന്ദ്രത 3696 രൂപയിലാണ് നില്‍ക്കുന്നത്.

ബിസിജി-ഫിക്കി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത് ഇന്ത്യയില്‍ 25 വയസ്സിന് താഴെയുള്ള 60.65 കോടി ആളുകളുണ്ടെന്നാണ്. 22.50 കോടി പേര്‍ 10നും 19നും ഇടയില്‍ പ്രായമുള്ളവരാണ്. അടുത്ത 40 വര്‍ഷങ്ങളില്‍, ഇന്ത്യ ഉല്‍പാദനക്ഷമതയുള്ള ജോലിക്കാരുടെ രാജ്യമാണ്. ജോലി ചെയ്യാന്‍ തുടങ്ങുന്ന 20 മുതല്‍ 24 വരെ പ്രായമുള്ള 11.60 കോടി ചെറുപ്പക്കാര്‍ ഇന്ത്യയിലുണ്ട്. പക്ഷെ ചൈനയില്‍ ഇവരുടെ എണ്ണം 9.4 കോടി മാത്രമാണ്. ഇന്ത്യയുടെ ശരാശരി പ്രായം 2020ല്‍ 29 ആയിരുന്നു. തൊഴില്‍ ശക്തി വ്യാവസായികരാഷ്ട്രങ്ങളില്‍ 4 ശതമാനം ക്ഷയിക്കുമ്പോള്‍ ചൈനയില്‍ 5 ശതമാനമാണ് കുറയുന്നത്. പക്ഷെ ഇന്ത്യയില്‍ 32 ശതമാനം വര്‍ധനയാണ് ഉണ്ടാകുന്നത്. ഇന്‍ഷുര്‍ ചെയ്യാവുന്നവരുടെ ജനസംഖ്യ 2020ല്‍ 75 കോടിയായി മാറും. അന്ന് ആയുസ്സ് 74 വയസ്സായി മാറുകയും ചെയ്യും.

ആഗോള ഇന്‍ഷുറന്‍സ് ബിസിനസിലേക്ക് ഒരു എത്തിനോട്ടം

1752ല്‍ ആണ് യുഎസില്‍ ഇന്‍ഷുറന്‍സ് വ്യവസായം ആരംഭിക്കുന്നത്. ഫിലാഡല്‍ഫിയ കോണ്‍ട്രിബ്യൂഷന്‍ഷിപ് ഫോര്‍ ദി ഇന്‍ഷുറന്‍സ് ഓഫ് ഹൗസസ് ഫ്രം ലോസ് ബൈ ഫയര്‍ ആയിരുന്നു ആദ്യ മ്യൂച്വല്‍ ഫയര്‍ ഇന്‍ഷുറന്‍സ് കമ്പനി. ഏഴ് വര്‍ഷത്തിന് ശേഷം പ്രെസ്‌ബൈറ്റേറിയന്‍ മിനിസ്റ്റേഴ്‌സ് ഫണ്ട് സ്ഥാപിക്കപ്പെട്ടു. വ്യാവസായികവിപ്ലവം ഇന്‍ഷുറന്‍സ് ബിസിനസ് അത്യാവശ്യമാക്കിത്തീര്‍ത്തു. 1864ല്‍ ട്രാവലേഴ്‌സ് ഇന്‍ഷുറന്‍സ് കമ്പനി ആദ്യ അപകടപോളിസി വില്‍ക്കുകയുണ്ടായി. 1889ലാണ് ആദ്യ ഓട്ടോ ഇന്‍ഷുറന്‍സ് പോളിസി നല്‍കപ്പെട്ടത്. വളര്‍ന്നുവരുന്ന ആധുനിക ജീവിതശൈലിക്കനുസരിച്ച് വിവിധ തരം ഇന്‍ഷുറന്‍സുകള്‍ ഉണ്ടായിവന്നു. ഒറ്റ രാജ്യമായി കണക്കിലെടുത്താല്‍ യുഎസ് ആണ് ഏറ്റവും വലിയ ഇന്‍ഷുറന്‍സ് വിപണി. ഇവിടെ 29 ശതമാനം ഡയറക്ട് ഗ്ലോബല്‍ പ്രീമിയമാണ് 2016ല്‍ വിറ്റത്.

ആഗോളതലത്തില്‍ ഡയറക്ട് ഇന്‍ഷുറന്‍സ് പ്രീമിയം 3.1 ശതമാനം വളര്‍ന്ന് 2016ല്‍ 4.7 ട്രില്ല്യണ്‍ ഡോളറായി ഉയര്‍ന്നു. നോണ്‍-ലൈഫ് ഇന്‍ഷുറന്‍സിലെ വളര്‍ച്ചയാണ് ഗ്ലോബല്‍ പ്രീമിയത്തിന്റെ വളര്‍ച്ചയ്ക്ക് പിന്നില്‍. 2011ല്‍ ല്‍ ചൈനയുടെ മൊത്തം ഡയറക്ട് പ്രീമിയം ഇരട്ടിയായി ഉയരുകയുണ്ടായി. ചൈന ഇതോടെ ലോകത്തെ മൂന്നാമത്തെ ഇന്‍ഷുറന്‍സ് വിപണിയായി മാറി. വികസിച്ചുവരുന്ന പുതിയ വിപണികളില്‍ ഇന്ത്യയും ബ്രസീലുമാണ് ഇന്‍ഷുറന്‍സ് രംഗത്ത് വളര്‍ച്ച നേടിയ രാജ്യങ്ങള്‍.

ഇന്‍ഷുറന്‍സിന്റെ ഉദയം ഇന്ത്യയില്‍
മനുവിന്റെ കൃതികളില്‍ ഇന്‍ഷുറന്‍സിന്റെ ആദ്യ വേരുകള്‍ കാണാം. യാജ്ഞവല്‍ക്യന്‍, കൗടില്യന്‍ എന്നിവരുടെ കൃതികളിലും ഇത് കാണാം. തീ, വെള്ളപ്പൊക്കം, ക്ഷാമം, രോഗങ്ങള്‍ എന്നിവ ഉണ്ടാകുമ്പോള്‍ എങ്ങനെയാണ് അതുവരെ ശേഖരിച്ചുവെച്ച അടിസ്ഥാന വിഭവങ്ങള്‍ എല്ലാവര്‍ക്കും വിതരണം ചെയ്യേണ്ടത് എന്നത് സംബന്ധിച്ച പരാമര്‍ശങ്ങള്‍ ഇവിടെ കാണാം. ബ്രിട്ടീഷുകാരുടെ വരവോടെയാണ് ആധുനിക ഇന്‍ഷുറന്‍സിന്റെ ആരംഭം. 1850ല്‍ കൊല്‍ക്കത്തയിലാണ് ട്രിറ്റര്‍ ഇന്‍ഷുറന്‍സ് കമ്പനി എന്ന പേരില്‍ ആദ്യ ഇന്‍ഷുറന്‍സ് കമ്പനി ഉദയം കൊണ്ടത്. 1907ല്‍ ഇന്ത്യന്‍ മെര്‍ക്കന്റയില്‍ ഇന്‍ഷുറന്‍സ് ലിമിറ്റഡ് എന്ന കമ്പനി ഉണ്ടായി.

1973 ജനുവരി ഒന്ന് മുതല്‍ ജനറല്‍ ഇന്‍ഷുറന്‍സ് ബിസിനസ് ദേശസാല്‍ക്കരിക്കപ്പെട്ടു. 1972ല്‍ 107 ഇന്‍ഷ്വറര്‍മാര്‍ നാല് ഇന്‍ഷുറന്‍സ് ഗ്രൂപ്പായി മാറി- നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനി, ന്യൂ ഇന്ത്യാ അഷുറന്‍സ് കമ്പനി, ജനറല്‍ ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍, യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് എന്നിവയാണ് അവ. ജനറല്‍ ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ 1971ല്‍ ഒരു കമ്പനിയായി മാറി.

ഇന്ത്യ ഇന്‍ഷുറന്‍സ് തുറന്നപ്പോള്‍

പൊതുമേഖലാസ്ഥാപനങ്ങളുടെ വളരെക്കാലത്തെ ആധിപത്യത്തിന് ശേഷം 1990കളില്‍ സ്വകാര്യസ്ഥാപനങ്ങള്‍ക്ക് കൂടി ഇന്‍ഷുറന്‍സ് ആരംഭിക്കാമെന്ന് വന്നു. 1993ല്‍ ആര്‍എന്‍ മല്‍ഹോത്ര സമിതി ഇതേക്കുറിച്ച് പഠിക്കാന്‍ നിയോഗിക്കപ്പെട്ടു. ഈ സമിതിയുടെ നിര്‍ദേശാനുസരണമാണ് ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്റ് ഡവലപ്‌മെന്റ് അതോറിറ്റി (ഐആര്‍ഡിഎ) നിലവില്‍ വന്നത്. പിന്നീട് 2000ല്‍ ഐആര്‍ഡിഎ ഇന്‍ഷുറന്‍സ് വിപണി തുറക്കാന്‍ ആരംഭിച്ചു. അന്ന് വിദേശക്കമ്പനികള്‍ക്ക് ഇന്ത്യയിലെ ഇന്‍ഷുറന്‍സ് മേഖലയില്‍ 26 ശതമാനം വരെ ഉടമസ്ഥാവകാശം അനുവദിച്ചു.

2000ല്‍ ജനറല്‍ ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ദേശീയ റീ ഇന്‍ഷ്വറര്‍ ആയി മാറി. 2017ല്‍ ഇന്ത്യയില്‍ 62 ഇന്‍ഷ്വറര്‍മാര്‍ ഉണ്ടായിരുന്നു. അതില്‍ 24 പേര്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളും ആറ് പേര്‍ ഹെല്‍ത് ഇന്‍ഷുറന്‍സ് കമ്പനികളും 23 ജനറല്‍ ഇന്‍ഷുറന്‍സ്‌കാരും 9 പേര്‍ റീ ഇന്‍ഷ്വറര്‍മാരും ആണ്.

ജനറല്‍ ഇന്‍ഷുറന്‍സിന്റെ, പ്രത്യേകിച്ചും ആരോഗ്യഇന്‍ഷുറന്‍സിന്റെ ശോഭനഭാവി

നോണ്‍ ലൈഫ് ഇന്‍ഷുറന്‍സ് ഇരട്ടസംഖ്യയിലാണ് വളര്‍ച്ച കൈവരിച്ചത്. കാരണം പ്രകൃതിദത്തവും മനുഷ്യസ്രഷ്ടവുമായ ദുരന്തങ്ങള്‍ മൂലം ലൈഫ് ഇന്‍ഷുറന്‍സിലുള്ളവര്‍ക്ക് വന്‍തുകകള്‍ നഷ്ടപരിഹാരമായി കൊടുക്കേണ്ടിവന്നു. ഇത് പല ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളെയും നശിപ്പിച്ചു. ചെന്നൈയില്‍ 2015ല്‍ ഉണ്ടായ വെള്ളപ്പൊക്കത്തില്‍ 15,000 കോടിയുടെ നഷ്ടമുണ്ടായി. ഇതില്‍ അധികനഷ്ടത്തിനും ഇന്‍ഷുറന്‍സ് പരിരക്ഷ ഉണ്ടായിരുന്നില്ല. നഷ്ടം സംഭവിച്ചവര്‍ വ്യക്തിഗതമായിത്തന്നെ അവരുടെ നഷ്ടം നികത്തണമെന്നര്‍ത്ഥം. പക്ഷെ പതിവായി വെള്ളപ്പൊക്കവും ഭൂകമ്പവും ഉണ്ടായെങ്കിലും, വീട് ഇന്‍ഷുറന്‍സ് പോലുള്ളവയ്ക്ക് വലിയ വളര്‍ച്ച ഉണ്ടായില്ലെന്ന് ബിസിജി-ഫിക്കി റിപ്പോര്‍ട്ട് പറയുന്നു.

മറ്റൊരു രംഗമെടുത്താല്‍, ജീവിതശൈലീരോഗങ്ങള്‍ അമ്പരപ്പിക്കുന്ന തോതില്‍ വര്‍ധിക്കുകയാണ്. പ്രമേഹത്തില്‍ 50 ശതമാനത്തിന്റെ വളര്‍ച്ചയാണ് കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ ഉണ്ടായത്. 20 കോടി പേര്‍ ഉയര്‍ന്ന തോതില്‍ രക്തസമ്മര്‍ദ്ദം അനുഭവിക്കുന്നു. ആരോഗ്യപ്രശ്‌നം പെരുകിക്കൊണ്ടിരുന്നെങ്കിലും ആരോഗ്യ ഇന്‍ഷുറന്‍സിന്റെ കാര്യത്തില്‍ പുരോഗതി കാര്യമായി ഉണ്ടായിട്ടില്ല. 2016ല്‍ ആരോഗ്യ ഇന്‍ഷുറന്‍സിന്റെ സാന്നിധ്യത്തില്‍ 5 ശതമാനം മാത്രമായിരുന്നു വളര്‍ച്ച.

കൂടുതല്‍ കൂടുതല്‍ സ്വകാര്യകമ്പനികള്‍ എത്തുംതോറും പൊതുമേഖലാ രംഗത്തെ ഇന്‍ഷുറന്‍സ് കമ്പനികളുടെ ആധിപത്യം കുറയുകയാണ്. സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളുടെ വിപണിവിഹിതം നോണ്‍-ലൈഫ് ഇന്‍ഷുറന്‍സ് മേഖലയില്‍ 15 ശതമാനം വളര്‍ന്നു.

മോട്ടോര്‍ ഇന്‍ഷുറന്‍സ് രംഗത്തെ ഇന്‍ഷുറന്‍സാണ് നോണ്‍ലൈഫില്‍ പ്രധാനമായും സ്ഥാനം പിടിച്ചത്. ആരോഗ്യ ഇന്‍ഷുറന്‍സ് മേഖലയിലാണ് രണ്ടാമത്തെ വളര്‍ച്ച- 24.5 ശതമാനം. പ്രധാന സ്വകാര്യ കമ്പനികള്‍ ഐസിഐസിഐ ലൊംബാര്‍ഡ്, ബജാജ് അലയന്‍സ്, ഇഫ്‌കോ ടോകിയോ, എച്ച്ഡിഎഫ്‌സി എര്‍ഗോ, ടാറ്റാ എഐജി, റിലയന്‍സ്, ചോളമണ്ഡലം, റോയല്‍ സുന്ദരം എന്നിവയാണ്. ജനറല്‍ ഇന്‍ഷുറന്‍സ് രംഗത്തെ 128,128 കോടിയായിരുന്നു നേരിട്ടുള്ള പ്രീമിയം.

ആരോഗ്യ ഇന്‍ഷുറന്‍സ്
2016-17 സാമ്പത്തികവര്‍ഷം, ജനറല്‍ ഇന്‍ഷുറസും ആരോഗ്യ ഇന്‍ഷുറന്‍സ് രംഗവും ഏറ്റവും കൂടുതല്‍ പ്രീമിയം നേടി. ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനികള്‍ 30,392 കോടി രൂപയാണ് ശേഖരിച്ചത്. 24 ശതമാനമായിരുന്നു വളര്‍ച്ച.

ആരോഗ്യ ഇന്‍ഷുറന്‍സിന്റെ കാര്യത്തില്‍ നാല് പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനികളാണ് മൊത്തം തുകയുടെ 63 ശതമാനം കയ്യാളുന്നത്. പക്ഷെ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ കണക്കെടുക്കുമ്പോള്‍, പൊതുമേഖലാഇന്‍ഷുറന്‍സ് കമ്പനികളുടെ വളര്‍ച്ച മരവിച്ചിരിക്കുകയാണ്. അതേ സമയം സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളുടെ പങ്ക് വളര്‍ച്ച നേടിയിരിക്കുന്നു.

രത്‌നച്ചുരുക്കം

ഇന്‍ഷുറന്‍സ് രംഗം ഇന്ത്യയില്‍ അതിവേഗ വളര്‍ച്ചയുടെ പാതയിലാണ്. മികച്ച വളര്‍ച്ചാസാധ്യതയാണ് ഈ മേഖല വാഗ്ദാനം ചെയ്യുന്നത്. ജോലിയില്‍ നിന്ന് വിരമിക്കുന്നത് എങ്ങനെ ആസൂത്രണം ചെയ്യണം എന്ന കാര്യത്തില്‍ കൂടുതല്‍ തിരിച്ചറിവുള്ളതിനാല്‍ ഇന്‍ഷ്വറന്‍സ് രംഗത്ത് വളര്‍ച്ച അധികമാണ്. കഴിഞ്ഞ രണ്ട് വര്‍ഷമായി നടക്കുന്ന ചില നടപടികള്‍ ഇന്‍ഷുറന്‍സ് മേഖലയെ ശക്തിപ്പെടുത്തുന്നു എന്ന് വേണമെങ്കില്‍ പറയാം. ഓട്ടോമാറ്റിക് പാതയിലൂടെയുള്ള വിദേശനിക്ഷേപം ഇന്‍ഷുറന്‍സ് മേഖലയില്‍ 49 ശതമാനമായി ഉയര്‍ന്നിരിക്കുന്നു.

നോട്ട് നിരോധനം, ജന്‍ധന്‍ അക്കൗണ്ടുകള്‍, യൂണിഫൈഡ് പേമെന്റ് ജാലകം, ആധാര്‍ കൂട്ടിയിണക്കല്‍ തുടങ്ങിയ ഒട്ടേറെ പരിഷ്‌കാരങ്ങള്‍ ലോകത്തെ ഡിജിറ്റല്‍ കാഷ്്‌ലെസ് സമ്പദ്ഘടനയിലേക്ക് നയിക്കുന്നതിന്റെ തുടക്കമാണ്. ഈ ഡിജിറ്റല്‍ വിപ്ലവം ഇന്ത്യയുടെ ഇന്‍ഷുറന്‍സ് രംഗത്തെക്കൂടി ഉയര്‍ത്തും. ജിഎസ്ടിയും നോട്ട്‌നിരോധനവും സമ്പദ്ഘടന അനൗപചാരികതയില്‍ നിന്നും ഔപചാരികതയിലേക്ക് നീങ്ങുന്നതിന്റെ ലക്ഷണമാണ് കാണിക്കുന്നത്. ഇതോടെ കൂടുതല്‍ പേര്‍ ആരോഗ്യ ഇന്‍ഷുറന്‍സിലേക്കും സാമൂഹ്യ സുരക്ഷാപദ്ധതികളിലേക്കും ആക്‌സിഡന്റ് ഇന്‍ഷുറന്‍സിലേക്കും നീങ്ങും. ഈ പശ്ചാത്തലത്തില്‍ ഇന്ത്യയിലെ ഇന്‍ഷുറന്‍സ് മേഖല കുതിച്ചുചാട്ടത്തിന് ഒരുങ്ങുകയാണെന്ന് പറയാം.

Nandakumar-Photoവി.പി നന്ദകുമാര്‍,
എം.ഡി, സി.ഇ.ഒ, മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ്

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.