വിനോദസഞ്ചാരികളെ കോരിത്തരിപ്പിക്കുന്ന ലിഡോനൃത്തം.

വിനോദസഞ്ചാരികളെ കോരിത്തരിപ്പിക്കുന്ന ലിഡോനൃത്തം.

    

                   

  എൻറെ  മുൻ  ലേഖനങ്ങൾ  വായിച്ചിട്ടുള്ളവർക്ക് ,  ലേഖിക ഇപ്പോഴും ഫാഷൻ  സിറ്റിയുടെ ലഹരിയിൽ നിന്ന് മോചിതയായിട്ടില്ലേയെന്ന് സംശയം തോന്നിയേക്കാം.

 ഫാഷൻ  സിറ്റിയെക്കുറിച്ചുള്ള ലേഖനത്തിൽ, മനസ്സിൽ തങ്ങി നിൽക്കുന്ന  ഈ കാഴ്ച്ച വിവരിക്കുവാൻ സാധിക്കാതിരുന്നതിനാൽ ഖേദമുണ്ടായിരുന്നു. ഒരു അദ്ധ്യാപികയെന്ന നിലയിൽ ഒരിക്കലും സന്ദർശിക്കുവാൻ  പാടില്ലാത്ത സ്ഥലത്തേക്ക് പോകേണ്ടി വന്ന സാഹചര്യം വിവരിച്ചശേഷം, ഞാൻ  വിഷയത്തിലേക്ക് കടക്കാം.

 

മുപ്പത്തിയാറുപേര് അടങ്ങിയ ടൂർ  ഗ്രൂപ്പിനോടൊപ്പമായിരുന്നു ഞങ്ങളുടെ യൂറോപ്പ് യാത്രയുടെ. ആദ്യപരിചയപ്പെടലിൽ തന്നെ, ടൂർ മാനേജരുടെ പ്രസംഗത്തിൽ ഞങ്ങളുടേത് വലിയ സംഘമായതിനാൽ വിട്ട് വീഴ്ചകൾക്ക്  എല്ലാവരും തയ്യാറാവണമെന്ന് അഭ്യർത്ഥിച്ചിരുന്നു. അത് കൊണ്ട് രാഷ്ട്രീയാനുഭാവികളെ പോലെ ഭൂരിഭാഗത്തിന്റെ തീരുമാനമനുസരിച്ച് പ്രവർത്തിച്ചില്ലെങ്കിൽ അപ്രിയം അനുഭവിക്കേണ്ടിവരുമെന്ന് ശങ്കിച്ചാണ്, ലിഡോ ഡാൻസ്  കാണുവാൻ  നിർബന്ധിതയായത് . അത് കൂടാതെ ലിഡോ  ഡാൻസ്  എന്താണെന്ന് എനിക്ക് അന്നുവരെ അറിവുണ്ടായിരുന്നിരുന്നില്ലയെന്നത്  മറ്റൊരു സത്യം. ടൂർ ഓപ്പറേറ്റേഴ്സ് യാത്രയെക്കുറിച്ച് വിശദമായ നോട്ടീസ് നല്കിയിട്ടും തിരക്കിനിടയിൽ വായിക്കുവാൻ  കഴിയാതിരുന്നതാണ്.

യുവാവായ ടൂർ  ഗ്രൂപ്പ് മാനേജർ , ഫാഷൻ  സിറ്റി സന്ദർശിച്ചിട്ട് ലിഡോ ഡാൻസ്  കാണാതെ പോവുന്നത് വലിയ നഷ്ടമെന്നും പറഞ്ഞത് കേട്ടപ്പോൾ  എനിക്ക് തോന്നിയത് അത്  കാണാതിരുന്നാൽ  വലിയൊരനുഭവം നഷ്ടപ്പെടുമെന്നാണ്.

 

ഏതായാലും ഗ്രൂപ്പിലെ ഏറ്റവും പ്രായമുള്ള 85 ന് മേൽ പ്രായം തോന്നുന്ന രണ്ട് പേരൊഴികെ ബാക്കിയെല്ലാരും ലിഡോ സന്ദർശിക്കുവാൻ  തയ്യാറാണെന്ന്  അറിയിച്ചു. അന്നേ ദിവസത്തെ യാത്രയവസാനത്തിലാണ് ലിഡോയ്ക്ക് പോകേണ്ടിയിരുന്നതെന്നതിനാൽ, ലിഡോ കാണുവാൻ  താല്പ്പര്യമില്ലാത്തവരെ ഹോട്ടലിൽ എത്തിക്കുന്നതിന് കുറെ സമയമെടുക്കും. ആ ബുദ്ധിമുട്ട് മനസ്സിലാക്കി, മറ്റുള്ളവരുടെ സമയം നഷ്ടപ്പെടുത്തരുതെന്ന് കരുതി, മനസ്സില്ലാമനസ്സോടെ താൽപ്പര്യമില്ലാത്തവരും അവസാനനിമിഷത്തിൽ ഞങ്ങളോടൊപ്പം ചേരുവാൻ  സമ്മതം മൂളി.

 ലിഡോ ഡാൻസ്  നടത്തുന്ന സ്ഥലം വളരെ പ്രസിദ്ധമാണ്. പാരീസിലെ  വീതിയുള്ള മനോഹരമായ റോഡുകൾ  ചെന്നെത്തുന്നത്, ചാംമ്സ് എലിസീസ് എന്ന പ്രധാന വീഥിയിലാണ്. അവിടത്തെ റോഡുകളും മരങ്ങളും മുഴുവനും കമനീയമായ ലൈറ്റുകളും തോരണങ്ങളും കൊണ്ട് ആരേയും ആകർഷിക്കുവാൻ തക്കവിധത്തിലൊരുക്കിയിരിക്കുന്നു.  ഞങ്ങളും ഈ ആകർഷണവലയത്തിൽ  അകപ്പെട്ടതുപോലെ  പോലെ വണ്ടിയിൽ  നിന്നിറങ്ങിയിട്ട് ചിത്രശലഭങ്ങൾ  പൂവിനകത്തേക്ക് തേൻ  നുകരാനെത്തും വിധം ഒഴുകി ഒഴുകി ആ ഭാഗത്തേക്ക് നീങ്ങി കൊണ്ടിരുന്നു.

പ്രവേശനകവാടത്തിനടുത്തുള്ള ഭിത്തികളിൽ  ചുവന്ന നിറത്തിലെ ചായംപൂശിയിരിക്കുന്നതിൽ  നിറയെ കുഞ്ഞുബൾബുകൾ  മിന്നും താരങ്ങൾ പോലെ പ്രകാശിക്കുന്നു. അതിഥികളെ സ്വാഗതം ചെയ്യുന്നതിന് കോട്ടും സൂട്ടും അണിഞ്ഞവർ കവാടത്തിൽ സന്നിഹിതരാണ് . അവരെ  കൂടാതെ കുറെ പുരുഷന്മാർ  കറുത്ത പാൻറ്സും  വെളുത്ത ഫുള് സ്ലീവ് ഷർട്ടും ധരിച്ച് നിരനിരയായി നില്ക്കുന്ന സംഘവും  ചേർന്ന് ഞങ്ങളുടെ ഗ്രൂപ്പിനെ അകത്തേക്ക് ആനയിച്ച് കൊണ്ട് പോയി.

 

 ഭീമാകാരമായ ഹാളിനകത്ത് ചുറ്റിനും കടും ചുവന്ന നിറത്തിലെ സാറ്റിൻ  തുണി കൊണ്ട് ഫ്രില്ലിട്ട് തുന്നിയ  കർട്ടനുകളിട്ടിരിക്കുന്നു . അതിനാൽ സ്റ്റേജ് എവിടെയാണെന്ന് പോലും അറിയാനാവില്ല. പിന്നെ ഹാളിൽ ധാരാളം കസേരകളും മേശകളും നിരത്തിയിട്ടിരിക്കുന്നു. മേശകളിൽ ചുവന്ന വിരികളും കസേരകൾക്ക്  വെളുത്ത സാറ്റിൻ  തുണികൾ  കൊണ്ടുള്ള കവറുകളും. മനോഹരമായി അലങ്കരിച്ച ഹാളിനകത്ത് കയറിയപ്പോൾ  സ്വപ്നലോകത്ത് എത്തിപ്പെട്ടത് പോലെ.

നമ്മുടെ നാട്ടിൽ നിന്ന് വിദേശത്തേക്ക് പോകുന്ന ധനികരായ യുവാക്കൾ  ഇത്തരം മായാലോകത്തിലെത്തി, ലഹരി പിടിച്ച് കെണിയിൽപ്പെടുന്ന വാർത്തകൾ  സുപരിചിതമാണല്ലോ. അതേ മായാലോകത്താണ് ഞങ്ങളും എത്തപ്പെട്ടിരിക്കുന്നത്.എന്താണ് ഇവിടെ നടക്കാൻ  പോകുന്നതെന്നറിയാൻ  ആകാംക്ഷയുണ്ടായി.

 ഈ ലൈറ്റുകളുടെ പ്രകാശത്തിൽ  ഹാളാകെ വെട്ടി തിളങ്ങുകയാണ്. അത് കൂടാതെ മരത്തിൽ തീർത്ത സീലിങ്ങ് മുഴുവനും  ഭംഗിയുള്ള  ക്ലസ്റ്റർ ലാംബുകൾ  കൊണ്ട് മനോഹരമാക്കിയിരിക്കുന്നു. മേശകൾ  നിറയെ വൈൻ  കഴിക്കാനുള്ള ഗ്ലാസുകൾ തിളങ്ങുന്നു. കേക്കുകളും വൈനോടൊപ്പം കഴിക്കാനുള്ള വിഭവങ്ങൾ  വിളമ്പാനുള്ള  പാത്രങ്ങളും  മനോഹരമായി സജ്ജീകരിച്ചിരിക്കുന്നു. ഡിന്നർ റ്റേബിളിലെ അറേന്ജമെന്റസ്  നോക്കിയിരിക്കുമ്പോൾ  തന്നെ, ആ വലിയ ഹാൾ  നിറയെ ആളുകളെ കൊണ്ട് നിറഞ്ഞു.

ഈ സൗന്ദര്യം ആസ്വദിക്കുന്നതിനിടയിൽ കാതിന് ഇമ്പമേകുന്ന  ശ്രുതിയിൽ ഇന്സ്ട്രുമെന്റ് മ്യുസിക്ക് തുടങ്ങി, അപ്പോഴേക്കും ഒരു വശത്തെ കർട്ടൻ ഉയർന്നു. സ്റ്റേജിൽ ചില ഗായകർ വന്ന് ഗാനങ്ങൾ ആലപിച്ചു. ആ സമയത്ത് സ്റ്റേജിൽ സിനിമകാണിക്കും പോലെ ചില ദൃശൃങ്ങൾ  പ്രത്യക്ഷപ്പെട്ടു. ഇതിനിടയിൽ ഷാംപെയിന് വിളമ്പി , അത് കുടിക്കാത്തവർക്ക് ജ്യൂസും.

പാട്ടും സിനിമയും നടക്കുന്നതിനിടയിൽ ഇടയ്ക്കിടയ്ക്ക് ഭംഗിയുള്ള വസ്ത്രങ്ങളും ആഭരണങ്ങളും അണിഞ്ഞ സുന്ദരികൾ  സ്റ്റേജിൽ  വന്നുപോയ്‌ക്കോണ്ടിരുന്നു. അവരുടെ ഭംഗിയിൽ നാം ലയിച്ചിരുന്നുപോവും.  അപ്സ്സരസുന്ദരികൾ . കല്ലുകളും മുത്തുകളും തുന്നിപ്പിടിപ്പിച്ച സാറ്റിൻ  തുണികളിൽ തീർത്ത ആടയാഭരണങ്ങൾ  പ്രകാശത്തിൽ വെട്ടിതിളങ്ങുന്നു.

ജ്യൂസ് കുടിച്ച് കൊണ്ടിരിക്കുന്നതിനിടയിൽ എനിക്ക് വല്ലാത്ത ഉറക്കക്ഷീണം തോന്നി. സാധാരണയായി സെക്കന്റ് ഷോ സിനിമയ്ക്ക് പോയാൽ ഞാൻ  ഉറങ്ങി പോകാറുള്ളതിനാൽ എനിക്ക് അതിശയോക്തി തോന്നിയില്ല.

വലിപ്പമുള്ള ഗ്ലാസിലെ മധുരമുള്ള ജ്യൂസ്, വീണ്ടും വീണ്ടും കഴിക്കുവാൻ  ആഗ്രഹം തോന്നി. ചെറിയ രീതിയിൽ ലഹരി  ചേർത്ത ജ്യൂസാണ് വിളന്വിയിരിക്കുന്നതെന്ന് മനസ്സിലാക്കിയിട്ടോയെന്തോ,ഗ്രൂപ്പിലുള്ളവർ മൈസൂർ രാജാവെന്ന് വിളിച്ചിരുന്ന സഹയാത്രികനുൾപ്പെടെ  ഗ്രൂപ്പിലുള്ളവരൊക്കെ എൻറെ  ഉറക്കം കണ്ട് ചിരിക്കുകയായിരുന്നു. പാതി മയക്കത്തിൽ നിന്ന് ഞാൻ  ഉണരാൻ ശ്രമിച്ചിട്ടും ഉറക്കത്തിലേക്ക് വഴുതി വീണ് കൊണ്ടിരുന്നു. പിന്നീടാണറിഞ്ഞത്, ജ്യൂസിൽ അവർ ചെറിയതോതിൽ ലഹരി  ചേർക്കുമെന്ന്. 36 പേരടങ്ങിയ ഗ്രൂപ്പിൽ യാത്ര ചെയ്തിട്ട് ഇതാണ് അവസ്ഥയെങ്കിൽ  യുവസുഹൃത്തുക്കളോടൊപ്പം പോകുന്ന പെൺകുട്ടികളെ കെണിയിൽ വീഴ്ത്തുവാൻ  എത്ര എളുപ്പം സാധിക്കുമെന്നത് ചിന്തിക്കേണ്ടതാണ്. ഇതൊക്കെ തന്നെയാണ്  ഇന്ന് നമുക്ക് ചുറ്റിനും നടക്കുന്നത്. ഒരിക്കൽ കെണിയിൽ പെട്ടാൽ ജീവിതാന്ത്യം വരെ അവർക്കൊരു ഇരയായി. സൂര്യനെല്ലി, കവിയൂർ, ഐസ്ക്രീം പാർലർ കേസ് എന്നിവയിലൊക്കെ പെൺകുട്ടികൾക്ക്  സംഭവിച്ചതും, ഇന്നും തുടർന്നു കൊണ്ടിരിക്കുന്നതും. നമ്മുടെ മക്കൾക്ക്  ആപത്ത് സംഭവിക്കില്ലെന്ന് ധരിക്കാതെ, ഇത് നമ്മുടെ മക്കൾക്കും  വന്ന് ഭവിക്കാമെന്ന കരുതി മാതാപിതാക്കൾ  ജാഗ്രത പാലിക്കുകയാണെങ്കിൽ മക്കളെ രക്ഷിക്കുവാൻ  നമുക്ക് കഴിയും.

സമയം മുന്നോട്ട് പോകുന്തോറും നർത്തകികളുടെ വസ്ത്രത്തിന്റെ അളവും എണ്ണവും കുറഞ്ഞ് കൊണ്ടിരുന്നു. എന്നാൽ നൃത്തത്തിൽ നാം ലയിച്ചിരുന്നത് കൊണ്ട് ആദ്യമൊക്കെ അലോസരമായി തോന്നിയില്ല. എന്നാലും നീളൻ  ഫ്രില്ലുള്ള പാവാടകളിൽ ഒരു ഭാഗം കൂട്ടിയോജിപ്പിച്ചിട്ടില്ലന്നും  അതിനിടയിലൂടെ അവരുടെ ഭംഗിയുള്ള കാലുകൾ  കാണുന്നത് പോലെ തയ്ച്ചിരിക്കുന്നതും ഞാൻ  ശ്രദ്ധിച്ചു, അതെനിക്ക് ഇഷ്ടവുമായില്ല.

എന്നാൽ പിന്നീട് മനസ്സിലായി, നൃത്തത്തിൽ നാം ലയിച്ചിരിക്കുന്നതോടൊപ്പം അവർ വസ്ത്രത്തിന്റെ അളവുകളും കുറച്ച് കൊണ്ടേയിരുന്നുവെന്ന് . അതിന് ശേഷം നൃത്തച്ചവടുകളെക്കാൾ  പ്രാധാന്യം അവരുടെ നഗ്നമായ ശരീരഭാഗങ്ങൾ  പ്രദർശിപ്പിക്കുന്നതിലായി അവരുടെ ശ്രദ്ധ. എനിക്ക് അരോചകമായി തുടങ്ങിയപ്പോൾ  ഞാൻ   ശരിക്കും ഉറങ്ങി വീണു. പിന്നീട് നർത്തകികൾ  സ്റ്റേജിൽ വരുന്നത് പോലും വസ്ത്രങ്ങൾ മാറ്റി  ശരീരഭാഗങ്ങൾ  പ്രദർശിപ്പിക്കുവാൻ  മാത്രമായിരുന്നു. വസ്ത്രത്തിന്റെ അളവ് കുറഞ്ഞ് അവസാനഭാഗമെത്തിയപ്പോൾ  വെറും മുത്തുകൾ  മാത്രം രഹസ്യഭാഗത്ത് ഒട്ടിച്ച് വെച്ചിരിക്കും പോലെ. എന്നാൽ തലയിലൊക്കെ ഭംഗിയുള്ള തൂവൽ വെച്ച് സൗന്ദര്യവതികളായ സ്ത്രീകളെ കണ്ടാൽ ആരും മയങ്ങി പോവും. കാണികളായ നാം മയങ്ങി വീഴുന്ന ലഹരിയാണല്ലോ തന്നിരിക്കുന്നതും. ശരിക്കും സ്റ്റേജിലൂടെ ചിത്രശലഭങ്ങൾ പ്പാറി  നടക്കുന്നതാണോയെന്ന് തോന്നിയ നിമിഷം.

 വെറും ജ്യൂസ് കുടിച്ചപ്പോൾത്തന്നെ ഈയവസ്ഥയാണെങ്കിൽ സാധാരണ മദ്യം കഴിച്ചവരുടെ അവസ്ഥയെന്തായിരിക്കാം. ഇതിനിടയിൽ ആൺസുഹൃത്തുക്കളുമായി ഇത്തരം പരിപാടി കാണുവാൻ പോവുന്ന പെൺകുട്ടികളുടെ അവസ്ഥയും അതിൽ പതിയിരിക്കുന്ന ചതിക്കുഴികളും ഒന്നൂഹിച്ച് നോക്കൂ. ഒരിക്കൽ കെണിയിൽപ്പെട്ടാൽ ഊരി പോകുവാൻ  ബുദ്ധിമുട്ടാവും. അബോധാവസ്ഥയിൽപ്പെട്ടാൽ അവർക്ക് റെസ്റ്റ് എടുക്കുവാൻ  വിശ്രമമുറികളും കാണുമായിരിക്കും ചുറ്റിനും കർട്ടൻ  ഇട്ടിരിക്കുന്ന വലിയ ഹാളിൽ, അവിടവിടെ വിശ്രമമുറികളാവാം. ബാക്കി വായനക്കാർ സങ്കൽപ്പിച്ചാൽ മതിയല്ലോ.

 ഞാനോർത്തത് ഇത്രയ്ക്ക് ഭംഗിയായി നൃത്തം ചെയ്തിരുന്നവരെ കലാപരമായി ഉപയോഗിച്ച് ഈ നൃത്തം തന്നെ കൊഴുപ്പിക്കാമായിരുന്നില്ലേയെന്നാണ് . നർത്തകികൾക്കും  മികച്ച കലാകാരിയെന്ന നിലയിൽ സ്വന്തമായി ഡാൻസ്  ഗ്രൂപ്പ് നടത്താമായിരുന്നില്ലേ. ഇത്രയും ചിന്തിച്ചപ്പോൾ  ഞാൻ  അവരുടെ മുഖത്തേക്ക് നോക്കി പോയി, അപ്പോഴാണ് കാഴ്ച്ചക്കാരായ ഞങ്ങളെ പുശ്ചത്തോടെ നോക്കുന്ന നർത്തകികളുടെ മുഖം എന്റെ ശ്രദ്ധയിൽപ്പെട്ടത്. നിങ്ങൾ  കുറച്ച് പൈസയുണ്ടാക്കി സാധുക്കളെ സംരക്ഷിച്ചിരുന്നെങ്കിൽ കുടുംബം പോറ്റാൻ  ഞങ്ങള്ക്ക് ഈ തൊഴിൽ ചെയ്യേണ്ടിവരുമായിരുന്നോയെന്ന് മൂകമായി ചോദിക്കുന്നതായി തോന്നി. ഒരു പക്ഷെ എന്നുള്ളിലേ കുറ്റബോധമാണോയെന്നറിയില്ല  മനസ്സിലുയർന്ന ഈ  ചോദ്യം .ഏതായാലും ലിഡോ ഡാൻസ്  എന്താണെന്ന് മനസ്സിലായല്ലോ. ഇതൊക്കെ കാണണോ വേണ്ടയോയെന്ന് എല്ലാവരും ചിന്തിക്കൂ.

ബെൽജിയത്തിലേക്ക് അഞ്ചാറു മണിക്കൂർ യാത്രയുള്ളതിനാൽ പിറ്റേ ദിവസം രാവിലെ യാത്ര തുടർന്നു. റോഡിന്റെ ഇരുഭാഗങ്ങളിലും ഒരേ ഉയരത്തിൽ പണിതിരിക്കുന്ന വീടുകൾ  അത് തന്നെ കാണുവാൻ ഭംഗിയുണ്ട്. ഒരിടത്തിറങ്ങി ഒരേ ഉയരത്തിൽ പണിതിരിക്കുന്ന കൂറ്റൻ  കെട്ടിടങ്ങളുടെ ദൃശ്യം ആസ്വദിക്കുവാനും കാമറയിൽ പകർത്താനും അവസരം ലഭിച്ചു.

പിന്നീട് 1280 കാലഘട്ടത്തിൽ പണിത 300 കുടുംബക്കാർ മാത്രം അംഗങ്ങളായ ലേഡീസ് ചർച്ച് എന്ന പള്ളിയിൽ കയറി കണ്ടു. ആ പള്ളി ഗോത്തിക്ക് ശില്പചാതുരി വിളിച്ചോതുന്നതാണെന്ന് പറയപ്പെടുന്നു. ഏതായാലും പുരാതനപള്ളി കാണുവാനായത് അന്ന് കാലത്ത് ജീവിച്ചിരുന്നവരുടെ കലാവാസന മനസ്സിലാക്കാനും പൂർവ്വികരെക്കുറിച്ച് ചിന്തിക്കാനുമുള്ള അവസരമായി.

അതിന് ശേഷം ഞങ്ങൾ  മനോഹരമായ ചുറ്റിനും ഗ്ലാസിട്ട ദൃശ്യസൗന്ദര്യം വേണ്ടുവോളം ആസ്വദിക്കാൻ തക്ക വിധത്തിൽ വിനോദസഞ്ചാരികൾക്കായി ഒരുക്കിയ ക്രൂയിസിൽ കയറി. നദിയുടെ ഇരുഭാഗങ്ങളിലുമുള്ള മനോഹരമായ കെട്ടിടങ്ങളും അവയുടെ ഭംഗിയും എടുത്ത് പറയേണ്ടവ തന്നെയാണെങ്കിലും ഞാൻ  കൂടുതൽ വിവരണത്തിലേക്ക് കടക്കുന്നില്ല. ക്രൂയിസിൽ യാത്ര ചെയ്യുമ്പോൾ  ഈഫൽ ടവർ കാണാനൊക്കുമെന്നതും നമ്മളും ഈഫൽ ടവറും കൂടിയ ചിത്രങ്ങൾ  കാമറയിൽ പകർത്താനാവുമെന്നതാണ് ഏറെ വിശേഷം.ബോട്ടിലിരിക്കുമ്പോൾ  ഓരോ സ്ഥലത്തെക്കുറിച്ചും വിശദമായ വിവരണങ്ങൾ  മൈക്കിലൂടെ തരുന്നത് വളരെ സഹായകമായി. ഇതൊക്കെ കണ്ടിരുന്നപ്പോൾ  നമ്മുടെ ടൂറിസവികസനത്തെക്കുറിച്ചും അതുകൊണ്ട്  കൈവരിക്കാവുന്ന നേട്ടങ്ങളെക്കുറിച്ചും ചിന്തിക്കുകയായിരുന്നു. വിദേശ രാജ്യങ്ങളുമായി ഭാരതത്തെ താരതമ്യം ചെയ്യുമ്പോൾ  ശുചിത്വത്തിന്റെ കാര്യത്തിൽ നാം ഏറെ പിന്നിലെന്ന വസ്തുത ചിന്തിച്ചുപോയി.

 ഭരണകൂടങ്ങൾ  ശുചിമുറികൾക്ക്  പ്രാധാന്യം നല്കി തുടങ്ങിയത് പ്രശംസിക്കാതെ വയ്യ. പ്രകൃതിസൗന്ദര്യമുള്ള ഭൂമി നമുക്ക് ദൈവം കനിഞ്ഞനുഗ്രഹിച്ച് നല്കിയിട്ടുണ്ടല്ലോ. അതൊന്ന് ആസ്വദിക്കത്തക്ക വിധത്തിൽ റോഡുകളും വൃത്തിയുള്ള റെസ്റ്റോറണ്ടുകളും ടോയ്‌ലെറ്റ്  സൗകര്യവും ഏർപ്പെടുത്തിയാൽ മാത്രം മതിയല്ലോ. എന്നാൽ മദ്യസൽക്കാരവും ആളെ മയക്കുന്ന നൃത്തലഹരിയുമൊക്കെ യുവജനങ്ങളെ  വഴി തെറ്റിക്കുവാൻ  സാദ്ധ്യതയുള്ളതുകൊണ്ട്  ഒരിക്കലും പ്രോത്സാഹിപ്പിക്കരുതെന്നൊരു അപേക്ഷ കൂടെ വെയ്ക്കുന്നു.

 

 

 

 

 

Photo Courtesy : Google/ images are subject to copyright   

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.