കൊറോണ രോഗികൾക്ക് ഭക്ഷണവും മരുന്നും നല്‍കാന്‍ ഇനി റോബോട്ട്.
കൊറോണ രോഗികൾക്ക് ഭക്ഷണവും മരുന്നും നല്‍കാന്‍ ഇനി റോബോട്ട്. ചൈനയിലെ വുഹാനില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്ത സമയത്ത് കോവിഡ് രോഗികളുടെയടുത്ത് ഭക്ഷണമെത്തിച്ചത് റോബോട്ടുകളായിരുന്നു. ഇപ്പോളിതാ നമ്മുടെ കേരളത്തിൽ കൊറോണ ബാധിതർക്ക് ഭക്ഷണവും മരുന്നും എത്തിക്കാൻ റോബോട്ടുകളെ പ്രയോജനപ്പെടുത്താൻ ഒരുങ്ങുകയാണ്.
കൂടുതല്‍ പോസിറ്റീവ് കേസുകളുള്ള കണ്ണൂര്‍ ജില്ലയിലെ അഞ്ചരക്കണ്ടിയിലെ ജില്ലാ കോവിഡ് സെന്ററിലെ ആരോഗ്യ പ്രവര്‍ത്തകരെ സഹായിക്കാനാണ് റോബോട്ടിനെ രംഗത്തിറയ്ക്കുന്നത്. ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തില്‍ ചെമ്പേരി വിമല്‍ജ്യോതി എഞ്ചിനീറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികളാണ് ‘നൈറ്റിങ്‌ഗേല്‍19’ എന്നു പേരു നല്‍കിയിരിക്കുന്ന റോബോട്ടുകളെ ഇതിനായി രൂപകൽപന ചെയ്‌തിരിക്കുന്നത്.
രോഗികളുമായുള്ള സമ്പർക്കത്തിൽ രോഗം പകരാനുള്ള സാധ്യത ഉണ്ടാകുമെന്നതിനാല്‍ പി.പി.ഇ. കിറ്റ് ഉള്‍പ്പെടെ ധരിച്ച് മാത്രമേ കൊറോണ രോഗികളുടെ അടുത്തേക്ക് പോകാൻ കഴിയുള്ളു. പി.പി.ഇ. കിറ്റ് ഉപയോഗം ബുദ്ധിമുട്ടായതിനാൽ അതൊഴിവാക്കാനാണ് റോബോട്ടിനെ ഉപയോഗിക്കുന്നത്.
ചൈനയില്‍ ഭക്ഷണവും മരുന്നും മാത്രം നല്‍കാനാണ് റോബോട്ടിനെ ഉപയോഗിച്ചത്. എന്നാല്‍ കേരളത്തിലെ റോബോട്ടുകളിൽ ചൈനയെ വെല്ലുന്ന സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. നൈറ്റിങ്‌ഗേല്‍19 എന്നു പേരു നല്‍കിയിരിക്കുന്ന റോബോട്ടുകളിൽ ഘടിപ്പിച്ച പ്രത്യേക ഡിസ്‌പ്ലേയിലൂടെ ജീവനക്കാരെയും ബന്ധുക്കളെയും കണ്ടു സംസാരിക്കാമെന്ന പ്രത്യേകതയുമുണ്ട്.
ആറു പേര്‍ക്കുള്ള ഭക്ഷണവും വെള്ളവും അല്ലെങ്കില്‍ 25 കിലോഗ്രാം വരെ ഭാരം കൊണ്ടുപോകാനുള്ള ശേഷിയുണ്ട് റോബോട്ടിന്. റിമോട്ട് കണ്ട്രോളിലൂടെ ഒരു കിലോമീറ്റര്‍ ദൂരെ നിന്നും റോബോട്ടിനെ നിയന്ത്രിക്കാം. റോബോട്ടിലെ വീഡിയോ സിസ്റ്റം വഴി ജീവനക്കാരുമായി സംസാരിക്കാനും അവർക്ക് വേറെന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ അറിയാനും കഴിയും. ഓരോ തവണത്തെ യാത്രയ്ക്ക് ശേഷവും റോബോട്ടിനെ അണുവിമുക്തമാക്കിയതിന് ശേഷമാണ് അടുത്തതായി ഉപയോഗിക്കുന്നത്.
ഈ സംവിധാനത്തിൻ്റെ പ്രവര്‍ത്തനോദ്ഘാടനം തിരുവനന്തപുരത്ത് നിന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ റോബോട്ടിൻ്റെ വീഡിയോ സംവിധാനത്തിലൂടെ നിര്‍വഹിച്ചു. കൂടാതെ കോവിഡ് ബാധിച്ച ചെറുവാഞ്ചേരിയിലെ കുടുംബാഗങ്ങളുമായി റോബോട്ട് വഴി ആരോഗ്യവകുപ്പ് മന്ത്രി സംസാരിച്ചു. അവര്‍ക്ക് ആത്മവിശ്വാസം നല്‍കുകയും മികച്ച ചികിത്സ ഉറപ്പു വരുത്തിയതായി അറിയിക്കുകയും ചെയ്തു.
Photo Courtesy : Google/ images are subject to copyright

