ആലുവ നഗരസഭയിലും സമീപ പഞ്ചായത്തുകളിലും ഇന്ന് അർദ്ധ രാത്രി മുതൽ കര്‍ഫ്യൂ.
ആലുവ നഗരസഭയിലും സമീപ പഞ്ചായത്തുകളിലും ഇന്ന് അർദ്ധ രാത്രി മുതൽ കര്‍ഫ്യൂ നിലവിൽ വരും. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് കർഫ്യൂ ഏർപ്പെടുത്തുന്നതെന്ന് മന്ത്രി വി.എസ്.സുനിൽകുമാർ പറഞ്ഞു. കടകള്‍ 10 മുതല്‍ രണ്ടുമണിവരെ മാത്രമേ തുറക്കൂ. കര്‍ഫ്യൂ നിലവില്‍ വരുന്ന പഞ്ചായത്തുകള്‍ ഇവയാണ്: ചെങ്ങമനാട്, കീഴ്മാട്, കടുങ്ങല്ലൂര്‍, ആലങ്ങാട്, ചൂര്‍ണിക്കര, എടത്തല.
സമ്പർക്കവ്യാപനം തുടരുന്ന ആലുവയിലും പരിസരപ്രദേശങ്ങളിലും സ്ഥിതിഗതികൾ അതീവ ഗുരുതരമാണെന്ന് ജില്ലാതല കോവിഡ് അവലോകനത്തിനു ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ മന്ത്രി സുനിൽ കുമാർ പറഞ്ഞു. കോവിഡ് വ്യാപനമുള്ള ഈ പ്രദേശങ്ങൾ ഒന്നിച്ച് ലാർജ് കമ്മ്യൂണിറ്റി ക്ലസ്റ്ററായി പരിഗണിക്കുന്ന സാഹചര്യത്തിലാണിത്.
കർഫ്യൂ മേഖലയിൽ മൊത്തവിതരണം രാവിലെ 7മണി മുതൽ 9മണി വരെ ആയിരിക്കും. ചില്ലറ വില്പന രാവിലെ 10 മുതൽ ഉച്ചയ്ക്ക് രണ്ടു വരെ ചില്ലറ വിൽപനയും അനുവദിക്കും. മെഡിക്കൽ സ്റ്റോറുകൾക്ക് 24 മണിക്കൂറും പ്രവർത്തിക്കാം.
കോവിഡ് ക്ലസ്റ്ററുകളായതിനാൽ ആലുവ നഗരസഭയും കീഴ്മാട് പഞ്ചായത്തും നേരത്തേ തന്നെ പൂർണമായും കണ്ടെയ്ൻമെന്റ് സോണുകളായിരുന്നു. ഇന്നലെ കോവിഡ് സ്ഥിരീകരിച്ച എണ്‍പതില്‍ എഴുപത്തിയഞ്ച് പേരും സമ്പര്‍ക്കം വഴി രോഗികളായതാണ്.
കൂടുതല്‍ കണ്ടെയ്ന്‍മെന്‍റ് സോണുകളും പ്രഖ്യാപിച്ചു. കൊച്ചി കോര്‍പറേഷനിലെ ഫോര്‍ട്ട്കൊച്ചി, കല്‍വത്തി, ഈരവേലി, മട്ടാഞ്ചേരി ഡിവിഷനുകള്‍ കണ്ടെയ്ന്‍മെന്‍റ് സോണാക്കി. ഏലൂര്‍ നഗരസഭയിലെ രണ്ടാമത്തെ ഡിവിഷനും കരുമാലൂര്‍, ആലങ്ങാട്, ചൂര്‍ണിക്കര പഞ്ചായത്തുകളും കണ്ടെയ്ന്‍മെന്‍റ് സോണാണ്.
കീഴ്മാട് ക്ളസ്റ്ററില്‍നിന്ന് പതിനൊന്നും ആലുവ ക്ളസ്റ്ററില്‍ പന്ത്രണ്ടുംപേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. കീഴ്മാടുള്ള കോണ്‍വെന്റിലെ പതിനെട്ട് കന്യാസ്ത്രീകള്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു.
വലിയ വ്യാപനം ഇല്ലാതിരുന്ന മറ്റു പഞ്ചായത്തുകളിൽ വാർഡ് അടിസ്ഥാനത്തിലായിരുന്നു കണ്ടെയ്ൻമെന്റ് സോൺ നിശ്ചയിച്ചിരുന്നത്. എന്നാൽ, ഇത് ഫലം കാണാത്ത സാഹചര്യത്തിലാണ് ലാർജ് കമ്മ്യൂണിറ്റി ക്ലസ്റ്ററാക്കി കർഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്.
Photo Courtesy : Google/ images are subject to copyright

