മാന്നാറിൽ ഗൾഫിൽ നിന്നെത്തിയ യുവതിയെ തട്ടികൊണ്ടുപോയ സംഭവത്തിൽ പുതിയ വഴിത്തിരിവ്; സ്വര്‍ണക്കടത്ത് മാഫിയയുമായി ബിന്ദുവിന് ബന്ധമെന്ന് കേട്ട് ഞെട്ടി നാട്ടുകാര്‍.
മാന്നാറിൽ ഗൾഫിൽ നിന്നെത്തിയ യുവതിയെ തട്ടികൊണ്ടുപോയ സംഭവത്തിൽ പുതിയ വഴിത്തിരിവ്. കൊരട്ടിക്കാട് സ്വദേശിനി ബിന്ദു വിദേശത്തായിരുന്നു എന്ന് നാട്ടുകാര്‍ അറിയുന്നത് കഴിഞ്ഞ ദിവസത്തെ തട്ടിക്കൊണ്ടു പോകല്‍ വാര്‍ത്തയറിഞ്ഞതോടെയാണ്. നാട്ടുകാരോട് പറഞ്ഞിരുന്നത് പാലക്കാട് ഒരു വീട്ടില്‍ വീട്ടു ജോലിക്ക് നില്‍ക്കുകയായിരുന്നു എന്നാണ്. ബിന്ദുവിന്റെ അമ്മയാണ് ഇക്കാര്യം അയല്‍ക്കാരോട് പറഞ്ഞിരുന്നത്.
നാട്ടുകാരില്‍ ചിലരോട് ബിന്ദു ദുബായില്‍ ഹോം നേഴ്സായി ജോലി ചെയ്യുകയാണ് എന്ന് പറഞ്ഞിരുന്നതായും വിവരമുണ്ട്. എന്നാല്‍ തൊട്ടയല്‍പ്പക്കത്തുള്ളവരോടാണ് പാലക്കാട് വീട്ടു ജോലിക്ക് നില്‍ക്കുകയാണ് എന്ന് പറഞ്ഞിരുന്നത്. നേരത്തെ എറണാകുളത്തും ജോലിക്ക് നിന്നിരുന്ന വിവരം അയല്‍ക്കാരോട് പറഞ്ഞിട്ടുണ്ടായിരുന്നു.
രണ്ടു വര്‍ഷം മുന്‍പാണ് ബിന്ദുവും കുടുംബവും മാന്നാര്‍ കുരട്ടിക്കാട്ട് താമസത്തിനെത്തിയത്. 10 സെന്റ് സ്ഥലവും വീടും 33 ലക്ഷം രൂപയ്ക്കാണ് വാങ്ങിയത്. വാങ്ങിയ ഉടന്‍ തന്നെ വീടിന് ചുറ്റും മതില്‍ പണിയുകയും ചെയ്തു. നാട്ടുകാരോട് അധികം ബന്ധമൊന്നുമില്ലായിരുന്നു. അതിനാല്‍ ഇവരുടെ കൂടുതല്‍ വിവരങ്ങള്‍ ആര്‍ക്കും അറിയില്ല. ബിന്ദു നാട്ടിലുള്ളപ്പോള്‍ സ്വപ്നാ സുരേഷിന്റെ സ്വര്‍ണ്ണക്കടത്ത് കേസിനെ പറ്റി അയല്‍ക്കാരോട് പറയുകയും ഇങ്ങനെയൊക്കെ സ്വര്‍ണം കടത്താന്‍ പറ്റുമോ എന്നൊക്കെ ആശ്ചര്യപ്പെട്ട് സംസാരിച്ചിരുന്നു എന്ന് അയല്‍ക്കാര്‍ പറയുന്നു. അങ്ങനെ ഒരാള്‍ ഇപ്പോള്‍ സ്വര്‍ണ്ണക്കടത്ത് നടത്തി എന്നറിഞ്ഞ ഞെട്ടലിലാണ് സമീപവാസികള്‍.
കഴിഞ്ഞ പുലര്‍ച്ചെ രണ്ടിനാണ് ആലപ്പുഴ മാന്നാര്‍ കുരട്ടിക്കാട് വിസ്മയ വിലാസത്തില്‍ ബിനോയിയുടെ ഭാര്യ ബിന്ദുവിനെ ഒരു സംഘം ആളുകള്‍ വീടാക്രമിച്ച് തട്ടിക്കൊണ്ടുപോയത്. ദുബായില്‍ നിന്ന് നാലു ദിവസം മുന്‍പാണ് യുവതി വീട്ടിലെത്തിയത്. പുലര്‍ച്ചെ വീട്ടിലെത്തിയ പതിനഞ്ചോളം ആളുകള്‍ വാതില്‍തകര്‍ത്ത് അകത്ത്കടന്ന് തന്നെയും ബിന്ദുവിന്റെ അമ്മ ജഗദമ്മയെയും മര്‍ദിച്ചശേഷം ബിന്ദുവിനെ തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നാണ് ഭര്‍ത്താവ് ബിനോയ് പൊലീസിനോട് പറഞ്ഞത്. ആക്രമണത്തില്‍ ജഗദമ്മയ്ക്ക് നെറ്റിയില്‍ മുറിവേറ്റു പരുക്കേറ്റു.
ഇന്നലെ ഉച്ചയോടെയാണ് തട്ടിക്കൊണ്ടുപോയ സംഘം ബിന്ദുവിനെ പാലക്കാട് വടക്കഞ്ചേരിക്കു സമീപം മുടപ്പല്ലൂരില്‍ വഴിയിലുപേക്ഷിച്ചു കടന്നത്. ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം മാന്നാറിലേക്കു കൊണ്ടുപോയി. ബിന്ദുവിനെ ഇന്നലെ രാത്രി ഏഴോടെ മാന്നാര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് മൊഴിയെടുത്തു. കോഴിക്കോട് കൊടുവള്ളി കേന്ദ്രീകരിച്ചുള്ള സംഘമാണ് അക്രമത്തിനു പിന്നിലെന്നാണു വീട്ടുകാരുടെ പരാതി. ശാസ്ത്രീയ പരിശോധനാ വിദഗ്ധരും പൊലീസ് നായയും സ്ഥലത്തെത്തി പരിശോധന നടത്തി.
കോഴിക്കോട് കൊടുവള്ളി, മലപ്പുറം എന്നിവിടങ്ങളിലെ സ്വര്‍ണക്കടത്ത് സംഘങ്ങളുമായി ബന്ധമുള്ളവരാണ് തട്ടിക്കൊണ്ടുപോകലിനു പിന്നിലുള്ളതെന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. ബിന്ദുവിന്റെ ഫോണും പൊലീസ് വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കും. അതേസമയം തട്ടിക്കൊണ്ടുപോകലിനും വീടാക്രമണത്തിനും സഹായിച്ച മാന്നാര്‍ സ്വദേശി പീറ്ററിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്.
അതേസമയം കാരിയറായ ബിന്ദു തൻ്റെ കൈവശമുണ്ടായിരുന്ന ഒന്നരക്കിലോ സ്വർണം മറ്റൊരു സംഘത്തിന് മറിച്ചു കടത്തിയെന്നാണ് സംശയം ഉയർന്നിരിക്കുന്നത്. ഏറ്റവും ഒടുവിൽ ബിന്ദു സ്വർണം കൊണ്ടുവന്നത് നാല് ദിവസം മുമ്പാണ്ദുബായിൽ നിന്ന് മാലിദ്വീപ് വഴി കേരളത്തിലേക്ക് വന്നപ്പോൾ ഒന്നരക്കിലോ സ്വർണം കൊണ്ടുവന്നതായും പിടിക്കപ്പെടുമെന്നായപ്പോൾ ഇത് വഴിയിൽ ഉപേക്ഷിച്ചതായുമാണ് യുവതി അന്വേഷണസംഘത്തിന് മൊഴി നൽകിയിരിക്കുന്നത്.
അതിനാൽ ബിന്ദുവിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കസ്റ്റംസും ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ്. സ്വര്‍ണ്ണക്കടത്ത് സംബന്ധിച്ച വിവരങ്ങള്‍ അന്വേഷിക്കാനായാണ് ചോദ്യം ചെയ്യുന്നത്. യുവതി ദുബായില്‍ നിന്നും കൊണ്ടു വന്ന സ്വര്‍ണം എയര്‍പോര്‍ട്ടില്‍ ഉപേക്ഷിച്ചതായാണ് പൊലീസ് പറയുന്നത്. ഈ സ്വര്‍ണം എവിടെ എന്ന് കണ്ടെത്താനും കസ്റ്റംസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടാതെ ബിന്ദുവിന് മറ്റേതെങ്കിലും സ്വർണക്കടത്ത് സംഘവുമായി ബന്ധമുണ്ടോയെന്നാണ് പ്രധാനമായും സംശയം ഉയർന്നിരിക്കുന്നത്. സ്വർണം മറ്റേതെങ്കിലും സംഘത്തിന് കൈമാറിയോയെന്നും അന്വേഷിക്കുന്നുണ്ട്.
Photo Courtesy : Google/ images are subject to copyright

