ബന്ധുനിയമനവിവാദം മന്ത്രി കെ. ടി. ജലീല്‍ രാജിവെച്ചു.
ബന്ധുനിയമനത്തില്‍ ലോകായുക്ത കുറ്റക്കാരനെന്ന് കണ്ടെത്തിയ മന്ത്രി കെ.ടി.ജലീല്‍ ഒടുവില്‍ രാജിവച്ചു. രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി. മുഖ്യമന്ത്രി കോവിഡ് ചികിത്സയിലായതിനാല്‍ പ്രൈവറ്റ് സെക്രട്ടറിക്കാണ് രാജി സമര്‍പ്പിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസ് രാജിക്കത്ത് ഗവര്‍ണര്‍ക്കും കൈമാറിയിട്ടുണ്ട്.
ധാര്‍മികമായ വിഷയങ്ങള്‍ മുന്‍നിരത്തി രാജിവെയ്ക്കുന്നു എന്നാണ് ജലീല്‍ രാജിക്കത്തില്‍ പറയുന്നത്. ലോകായുക്തയില്‍ നിന്ന് ഇത്തരമൊരു വിധി വന്നതിനാല്‍ രാജിവയ്ക്കുന്നുവെന്നും രാജിക്കത്തില്‍ പറയുന്നു.
ബന്ധു നിയമന വിവാദത്തില്‍ മന്ത്രി സ്ഥാനത്ത് തുടരാന്‍ യോഗ്യതയില്ലെന്ന ലോകായുക്ത ഉത്തരവിനെതിരേയുള്ള ജലീലിന്റെ ഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ രാജി.
മന്ത്രി കുറ്റക്കാരനാണെന്ന് ലോകായുക്ത കണ്ടെത്തിയതിന് ശേഷവും രാജിവയ്ക്കാന്‍ തയാറാകാതിരുന്ന ജലീലിനോട് ഒടുവില്‍ സിപിഎം രാജി ആവശ്യപ്പെട്ടുവെന്നാണ് വിവരം. ഇന്ന് രാവിലെ ജലീല്‍ എകെജി സെന്ററില്‍ എത്തി മുതിര്‍ന്ന നേതാക്കളെ കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് രാജി തീരുമാനമുണ്ടായത്.
എന്റെ രക്തം ഊറ്റിക്കുടിക്കാന്‍ വെമ്ബുന്നവര്‍ക്ക് തല്ക്കാലം ആശ്വസിക്കാമെന്ന് രാജിക്കത്ത് കൈമാറിയതിന് പിന്നാലെ ജലീല്‍ ഫെയ്സ്ബുക്കിലൂടെ പ്രതികരിച്ചു.
ജലീല്‍ രാജിവയ്ക്കേണ്ട ആവശ്യമില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ.വിജയരാഘവനും മന്ത്രി എ.കെ.ബാലനും കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. എന്നാല്‍ പിബി അംഗം എം.എ.ബേബി ഈ നിലപാട് തള്ളി രംഗത്തെത്തിയതോടെ വിഷയത്തില്‍ സിപിഎമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
Photo Courtesy : Google/ images are subject to copyright