2022 ലോകകപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടിൽ ഇന്ത്യക്ക് കന്നിവിജയം..
2022 ലോകകപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടിൽ ബംഗ്ലാദേശിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ച് ഇന്ത്യ ആദ്യ വിജയം നേടി . ഇരട്ട ഗോളുകൾ സ്വന്തമാക്കി ക്യാപ്റ്റൻ സുനിൽ ഛേത്രി മത്സരത്തിൽ തിളങ്ങി. ആദ്യ പകുതിയിൽ ബംഗ്ലാദേശ് പ്രതിരോധത്തെ ഭേദിക്കാൻ കഴിയാതിരുന്ന ഇന്ത്യയെ രണ്ടാം പകുതിയിൽ സുനിൽ ഛേത്രിയുടെ ഗോളുകൾ രക്ഷിക്കുകയായിരുന്നു.
ആദ്യ പകുതിയിൽ ചിംഗ്ലൻസെനയ്ക്ക് മികച്ച അവസരം ലഭിച്ചു. ബ്രാണ്ടൺ എടുത്ത കോർണർ കിക്കിൽ സെനയുടെ ബുള്ളറ്റ് ഹെഡൽ ഗോളെന്ന് ഉറച്ചതായിരുന്നു. എന്നാൽ ബംഗ്ലാദേശ് പ്രതിരോധം ആ നീക്കത്തെ തടഞ്ഞു.ഒടുവിൽ 79-ാം മിനിറ്റിൽ സുനിൽ ഛേത്രി ഇന്ത്യക്ക് ലീഡ് നൽകി. മലയാളി താരം ആഷിഖ് കുരുണിയന്റെ ക്രോസിൽ ഹെഡ് ചെയ്ത ഛേത്രിക്ക് പിഴച്ചില്ല. ഇന്ത്യൻ ജഴ്സിയിൽ ക്യാപ്റ്റൻ ഛേത്രിയുടെ 73-ാം ഗോൾ. പിന്നീട് 92-ാം മിനിറ്റിൽ ഛേത്രിയുടെ രണ്ടാം ഗോളെത്തി. സുരേഷിന്റെ പാസിൽ നിന്നായിരുന്നു ഈ ഗോൾ.
വിജയത്തോടെ ഇന്ത്യ ആറു പോയിന്റുമായി ഗ്രൂപ്പിൽ മൂന്നാമതെത്തി. അവസാന മത്സരത്തിൽ അഫ്ഗാനിസ്ഥാനാണ് എതിരാളികൾ. അതും വിജയിക്കാനായാൽ ഇന്ത്യക്ക് ഏഷ്യൻ കപ്പ് യോഗ്യത ഉറപ്പിക്കാനാകും.
Photo Courtesy : Google/ images are subject to copyright