അഖാഡ പരിഷത്ത് അധ്യക്ഷന് നരേന്ദ്രഗിരിയുടെ മരണത്തില് അന്വേഷണം സിബിഐ ഉടന് ഏറ്റെടുക്കും.
അഖാഡ പരിഷത്ത് അധ്യക്ഷന് നരേന്ദ്രഗിരിയുടെ മരണത്തില് അന്വേഷണം സിബിഐ ഉടന് ഏറ്റെടുക്കും. യുപി സര്ക്കാര് സിബിഐ അന്വേഷണത്തിന് കഴിഞ്ഞ ദിവസം ശുപാര്ശ ചെയ്തിരുന്നു. കേസില് കൂടുതല് പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്നാണ് അന്വേഷണ സംഘം നല്കുന്ന വിവരം. തിങ്കളാഴ്ച വൈകിട്ടാണ് നരേന്ദ്രഗിരിയെ പ്രയാഗ് രാജിലെ ബഘംബരി മഠത്തില് മരിച്ചനിലയില് കണ്ടെത്തിയത്. ഉച്ചകഴിഞ്ഞിട്ടും അദ്ദേഹം മുറിയില്നിന്ന് പുറത്തുവരാത്തതിനാല് ശിഷ്യന്മാര് വാതിലില് മുട്ടിവിളിച്ചെങ്കിലും പ്രതികരണമുണ്ടായിരുന്നില്ല. തുടര്ന്ന് വാതില് പൊളിച്ച് അകത്തുകടന്നതോടെയാണ് നരേന്ദ്രഗിരിയെ മരിച്ചനിലയില് കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്തുനിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തിരുന്നു.
നരേന്ദ്രഗിരിയുടെ മരണത്തിന് പിന്നാലെ അഖാഡ പരിഷത്ത് അടക്കം സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. കൂടാതെ അലഹബാദില് ഹൈക്കോടതിയിലും ഇതുസംബന്ധിച്ച് ഹര്ജ്ജി എത്തി. ഹര്ജ്ജി കോടതി പരിഗണിക്കാനിരിക്കെയാണ് കേസ് സിബിഐ അന്വേഷണത്തിന് വിടാൻ യുപി സര്ക്കാര് ശുപാര്ശ. കേസില് പ്രാഥമിക വിവരങ്ങള് യുപി പൊലീസില് നിന്നും സിബിഐ തേടിയിട്ടുണ്ട്. നാളെയോടെ കേസ് ഏറ്റെടുക്കുന്നതിനായി ഔദ്യോഗിക അറിയിപ്പുണ്ടാകുമെന്നാണ് സിബിഐ വൃത്തങ്ങള് നല്കുന്ന വിവരം. കേസില് ഇതുവരെ മൂന്ന് പേരാണ് യുപി പൊലീസ് അറസ്റ്റ് ചെയ്തത്. കൂടുതല് പേരെ ചോദ്യം ചെയ്യാനുള്ള നടപടികളിലേക്ക് അന്വേഷണസംഘം കടക്കുകയാണ്. നരേന്ദ്രഗിരിയുടെ പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ടിന്റെ കൂടുതല് വിവരങ്ങള് പുറത്തു വന്നു. കഴുത്തില് വി ആകൃതി പാടുകള് കണ്ടതായി റിപ്പോര്ട്ടില് പറയുന്നു. എന്നാല് ബലപ്രയോഗം നടന്നതായുള്ള തെളിവുകള് കണ്ടെത്തിയിട്ടില്ല. ആത്മഹത്യ എന്നത് ശരിവെക്കുന്നതാണ് പ്രാഥമിക റിപ്പോര്ട്ടെന്നാണ് സൂചന. ഇതിനിടെ അറസ്റ്റിലായ ആനന്ദ് ഗിരിയെ പിന്തുണച്ച് കുടുംബം രംഗത്തെത്തി. ആരോപണങ്ങള് കളവാണെന്നും ആനന്ദ് ഗിരിക്ക് ആരെയും കൊല്ലാനാകില്ലെന്നുമാണ് കുടുംബം പറയുന്നത്.
നരേന്ദ്രഗിരിയുടെ മറ്റൊരു അനുയായിയായ അമിര്ഗിരി നല്കിയ പരാതിയിലാണ് ആത്മഹത്യാ പ്രേരണയ്ക്ക് കേസ് എടുത്തത്. കേസില് നിലവില് ആനന്ദ്ഗിരിയെയാണ് പ്രതി ചേര്ത്തിരിക്കുന്നത്. ആനന്ദ് ഗിരിയെ കോടതിയില് ഹാജരാക്കി. 14 ദിവസത്തെ പൊലീസ് കസ്റ്റഡിയില് വിട്ടിരുന്നു. ആശ്രമവുമായി ബന്ധപ്പെട്ടുള്ള ചില തര്ക്കങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് നിഗമനം. ഇതിനിടെ അഖാഡ പരിഷത്തിന്റെ പുതിയ അധ്യക്ഷനെ തീരുമാനിക്കാന് പരിഷത്തിന്റെ യോഗം പതിനാറ് ദിവസത്തിന് ശേഷം ചേരും.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona

