സ്കൂളുകള് എത്രയും വേഗം തുറക്കണം; ആവശ്യവുമായി അഫ്ഗാനിലെ സ്ത്രീകളും പെണ്കുട്ടികളും.
രാജ്യത്തെ സ്കൂളുകള് എത്രയും വേഗം തുറന്ന് പ്രവര്ത്തിക്കണമെന്ന ആവശ്യവുമായി അഫ്ഗാനിസ്താനിലെ സ്ത്രീകളും പെണ്കുട്ടികളും. താലിബാന് അധികാരം പിടിച്ചെടുത്തതിന് പിന്നാലെ കഴിഞ്ഞ രണ്ട് മാസമായി രാജ്യത്തെ പെണ്കുട്ടികള് സ്കൂളുകളില് പോയിട്ടില്ല. തണുപ്പുകാലം അടുത്തതിനാല് സ്കൂളുകളില് പഠനം തുടരുന്നത് ഇനിയും നീളുമെന്ന ആശങ്കയിലാണ് ഇവര്. സ്കൂളുകള് തുറക്കാത്തത് വലിയ ആശങ്കയുണ്ടാക്കുന്നു. കുറച്ച് സ്കൂളുകളില് മാത്രമാണ് തണുപ്പിനെ പ്രതിരോധിക്കാനുള്ള സംവിധാനമുള്ളത്. കാബൂളിലും മറ്റ് മേഖലകളിലും എല്ലാ സ്കൂളുകളും പഴയത് പോലെ തുറന്ന് പ്രവര്ത്തിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അഫ്ഗാനിലെ പെണ്കുട്ടികള് പറയുന്നു. പെണ്കുട്ടികള്ക്കും വിദ്യാഭ്യാസത്തിന് അവകാശമുണ്ടെന്നും, സ്കൂളുകള് എത്രയും വേഗം തുറക്കണമെന്നും അദ്ധ്യാപികയായ അഷോഖുള്ള പറയുന്നു. രാജ്യത്തെ ജനസംഖ്യയുടെ വലിയൊരു ശതമാനവും സ്ത്രീകളും പെണ്കുട്ടികളുമാണെന്നും, താലിബാന്റെ തീരുമാനങ്ങള് അവരെ ബാധിക്കരുതെന്നും അഷോഖുള്ള പറയുന്നു. സ്ത്രീകളുടേയും പെണ്കുട്ടികളുടേയും അവകാശങ്ങള് ഹനിക്കുന്ന യാതൊന്നും ചെയ്യരുതെന്ന മുന്നറിയിപ്പ് താലിബാന് പാലിച്ചില്ലെന്ന് യുഎന് സെക്രട്ടറി ജനറല് അന്റോണിയോ ഗുട്ടറസും പറഞ്ഞിരുന്നു. അന്താരാഷ്ട്ര മാനുഷിക നിയമങ്ങള് പാലിച്ച് കൊണ്ട് താലിബാന് തങ്ങള്ക്ക് നല്കിയ ഉറപ്പുകള് പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബല്ഖ്, കുണ്ഡൂസ്, സര്-ഇ-പുള് എന്നീ മൂന്ന് മേഖലകളിലെ സ്കൂളുകള് മാത്രമാണ് പെണ്കുട്ടികള്ക്ക് വേണ്ടി തുറന്ന് പ്രവര്ത്തിക്കുന്നതെന്ന് ടോളോ ന്യൂസ് റിപ്പോര്ട്ട് ചെയ്യുന്നു.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona

