റെക്കോഡ് മയക്കുമരുന്ന് വേട്ട – പോലീസ് പിടികൂടിയത് 25 കോടി രൂപയുടെ ഹാഷിഷ് ഓയില്‍

റെക്കോഡ് മയക്കുമരുന്ന് വേട്ട – പോലീസ് പിടികൂടിയത് 25 കോടി രൂപയുടെ ഹാഷിഷ് ഓയില്‍

ചാലക്കുടിക്കടുത്ത് കൊരട്ടിയില്‍ നിന്ന് പോലീസ് പിടികൂടിയത് 25 കോടി രൂപയുടെ ഹാഷിഷ് ഓയില്‍. പിടിയിലായവരില്‍ ക്രിമിനല്‍ കേസ് പ്രതികളും. ആന്ധ്രയിലെ പാഡേരുവില്‍ നിന്നും എറണാകുളത്തേക്ക് വന്‍തോതില്‍ ഹാഷിഷ് ഓയില്‍ കടത്തുവാന്‍ സാധ്യത ഉണ്ടെന്നുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന പോലീസ് മേധാവി ശ്രീ. അനില്‍ കാന്ത് ഐ പി എസ് , തൃശൂര്‍ റേഞ്ച് ഡിഐജി ശ്രീ. എ.അക്ബര്‍ ഐ. പി എസ് , തൃശൂര്‍ റൂറല്‍ ജില്ല പോലീസ് മേധാവി കുമാരി ഐശ്യര്യ പ്രശാന്ത് ദോങ്‌ഗ്രേ ഐപിഎസ് എന്നിവരുടെ നിര്‍ദേശാനുസരണം ദിവസങ്ങളോളം നീണ്ട ദേശീയ പാതകള്‍ കേന്ദീകരിച്ച് നടത്തിയ പരിശോധനയിലാണ് അതിമാരക മയക്കുമരുന്നായ ഹാഷിഷ് ഓയിലുമായി നിരവധി ക്രിമിനല്‍ കേസിലെ പ്രതിയായ യുവാവടക്കം മൂന്നുപേരെ ചാലക്കുടി ഡിവൈഎസ്പി .സി.ആര്‍. സന്തോഷും സംഘവും ചേര്‍ന്ന് പിടികൂടിയത്. തൃശ്ശൂര്‍ പെരിങ്ങോട്ടുകര നാലും കൂടിയ സെന്ററില്‍ കണ്ണാറവീട്ടില്‍ ലിഷന്‍ (35 വയസ്), പാവറട്ടി പെരുവല്ലൂര്‍ സ്വദേശി അയിനിപ്പിള്ളി വീട്ടില്‍ അനൂപ് (32 വയസ്), പത്തനംതിട്ട ജില്ലയില്‍ കോന്നി കുമ്മണ്ണൂര്‍ സ്വദേശി തൈക്കാവില്‍ വീട്ടില്‍ നാസിം (32 വയസ്) എന്നിവരാണ് പിടിയിലായത്. പിടിയിലായ ലിഷാന്‍ പീഡന കേസടക്കം നിരവധി കേസുകളിലും നാസിം മോഷണ കേസിലും പ്രതിയാണ്. സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം ലഹരി വസ്തുക്കള്‍ക്കെതിരെ വിപുലമായ പരിശോധനകളും ബോധവത്കരണ പരിപാടികളുമാണ് മിഷന്‍ DAD (Drive Against Drug) എന്ന പേരില്‍ തൃശൂര്‍ റേഞ്ച് കേന്ദ്രീകരിച്ച് പോലിസ് നടത്തി വരുന്നത്. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ചാലക്കുടി ഡിവൈഎസ്പി സി.ആര്‍ സന്തോഷ്, കൊരട്ടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബി.കെ. അരുണ്‍ എന്നിവരുടെ നേതൃത്വത്തില്‍ കൊരട്ടിയില്‍ പുലര്‍ച്ചെ മുതല്‍ നടത്തിയ വാഹന പരിശോധനയിലാണ് ഹാഷിഷുമായി കാറില്‍ വന്ന സംഘം പിടിയിലായത്. ആന്ധ്രയിലെയും ഒറീസയിലെയും ഗ്രീന്‍ കഞ്ചാവ് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന മേല്‍ത്തരം പന്ത്രണ്ട് കിലോയോളം ഹാഷിഷ് ഓയിലാണ് പിടികൂടിയത്. നൂറ്റി അന്‍പത് കിലോ കഞ്ചാവ് വാറ്റുമ്പോഴാണ് ഒരു കിലോ ഹാഷിഷ് ഓയില്‍ ലഭിക്കുന്നതെന്നും ഇത് കേരളത്തിലെത്തിച്ച് മറ്റു ചില എണ്ണകള്‍ കൂടി ചേര്‍ത്ത് ചില്ലറ വില്‍പന നടത്തുമ്പോള്‍ ഇരുപത്തിഅഞ്ച് കോടിയോളം രൂപ പിടിച്ചെടുത്ത ഹാഷിഷിന് വില വരുമെന്നും പിടിയിലായവര്‍ പോലീസിനോട് സമ്മതിച്ചു.ആന്ധ്രയില്‍ നിന്ന് വിനോദ യാത്ര സംഘം എന്ന രീതിയില്‍ KL08 Y 2626, TN 32 U 4199 എന്നീ രജിസ്‌ട്രേഷന്‍ നമ്പറുകളിലുള്ള ആഡംബര കാറുകളില്‍ ഒളിപ്പിച്ച നിലയിലാണ് ഹാഷിഷ് ഓയില്‍ കടത്തി കൊണ്ടുവന്നിരുന്നത്. കൊച്ചിയിലെയും മറ്റും വിവിധ തുറകളിലുള്ള ആവശ്യക്കാര്‍ക്ക് വേണ്ടിയാണ് ഹാഷിഷ് ഓയില്‍ കൊണ്ടുവന്നതെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ചാലക്കുടി ഡിവൈഎസ്പി സി .ആര്‍ . സന്തോഷ് , കൊരട്ടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബി.കെ അരുണ്‍, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ ജിനുമോന്‍ തച്ചേത്ത്, ജോബ് സി.എ ,സതീശന്‍ മടപ്പാട്ടില്‍, റോയ് പൗലോസ്, പി.എം മൂസ, സി.എം സുരേഷ് ബാബു ,എ.യു റെജി, ബിനു എം.ജെ, ഷിജോ തോമസ്, സൈബര്‍ സെല്‍ ഉദ്യോഗസ്ഥരായ രജീഷ്, മനുകൃഷ്ണന്‍, സനുപ് എന്നിവരടങ്ങിയ സംഘം ഏതാനും ദിവസങ്ങളായി നാഷണല്‍ ഹൈവേയും മറ്റും കേന്ദ്രീകരിച്ച് നിരീക്ഷണം നടത്തി വരികയായിരുന്നു. ഇതിന്റെ ഫലമായാണ് വന്‍ മയക്കുമരുന്നു കടത്തു സംഘത്തിന്റെ വാഹനം കണ്ടെത്താനായത്. ഹൈവേയിലൂടെ അമിത വേഗത്തില്‍ പാഞ്ഞെത്തിയ കാര്‍ തടഞ്ഞു നിര്‍ത്തി പരിശോധിക്കാന്‍ കൊരട്ടി സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ ഷാജു എടത്താടന്‍, ചാലക്കുടി സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ സജി വര്‍ഗ്ഗീസ്, സീനിയര്‍ സിപിഒമാരായ ടെസി, സജീഷ് സിപിഒ ജിബിന്‍ വര്‍ഗ്ഗീസ്, ഹോം ഗാര്‍ഡ് മാരായ ജോയി, ജോസഫ് എന്നിവരടങ്ങിയ സംഘവുമുണ്ടായിരുന്നു ചാലക്കുടി തഹസീല്‍ദാര്‍ ഇ, എന്‍ രാജു സാന്നിധ്യത്തിലാണ് കാര്‍ തടഞ്ഞ് പരിശോധന നടത്തിയത്. ആറ് മാസത്തിനുള്ളില്‍ ചാലക്കുടി ഡിവൈഎസ്പി നേതൃത്വത്തില്‍ ആയിരം കിലോയിലധികം കഞ്ചാവ് കൊരട്ടി, കൊടകര, പുതുക്കാട് എന്നിവിടങ്ങളില്‍ നിന്നായി പിടികൂടിയിരുന്നു. കഴിഞ്ഞ ആഴ്ച കൊടകരയില്‍ നിന്ന് മുന്നൂറ് ഗ്രാം ഹാഷിഷ് ഓയില്‍ പോലീസ് പിടികൂടിയിരുന്നു. ലോക് ഡൗണ്‍ സാഹചര്യം മുതലെടുത്ത് ഉയര്‍ന്ന വിലക്ക് വിറ്റഴിക്കണമെന്ന ലക്ഷ്യത്തോടെയാണ് യുവാക്കള്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തുന്നതിന്നായി ഇറങ്ങുന്നത്. ലഹരി വസ്തുക്കള്‍ കടത്തുന്ന സംഘങ്ങള്‍ക്കെതിരെ കര്‍ശനമായ പരിശോധനയും നടപടികളും സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. പിടിയിലായവരെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കോടതിയില്‍ ഹാജരാക്കും.

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.