നിര്‍മ്മാണമേഖലയിലെ പെണ്‍കരുത്ത്

നിര്‍മ്മാണമേഖലയിലെ പെണ്‍കരുത്ത്

എറണാകുളം ജില്ലയിലെ നെട്ടൂര്‍ എന്ന ഗ്രാമത്തില്‍ ശ്രീ. കെ. എക്സ് ആന്റണിയുടെയും ശ്രീമതി ഉര്‍സ്സലാ ആന്റണിയുടെയും മകളായി ജനനം. വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം ബ്യൂട്ടീഷ്യനായി ജോലി നോക്കിയിരുന്നു. വിവാഹാനന്തരം ഭര്‍ത്താവ് തമ്പി മൈക്കിളിന് കാലടി സംസ്‌കൃത സര്‍വ്വകലാശാലയില്‍ ജോലി ലഭിച്ചതിനെ തുടര്‍ന്ന് അതേവരെ വീട്ടില്‍ ചെറിയ രീതിയില്‍ ചെയ്തിരുന്ന സംരംഭം ഏറ്റെടുക്കുകയും വിപുലമാക്കുകയും വിജയിപ്പിക്കുകയും ചെയ്തു. സ്വന്തം ഇച്ഛാശക്തിയാല്‍ സ്ത്രീകള്‍ അധികം കടന്നുവരാത്ത കെട്ടിട നിര്‍മ്മാണ മേഖലയില്‍ അലൂമിനിയം ഫാബ്രിക്കേഷന്‍ രംഗത്ത് നൂറിലധികം ഉല്‍പ്പന്നങ്ങള്‍ ‘സിപ് ഫിറ്റ്’ എന്ന ബ്രാന്റില്‍ പുറത്തിറക്കുന്ന ചേര്‍ത്തല പള്ളിപ്പുറം വ്യവസായ കേന്ദ്രത്തിലെ മരിയ പ്ലാസ്റ്റിക് ആന്‍ഡ് അലുമിനിയം ഇന്‍ഡസ്ട്രിസ് ഉടമയും പ്രസ്തുതമേഖലയില്‍ തനതായ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്ത ശ്രീമതി സുനിതാ തമ്പിയുമായി യൂണിക് ടൈംസ് സബ് എഡിറ്റര്‍ ഷീജാ നായര്‍ നടത്തിയ അഭിമുഖം

Sunitha Thampi Uniquetimes
Sunitha Thampi

സാധാരണയായി സ്ത്രീകള്‍ കടന്നുവരാന്‍ മടിക്കുന്ന നിര്‍മ്മാണമേഖലയിലേക്ക് എത്തപ്പെടാനുണ്ടായ സാഹചര്യം എന്തായിരുന്നു ?
രണ്ടായിരത്തിനാലിലായിരുന്നു എന്റെ വിവാഹം. ഭര്‍ത്താവ് തമ്പി മൈക്കിള്‍ അലൂമിനീയം ഫാബ്രിക്കേഷന്റെ മെറ്റീരിയല്‍ സെയില്‍സ് വിഭാഗത്തിലാണ് ജോലി ചെയ്തിരുന്നത്. അക്കാലത്ത് നിര്‍മ്മാണമേഖലയില്‍ അലൂമിനിയം പ്രൊഫൈല്‍ ജോയിന്റ് ചെയ്യുന്ന പിവിസി കോര്‍ണറുകള്‍ക്ക് വലിയ ഡിമാന്‍ഡ് ഉണ്ടായിരുന്നു. ഈ അവസരം ഒരു ബിസിനസ്സാക്കി മാറ്റുക എന്ന ചിന്തയില്‍ നിന്നാണ് അദ്ദേഹം ജോലിക്കൊപ്പം പള്ളുരുത്തിയിലെ വീട്ടില്‍ തന്നെ വലിയ മുടക്കുമുതല്‍ ഇല്ലാത്ത ഒരു പ്ലാസ്റ്റിക് മോള്‍ഡിങ് യൂണിറ്റ് ആരംഭിക്കുന്നത്. ആയിരം രൂപയാണ് ഞങ്ങളുടെ ബിസിനസ്സിന്റെ അന്നത്തെ മുടക്കുമുതല്‍. ആദ്യം പഴയൊരു ഹാന്‍ഡ്‌മോള്‍ഡിങ് മെഷിന്‍ വാങ്ങി അതിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്, പിന്നീട് പിവിസി കോര്‍ണറുകള്‍ക്ക് ആവശ്യക്കാരേറിയപ്പോള്‍ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഇലക്ട്രിക് സംവിധാനത്തിലേക്ക് മാറി. പടിപടിയായി ബിസിനസ്സില്‍ പുരോഗതിയുണ്ടാകുകയും അതിനോടൊപ്പം എസ്എസ്ഐ രജിസ്‌ട്രേഷന്‍ എടുക്കുകയും സെമിഓട്ടോമാറ്റിക് മെഷീന്‍ സൗകര്യം ഏര്‍പ്പെടുത്തുകയും ചെയ്തു. ഈ കാലയളവില്‍ എന്റെ ഭര്‍ത്താവിന് കാലടി സംസ്‌കൃത സര്‍വ്വകലാശാലയില്‍ ജോലി ലഭിക്കുകയും പയ്യന്നൂര്‍ പ്രാദേശിക കേന്ദ്രത്തിലേക്ക് നിയമിക്കപ്പെടുകയും ചെയ്തു.ഈ സാഹചര്യത്തില്‍ സംരംഭം തുടര്‍ന്ന് കൊണ്ട് പോകാന്‍ സാധിക്കാത്ത അവസ്ഥയുണ്ടായപ്പോള്‍ എന്തുകൊണ്ട് എനിക്ക് ഇത് ഒറ്റക്ക് ചെയ്തുകൂടാ എന്ന ചിന്ത ഉണ്ടായത്. മുന്‍പ് ജോലി ചെയ്തിരുന്നതിന്റെ ധൈര്യവും അനുഭവവും കരുത്തായി. പതിയെ ഓര്‍ഡറുകള്‍ വീണ്ടും എടുത്ത് തുടങ്ങി.ഉല്‍പ്പാദനം കൂടിയപ്പോള്‍ നാല് വനിതാജീവനക്കാരെ കൂടി ഒപ്പം ചേര്‍ത്തു. മാറുന്ന കാലഘട്ടത്തിന് അനുയോജ്യമായ അലൂമിനീയം ഉല്‍പ്പന്ന ങ്ങള്‍ നിര്‍മ്മിക്കുക എന്ന ആശയത്തില്‍ നിന്നാണ് അലുമിനീയം മൊസ്‌ക്വിറ്റോ വിന്‍ഡോകളുടെയും ഫിറ്റിങ്സുകളുടെയും നിര്‍മ്മാണം ആരംഭിച്ചത്. ചിക്കന്‍ ഗുനിയ പടര്‍ന്നുപിടിച്ച സമയമായിരുന്നുവത്. ആളുകള്‍ ഏതു വിധേനയും കൊതുകിനെ തുരത്താന്‍ വീടുകള്‍ക്കും ഫ്‌ളാറ്റുകള്‍ക്കും അലുമിനിയം ഫ്രൈമില്‍ ഫിറ്റ് ചെയ്ത ഫ്‌ലൈ മെഷ് വിന്‍ഡോകള്‍ ഘടിപ്പിക്കുന്നത് ഒരു ട്രെന്റ് ആയി മാറിയിരുന്നു അന്ന്. ആലുവയിലെ പോള്‍ മാത്യു സാറിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഞങ്ങളുടെ ജീവനക്കാരുടെ പിന്തുണയും ചേര്‍ന്നപ്പോള്‍ ചെറിയ മുതല്‍മുടക്കില്‍ ഒരാള്‍ക്ക് മോസ്‌ക്വിറ്റൊ വിന്‍ഡോ നിര്‍മ്മാണ യൂണിറ്റ് തുടങ്ങാന്‍ ആവശ്യമായ എല്ലാ ഉപകരണങ്ങളും നല്‍കാനാവുന്ന തരത്തിലേക്ക് ഞങ്ങളുടെ സംരംഭം വ ളര്‍ന്നു. പ്രത്യക്ഷവും പരോക്ഷവുമായ രണ്ടായിരത്തോളംപേര്‍ക്ക് തൊഴില്‍ നല്കാനും അതിലൂടെ സാധിച്ചു.
സൗന്ദര്യമേഖലയില്‍ നിന്നും നിര്‍മ്മാണമേഖലയിലേക്കുള്ള മാറ്റത്തിനുള്ള കാരണം ?
കൂടുതല്‍ തൊഴില്‍ സാധ്യതകള്‍ സൗന്ദര്യമേഖലയ്ക്കുണ്ടെന്ന് തിരിച്ചറിവിലാണ് ഞാന്‍ ബ്യൂട്ടീഷ്യന്‍ കോഴ്‌സ് തെരഞ്ഞെടുക്കുന്നത്. പഠനത്തിന് ശേഷം എറണാകുളത്തെ പ്രശസ്തമായ ഒരു സ്ഥാപനത്തില്‍ ആറ് വര്‍ഷത്തോളം ബ്യൂട്ടീഷ്യനായി ഞാന്‍ ജോലി നോക്കിയിരുന്നു. വിവാഹത്തിന് ശേഷം ‘മരിയ’ എന്ന പേരില്‍ തന്നെ ഒരു ബ്യൂട്ടീപാര്‍ലര്‍ വീട്ടില്‍ നടത്തിയിരുന്നു. ആദ്യത്തെ കുഞ്ഞ് ജനിച്ച സമയത്ത് അത് തുടരാന്‍ കഴിയാതെ വരികയും ഒരു ബ്രേക്ക് എടുക്കുകയുമായിരുന്നു, ആയിടയ്ക്കാണ് നിര്‍മ്മാണ സംരംഭം വീട്ടില്‍ ആരംഭിച്ചതും യാദൃശ്ചികമായി അത് ഏറ്റെടുക്കേണ്ടി വന്നതും.
ഏതു ഘട്ടത്തിലാണ് വീട്ടില്‍ ചെയ്തിരുന്ന സംരംഭം വിപുലമായി ഒരു ഫാക്ടറി എന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചേര്‍ന്നത് ?
പള്ളുരുത്തിയിലെ വീട്ടിലേക്കുള്ള റോഡില്‍ ആദ്യ കാലത്ത് വാഹനം കയറാനുള്ള സൗകര്യം ഉണ്ടായിരുന്നില്ല, അതിനാല്‍ ഡെലിവറി വാഹനത്തില്‍ സാധനങ്ങള്‍ ഞങ്ങള്‍ ചുമന്നാണ് എത്തിച്ചിരുന്നത്.

Sunitha Thampi Uniquetimes
Sunitha Thampi

അങ്ങനെയാണ് ഞങ്ങള്‍ ആദ്യം അരൂരില്‍ ഒരു വാടക കെട്ടിടത്തിലേക്ക് മാറുന്നതും നെട്ടൂരില്‍ ‘ട്രിയോ അലുമിനിയം ട്രെഡേഴ്‌സ് ‘എന്ന ഷോപ്പ് തുറക്കുന്നതും. പിന്നീട് 2014 ലിലാണ് ചേര്‍ത്തല പള്ളിപ്പുറത്ത് കെ.എസ്.ഐ.ഡി.സി ഇന്‍ഡസ്ട്രിയല്‍ ഗ്രോത്ത് സെന്ററില്‍ സംരഭം തുടങ്ങുന്നതിനായി സ്ഥലത്തിന് അപേക്ഷിക്കുന്നതും അവിടെ വിപുലമായി ഫാക്ടറി സ്ഥാപിക്കുന്നതും.
കുറേകൂടി മെച്ചപ്പെട്ട ഇന്‍ഫ്രാസ്ട്രക്ച്ചറും അന്തരീക്ഷവും പ്രതീക്ഷിച്ച ഗുണം ചെയ്തോ?
തീര്‍ച്ചയായും,മുന്‍പ് പലപ്പോഴായി മനസ്സില്‍ പ്ലാന്‍ ചെയ്തിരുന്ന പല കാര്യങ്ങള്‍ക്കുമുള്ള ഇടം പുതിയ ചുറ്റുപാടില്‍ ലഭിച്ചു, അലുമിനിയം ഫാബ്രിക്കേഷന്‍ ആവശ്യമായ എല്ലാ ഫിറ്റിങ്സും ഞങ്ങള്‍ നിര്‍മ്മിക്കുന്നുണ്ട്.പ്ലാസ്റ്റിക് മൊള്‍ഡിങ്ങും അലുമിനിയം ഫിറ്റിങ്സ് സെക്ഷനും കൂടാതെ, ജനാലകള്‍ക്കായുള്ള ഇരുമ്പ് കമ്പികളും പട്ടകളും റെഡി മെയ്ഡ് ആയി ഹോള്‍ പഞ്ച് ചെയ്ത് മെഷീനില്‍ നിവര്‍ത്തി ഡെലിവറി ചെയ്യുന്നുണ്ട് ഇവിടെ, കൂടാതെ ഇതോടൊപ്പം പൗഡര്‍ കോട്ടിങ്, വുഡ് കോട്ടിങ് എന്നിവയും പ്രവര്‍ത്തിക്കുന്നുണ്ട്. സ്ഥിരം തൊഴിലാളികളും കോണ്‍ട്രാക്ട് സ്റ്റാഫും ചേര്‍ന്ന് അറുപതോളം പേര്‍ ഈ ഫാക്ടറിയില്‍ മാത്രം ജോലി ചെയ്യുന്നു. നിര്‍മ്മാണ മേഖലയ്ക്ക് അലുമിനിയത്താല്‍ നിര്‍മ്മിതമായ കൂടുതല്‍ ഉത്പന്നങ്ങള്‍ ഇവിടുന്ന് മാര്‍ക്കറ്റില്‍ എത്തിക്കാനാണു ആഗ്രഹം.ഈ മേഖലയിലേക്ക് കടന്നുവന്നപ്പോള്‍ നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളും വെല്ലുവിളികളും എന്തൊക്കെയാണ് ?
മുന്‍വിധികളോ ധാരണകളോ ഇല്ലാതെയാണ് ഞങ്ങള്‍ ഈ മേഖലയിലേക്ക് പ്രവേശിക്കുന്നത്. അലുമിനീയം ഉപഭോഗത്തില്‍ ഇന്ത്യയില്‍ മുന്‍പന്തിയിലുള്ള സംസ്ഥാനമാണ് കേരളം . അലൂമിനിയം എക്സ്ട്രൂഡഡ് പ്രൊഫൈലുകള്‍ നിര്‍മ്മിക്കുന്ന എട്ടോളം കമ്പനികള്‍ കേരളത്തില്‍ തന്നെയുണ്ട്. ഈ സാദ്ധ്യത കള്‍ മുന്‍നിര്‍ത്തിക്കൊണ്ട് ഈ മേഖലയില്‍ ഉദയം ചെയ്യുന്ന പുത്തന്‍ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ ഞങ്ങള്‍ വളരെയധികം ശ്രദ്ധിക്കുന്നുണ്ട്. അങ്ങനെയാണ് കാലത്തിന്റെ മാറ്റങ്ങള്‍ക്കനുസരിച്ച് ആവശ്യമുള്ള ഓരോ ഉല്‍പ്പന്നങ്ങളും നിര്‍മ്മിക്കുന്നത്. ചൈനയില്‍ നിന്നും ധാരാളമായി ഇത്തരം ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നുണ്ട്. അവയെക്കാള്‍ ഗുണമേന്മയുള്ളവ നമുക്കിവിടെ നിര്‍മ്മിക്കാനാകും. ഞങ്ങളുടെ കുടുബ സുഹൃത്തും കൊച്ചിയിലെ എം.ജി.എസ് എഞ്ചിനീയറിംഗ് വര്‍ക്സ് എന്ന സ്ഥാപനത്തിന്റെ ഉടമയുമായ സെബാസ്റ്റ്യന്‍ ചേട്ടനെ പോലുള്ളവരുടെ സാങ്കേതിക വൈദഗ്ദ്യം കൊണ്ട് അതി സങ്കീര്‍ണമായ പല മെഷീനുകള്‍ പോലും ഞങ്ങളിവിടെ സ്വയം നിര്‍മ്മിച്ചുപയോഗിക്കുന്നുണ്ട്. ഞങ്ങളുടെ സ്ഥാപനത്തിലെ തൊഴിലാളികളില്‍ കൂടുതലും സ്ത്രീകളാണ്, പക്ഷേ ഈ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍, രാഷ്ട്രീയ യൂണിയനുകളുടെ ഡിമാന്‍ഡ് നോട്ടീസുകള്‍ ഏറ്റവും കൂടുതല്‍ ലഭിക്കുന്നതും ഞങ്ങള്‍ക്കാണ്, എന്നാല്‍ തൊഴിലാളികള്‍ ഞങ്ങളുമായി വളരെ രമ്യതയിലാണെന്നതാണ് വസ്തുത. അതുപോലെതന്നെ മറ്റൊരു ബുദ്ധിമുട്ടാണ് ബാങ്ക് വായ്പകള്‍ക്കായുള്ള നൂലാമാലകള്‍. സ്ത്രീശാക്തീകരണം എന്നതൊക്കെ പ്രസംഗങ്ങളില്‍ മാത്രമേയുള്ളു. ഒരു വായ്പ ആവശ്യമെങ്കില്‍ തതുല്യമായ ഈട് നല്‍കിയാല്‍ മാത്രമേ എവിടെയും വായ്പ ലഭിക്കൂ.

Sunitha Thampi Uniquetimes
Sunitha Thampi

കോവിഡ് പ്രതിസന്ധി നിങ്ങളുടെ ബിസിനസ്സിനെ എത്രത്തോളം ബാധിച്ചു ?
എല്ലായിടത്തുമെന്ന പോലെ തന്നെ അലുമിനിയം മേഖലയ്ക്കും കോവിഡ് വലിയ ആഘാതമാണ് ഉണ്ടാക്കിയത്. എന്നാല്‍ ആദ്യ ലോക്ക്ഡൗണ്‍ സമയത്താണ് മറ്റൊരു വിഷയം ഞങ്ങളുടെ ശ്രദ്ധയില്‍പ്പെടുന്നത്, കോവിഡ് ആന്റിജന്‍ ടെസ്റ്റിനായി PPE കിറ്റ് ധരിക്കാതെ സ്രവസാമ്പിള്‍ കളക്ട് ചെയ്യാനുള്ള കിയോസ്‌ക്കുകള്‍ വന്‍ തുകയ്ക്കാണ് ആശുപത്രികള്‍ വാങ്ങുന്നത്. അതും തീരെ നിലവാരമില്ലാത്തതും.അങ്ങനെ ഞങ്ങളുടെ തന്നെ കസ്റ്റമൈസ്ഡ് പ്രൊഫൈലില്‍ പതിനഞ്ചു മിനിറ്റുകള്‍ കൊണ്ട് ഫിറ്റ് ചെയ്യാവുന്നത്ര ലളിതമായി കിയോസ്‌കുകള്‍ നിര്‍മ്മിച്ചു തുടങ്ങി,അണുനശീകരണ സംവിധാനവും,ഫാനും,സിഗ്നല്‍ ലൈറ്റുകളും, അലാറവും എല്ലാം ഫൂട്ട് ഓപ്പറേറ്റിങ്ങില്‍ ചെയ്യാവുന്നത്ര സാങ്കേതിക തികവോടെ നിലവില്‍ ഉണ്ടായിരുന്നതിന്റെ പകുതി വിലയില്‍. ഒത്തിരി സംഘടനകളും സുമനസുകളായ വ്യക്തികളും ഞങ്ങളെ ബന്ധപ്പെട്ടു തിരുവന്തപുരത്തും ആലപ്പുഴയിലും എറണാകുളത്തുമെല്ലാം സര്‍ക്കാര്‍ ആശുപത്രികളിലേക്ക് കിയോസ്‌കുകള്‍ വാങ്ങി നല്‍കി.മെറ്റീരിയല്‍ വില മാത്രം ഈടാക്കിയായിരുന്നു അവ നിര്‍മ്മിച്ചു നല്‍കിയത്. എന്നാല്‍ പിന്നീട് കേരളത്തിലും തമിഴ്നാട്ടിലും നിന്നടക്കം ലാബുകളുടെയും ആശുപത്രികളുടെയും നിരവധി ഓര്‍ഡറുകള്‍ ഞങ്ങളുടെ കിയോസ്‌കിന് ലഭിച്ചു. അമിത ലാഭേച്ഛയില്ലാതെ പ്രൊഫഷണല്‍ ആയി പ്രവര്‍ത്തിച്ചാല്‍ ഏതു പ്രതിസന്ധി ഘട്ടത്തിലും നമുക്കായി അവസരങ്ങള്‍ ഉണ്ടെന്ന തിരിച്ചറിവാണ് അന്ന് ലഭിച്ചത്.
ഒരു സ്ത്രീ സംരംഭക എന്നുള്ള നിലയില്‍ താങ്കള്‍ നേരിടേണ്ടിവന്ന ഗുണ – ദോഷ ഫലങ്ങള്‍ എന്തൊക്കെയാണ് ?
ഒരു സ്ത്രീ സംരംഭക എന്നുള്ള നിലയ്ക്ക് എനിക്ക് ഗുണഫലങ്ങളാണ് കൂടുതല്‍ ലഭിച്ചതെന്നുവേണമെങ്കില്‍ പറയാം . KSIDC യില്‍ പ്രൊപ്പോസല്‍ സമര്‍പ്പിക്കുമ്പോള്‍, ഒരു വനിതാ സംരംഭകയായതുകൊണ്ട് കൂടിയാവാം ഇന്‍ഡസ്ട്രിയല്‍ എരിയയില്‍ സംരംഭം നടത്താന്‍ സ്ഥലം അനുവദിച്ചത്. ഈ ഇന്റസ്ട്രിയല്‍ ഏരിയയിലെ ഏക പ്രൊപ്രൈറ്റര്‍ഷിപ്പ് സംരംഭവും എന്റെതാണ്. സര്‍ക്കാര്‍ പ്ലാസ്റ്റിക് നിരോധനവുമായി ബന്ധപ്പെട്ട് ഉള്ള മീറ്റിംഗുകള്‍ക്ക് ഒക്കെ ഈ മേഖലയില്‍ നിന്നുള്ള ആള്‍ എന്ന നിലയില്‍ കൂടി ആയിരിക്കാം ഞങ്ങളെയും ക്ഷണിച്ചിരുന്നു. അത്തരത്തിലുള്ള പരിഗണനകള്‍ക്ക് സന്തോഷവും അഭിമാനവുമുണ്ട്.
പുതിയ പദ്ധതികള്‍ എന്തൊക്കെയാണ് ?
നേരത്തെ സൂചിപ്പിച്ചല്ലോ, അലുമിനിയം കൊണ്ടുള്ള കൂടുതല്‍ ഉത്പ്പന്നങ്ങള്‍ ജനകീയമാക്കുക എന്നത് ഒരു ആഗ്രഹമാണ്. സ്റ്റീല്‍ കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന ലോഹമാണ് അലുമിനിയം, കസ്റ്റമര്‍ മുടക്കുന്ന തുകയ്ക്ക് ഈട് നില്‍ക്കുന്നവ, എന്നാല്‍ മലയാളികള്‍ക്ക് ഇന്നും അലുമിനിയം എന്ന് കേള്‍ക്കുമ്പോള്‍ നെറ്റി ചുളിയും,അയ്യോ അതിനു അത്രയും ശക്തി ഉണ്ടോ എന്നൊക്കെയാണ് ചോദിക്കുക,അവരുടെ മനസ്സില്‍ അലുമിനിയം എന്നാല്‍ ഇപ്പോഴും പഴയ പുട്ടുകുടവും ഇഡ്ഢലി പാത്രവുമൊക്കെയാണ്. ഒരു വീടുപണി നടക്കുന്ന വേളയില്‍ ഗൃഹനാഥനും ഗൃഹനാഥയ്ക്കും ചേര്‍ന്ന് സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും സാധനങ്ങള്‍ വാങ്ങും പോലെ ആ വീട്ടിലേക്ക് ആവശ്യമായി വരുന്ന മുഴു വന്‍ ജനലുകളും ഫുള്‍ ഫിനിഷ് പാക്കറ്റ് ആയി വാങ്ങി സ്വയം അസംബിള്‍ ചെയ്യാവുന്നത്ര ലളിതമായി ഉപയോഗിക്കാന്‍ കഴിയുന്നതും അജീവനാന്തം ഈടിലും കരുത്തിലും നില്‍ക്കുന്ന ജനലുകള്‍ ‘സിപ് ഫിറ്റ്’ എന്ന ബ്രാന്‍ഡ് നെയിമില്‍ തന്നെ വിപണിയില്‍ എത്തിക്കാനുള്ള പദ്ധതിയാണ് അടുത്ത ലക്ഷ്യം.
താങ്കളുടെ കുടുംബത്തെക്കുറിച്ച് ?
കുടുംബത്തിന്റെ പൂര്‍ണ്ണ പിന്തുണ തന്നെയാണ് എനിക്ക് എല്ലാ സമയത്തും കരുത്താവുന്നത്, ഭര്‍ത്താവ് തമ്പി മൈക്കിള്‍, കാലടി സംസ്‌കൃത സര്‍വ്വകലാശാല യില്‍ ഉദ്യോഗസ്ഥനാണ്. അദ്ദേഹത്തിന്റെ ഈ രംഗത്തെ മുന്‍പരിചയം പലപ്പോളും പ്രശ്നങ്ങള്‍ ആന്റിസിപ്പേറ്റ് ചെയ്തു കൃത്യതയോടെ മുന്നോട്ട് പോകാന്‍ സഹായകമാകാറുണ്ട്. രണ്ട് മക്കള്‍ മകന്‍ അഭിനവ് തമ്പി മകള്‍ അമേയ തമ്പി രണ്ടാളും സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഭര്‍തൃ മാതാവ് മേരി മൈക്കിള്‍, കൊച്ചി പള്ളുരുത്തിയിലാണ് താമസം.

Sunitha Thampi Uniquetimes
Sunitha Thampi
Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.