ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കി സുപ്രീംകോടതി
ലഖിംപൂര് കേസില് മുഖ്യപ്രതി ആശിഷ് മിശ്രയുടെ ജാമ്യം സുപ്രീംകോടതി റദ്ദാക്കി. ഒരാഴ്ച്ചയ്ക്കുള്ളില് കീഴടങ്ങണമെന്നും സുപ്രീംകോടതി നിര്ദ്ദേശം നല്കി. ചീഫ് ജസ്റ്റിസ് എന് വി രമണ അധ്യക്ഷനായ ബഞ്ചിന്റെയാണ് ഉത്തരവ്. കഴിഞ്ഞ ഫെബ്രുവരിയില് അലഹബാദ് ഹൈക്കോടതിയാണ് ആശിഷ് മിശ്രയ്ക്ക് ജാമ്യം അനുവദിച്ചത്. ഇരകളെ കേള്ക്കാതെയുള്ള നടപടിയാണ് അലഹബാദ് ഹൈക്കോടതി നടത്തിയതെന്ന് സുപ്രീംകോടതി വിലയിരുത്തി. പൊലീസ് ഹാജരാക്കിയ എഫ്ഐആറിനെ പരമമായ സത്യമായി കണ്ട് മാത്രമാണ് ഹൈക്കോടതി നടപടിയെന്നും സുപ്രീംകോടതി പറഞ്ഞു. കേസില് എല്ലാ വശങ്ങളും പരിശോധിച്ച് ആശിഷ് മിശ്രയുടെ ജാമ്യപക്ഷേയില് പുതിയതായി വാദം കേട്ട് തീരുമാനമെടുക്കാനും അലഹബാദ് ഹൈക്കോടതിക്ക് സുപ്രീം കോടതി നിര്ദ്ദേശം നല്കി. നേരത്തെ കേസില് യുപി സര്ക്കാരിനെതിരെ സുപ്രീംകോടതി കടുത്ത വിമര്ശനം ഉന്നയിച്ചിരുന്നു. ആശിഷ് മിശ്രയ്ക്ക് ജാമ്യം അനുവദിച്ച അലഹബാദ് ഹൈക്കോടതി നടപടിക്കെതിരെ ഉത്തര്പ്രദേശ് സര്ക്കാര് അപ്പീല് സമര്പ്പിച്ചിരുന്നില്ല. ജാമ്യത്തിനെതിരെ അപ്പീല് നല്കണമെന്ന് പ്രത്യേക അന്വേഷണ സംഘം രണ്ടുതവണ യുപി സര്ക്കാരിന് കത്തെഴുതിയിരുന്നു. അപ്പീല് നല്കാത്തതിനാണ് ഉത്തര്പ്രദേശ് സര്ക്കാരിന് ചീഫ് ജസ്റ്റിസിന്റെ ബെഞ്ചില് നിന്ന് വിമര്ശനം കേട്ടത്. ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട കര്ഷകരുടെയും മാധ്യമപ്രവര്ത്തകന്റെയും കുടുംബങ്ങളാണ് സുപ്രീംകോടതിയെ സമീപിച്ചത്.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona

