രാജസ്ഥാനില് അജ്ഞാത രോഗം ബാധിച്ചു ഏഴ് കുട്ടികൾ മരിച്ചു
രാജസ്ഥാനിൽ അജ്ഞാത രോഗം ബാധിച്ച് ഏഴു കുട്ടികള് മരിച്ചു. 2 വയസ്സിനും 14 വയസ്സിനും ഇടയില് പ്രായമുള്ള കുട്ടികളാണ് മരിച്ചത്. രാജസ്ഥാനിലെ സിരോഹി ജില്ലയിലാണ് സംഭവം. പനി മുതല് ചുഴലിയുടേതു പോലുള്ള ലക്ഷണങ്ങളും ഇവര് കാണിക്കുന്നുണ്ട്. ലക്ഷണങ്ങള് കാണിച്ച് അതേ ദിവസം തന്നെ മരിക്കുകയാണ് എല്ലാവരും. ഏപ്രില് 9 മുതല് 13 വരെയുള്ള ദിവസങ്ങള്ക്കിടയിലാണ് എല്ലാവരും മരിച്ചത്. സിരോഹിയിലെ ഫുലാബായ് ഖേഡ, ഫുലാബെര് ഗ്രാമങ്ങളില് നിന്നുള്ളവരാണിവര്. അതേസമയം, കുട്ടികളുടെ മരണകാരണം എന്താണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് ജോയിന്റ് ഡയറക്ടര് ജഗേശ്വര് പ്രസാദ് പറഞ്ഞു. വൈറല് രോഗം മൂലമാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. എന്നാല് ഔദ്യോഗിക റിപ്പോര്ട്ട് വരുന്നതുവരെ ഇതു സ്ഥിരീകരിക്കാനാകില്ല. മരിച്ച 7 കുട്ടികളില് മൂന്നുപേര് പ്രാദേശികമായി ഉണ്ടാക്കിയ ഐസ് കഴിച്ചവരാണെങ്കിലും ഭക്ഷ്യ വിഷബാധയെന്നത് ജഗേശ്വര് പ്രസാദ് തള്ളിക്കളഞ്ഞു. മകന് പുലര്ച്ചെ 5 മണിയായപ്പോള് എഴുന്നേറ്റ് വെള്ളം ചോദിച്ചു. പിന്നാലെ ചുഴലിയുടെ ലക്ഷണങ്ങള് കാണിച്ചു. ഛര്ദ്ദിക്കുകയും ചെയ്തു. രാവിലെ എട്ടു മണിയോടെ മരിക്കുകയായിരുന്നു എന്നാണ് മരിച്ച അഞ്ചുവയസ്സുകാരന്റെ അമ്മ പറഞ്ഞത്. ജയ്പുരില് നിന്നും ജോധ്പുരില് നിന്നുമുള്ള ഡോക്ടര്മാരുടെ സംഘം സ്ഥലം സന്ദര്ശിക്കും. ഇവിടുത്തെ സ്ഥിതിഗതികള് നിരീക്ഷിക്കുകയാണ്. ഇതുവരെ 300 വീടുകള് സര്വേ ചെയ്തു. 58 സാംപിളുകള് ശേഖരിച്ച് ജയ്പുരിലെ ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇതിനിടെ മുന്കരുതലെന്ന നിലയില് മൂന്നു കുട്ടികളെക്കൂടി ആശുപത്രിയില് പ്രവേശിപ്പിച്ചിട്ടുണ്ട്. ഒരാള്ക്ക് ന്യുമോണിയയും മറ്റുള്ളവര്ക്ക് ജലദോഷവും ഉണ്ടെന്ന് പ്രസാദ് വ്യക്തമാക്കി.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക്
ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും
കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ്
അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ
തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona

