സുഹൃത്തിന്റെ വീട്ടില് നിന്ന് സ്വര്ണം മോഷ്ടിച്ച പോലീസുകാരന് അറസ്റ്റില്
സുഹൃത്തിന്റെ വീട്ടില്നിന്ന് സ്വര്ണം മോഷ്ടിച്ച കേസില് അരൂര് സ്വദേശിയും എറണാകുളം എആര് ക്യാംപിലെ പൊലീസുകാരനുമായ അമല്ദേവിനെ ഞാറയ്ക്കല് പോലീസ് അറസ്റ്റു ചെയ്തു. സുഹൃത്തിന്റെ വീട്ടില് വിരുന്നിന് എത്തിയപ്പോഴാണ് അമല്ദേവ് സ്വര്ണം മോഷ്ടിച്ചത്. കഴിഞ്ഞ 13നാണ് മോഷണം നടന്നത്. സ്ഥിരമായി സുഹൃത്തിന്റെ വീട്ടില് വരുമായിരുന്ന ഇദ്ദേഹം അലമാരയില് സൂക്ഷിച്ചിരുന്ന സ്വര്ണം മോഷ്ടിക്കുകയായിരുന്നു. സുഹൃത്തിന്റെ മകന്റെ ഭാര്യയുടെ സ്വര്ണമാണ് മോഷ്ടിച്ചത്. മരുമകള് വീട്ടില് ഇല്ലാതിരുന്നതിനാല് മോഷണവിവരം അറിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം മരുമകള് എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. തുടര്ന്ന് പരാതി നല്കുകയായിരുന്നു. ഈ ദിവസങ്ങളില് വീട്ടില് വന്നവരെക്കുറിച്ചു നടത്തിയ അന്വേഷണത്തിലാണ് സംശയം പോലീസുകാരനിലേക്കു നീണ്ടത്. ഇയാള്ക്ക് റമ്മി കളിച്ചു കാര്യമായ സാമ്പത്തിക ബാധ്യത ഉണ്ടായിട്ടുണ്ടെന്നു സുഹൃത്തുക്കള് പറയുന്നു. ഇതിനായി മറ്റൊരാളോടു പണം കടം ചോദിച്ചിരുന്നെങ്കിലും ലഭിച്ചില്ല. ഇതോടെയാണ് മോഷണമെന്നാണു നിഗമനം. അമല്ദേവിനെ ഇന്നു വീട്ടിലെത്തിച്ചു തെളിവെടുപ്പു നടത്തും. തുടര്ന്നു കോടതിയില് ഹാജരാക്കുമെന്നു ഞാറയ്ക്കല് പൊലീസ് പറഞ്ഞു. ഇതിനിടെ കേസ് ഒത്തുതീര്പ്പാക്കാന് കൊണ്ടുപിടിച്ചുള്ള ശ്രമം നടക്കുന്നുണ്ട്.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ നാലാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona

